പരീക്ഷയിലെ റാങ്ക് നേട്ടം വിദ്യാര്‍ഥിനിയുടെ കുടുംബത്തിന്റെ സ്വത്ത് വകകള്‍ പിടിച്ചെടുത്തു
പട്‌ന: സംസ്ഥാന സ്‌കൂള്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിദ്യാര്‍ഥിനി റൂബി റായിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നടത്തിയ അന്വേഷണം വഴിത്തിരിവില്‍. എഴുതിയ പരീക്ഷകളെക്കുറിച്ചും താന്‍ പഠിച്ച വിഷയങ്ങളെക്കുറിച്ചും സാമാന്യ അറിവുപോലും കുട്ടിക്കില്ലെന്ന് തിരിച്ചറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥിനിയുടെ റാങ്ക് നേട്ടത്തിനുള്ള കാരണത്തെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷണം നടത്തിയത്. 2016ല്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്നലെ കുട്ടിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള 29 ഇടങ്ങളിലായുള്ള ഭൂമി, 10 ബാങ്ക് അക്കൗണ്ടുകള്‍ അടക്കമുള്ളവ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പിടിച്ചെടുത്തു.
4.5 കോടിയുടെ സ്വത്ത് വകകളാണ് പിടിച്ചെടുത്തതെന്ന് ഡയരക്ടറേറ്റ് അറിയിച്ചു.
കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് വൈശാലി ജില്ലയിലെ വിദ്യാര്‍ഥിനി പഠിച്ച വിഷുന്‍ റോയ് കോളജ് സെക്രട്ടറി, വിദ്യാര്‍ഥിനിയുടെ പിതാവ് ബച്ചാ റായി എന്ന അമിത് കുമാര്‍, ഇദ്ദേഹത്തിന്റെ ഭാര്യ സംഗീത റായ് തുടങ്ങിയവര്‍ക്കെതിരായാണ് കേസ്. ബച്ചാ റായിയുടെ പേരിലുള്ള 16ഉം ഭാര്യയുടെ പേരിലുള്ള 13 ഉം സ്വത്തുവകകളാണ് പിടിച്ചെടുത്തത്. മകള്‍ റൂബി റായിയുടെ പേരിലുള്ള ബാങ്ക് നിക്ഷേപം, പട്‌നയിലെ ഫ്‌ളാറ്റ്, ഹാജിപൂരിലെ കൊട്ടാര സദൃശമായ വീട് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ റൂബിയോട് പൊളിറ്റിക്കല്‍ സയന്‍സ് എന്താണെന്ന് ചോദിച്ചപ്പോള്‍ അത് പ്രോഡിഗല്‍ സയന്‍സാണെന്നും ഭക്ഷണം പാകം ചെയ്യുന്നതിനെക്കുറിച്ചാണ് അത് പഠിപ്പിക്കുന്നതെന്നും പറഞ്ഞതോടെയാണ് പൊലിസ് അന്വേഷണം തുടങ്ങിയത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥിനി റാങ്ക് നേടിയതിനു പിന്നില്‍ കള്ളപ്പണ ഇടപാടുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷണം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."