കുട്ടികളെ 'പാഠംപഠിപ്പിച്ച് ' അമ്മക്കിളിക്കൊപ്പം അവരും പറന്നു
ചെറുവത്തൂര്‍: മധ്യവേനലവധിക്കായി സ്‌കൂളടച്ചു. കുട്ടിക്കൂട്ടം പിരിഞ്ഞു. വെള്ളാട്ട് ഗവ. എല്‍.പി സ്‌കൂള്‍ വരാന്തയില്‍ കൂടുകൂട്ടിയിരുന്ന ഇരട്ടത്തലച്ചി ബുള്‍ ബുളും കുഞ്ഞുങ്ങളും പറന്നു പോയി. കുട്ടികള്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ പിന്നെന്തിനു നില്‍ക്കണം എന്ന ഭാവത്തിലായിരുന്നു ആ പറക്കല്‍. കുട്ടികളുടെ ആരവങ്ങള്‍ക്കിടയിലും പേടി കൂടാതെ സ്‌കൂള്‍ വരാന്തയില്‍ ഈ പക്ഷി കൂടൊരുക്കുന്നത് ഏതാനും മാസം മുന്‍പാണ്. കൂടുകൂട്ടിയ ബുള്‍ബുള്‍ മുട്ടയിട്ട് അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിച്ചു. രണ്ടു കുട്ടികളുള്ള ബുള്‍ബുള്‍ കുടുംബത്തിന്റെ ജീവിതം കുട്ടികളില്‍ വലിയ കൗതുകം നിറച്ചു. സ്‌കൂള്‍ വരാന്തയോടു ചേര്‍ന്ന വള്ളിച്ചെടിക്കുള്ളിലാണ് ബുള്‍ബുള്‍ ഇനത്തില്‍പെട്ട ഇരട്ടത്തലച്ചി കൂട് കൂട്ടിയിരുന്നത്.
അപ്രതീക്ഷിതമായി എത്തിയ അതിഥിയുടെ ജീവിതം അധ്യാപകരും കുട്ടികളും പഠനത്തിന്റെ ഭാഗമാക്കി. ഈ പക്ഷിയുടെ ജീവിതം നിരീക്ഷിച്ചു കുട്ടികള്‍ അതെല്ലാം കുറിച്ചുവച്ചിട്ടുണ്ട്.
മുട്ടവിരിഞ്ഞു കുഞ്ഞുങ്ങള്‍ക്കു പതിനാലു ദിവസം പ്രായമായതോടെ തള്ളപ്പക്ഷി കൂട്ടിലേക്കു തീറ്റയുമായി പോകുന്നതു നിര്‍ത്തി. പിന്നീട് തീറ്റയുമായി വന്നു കൂടിനടുത്തുള്ള മരച്ചില്ലയില്‍ ഇരുന്നുശബ്ദമുണ്ടാക്കി കുഞ്ഞുങ്ങളെ വിളിക്കുകയാണു ചെയ്തത്.
ഈ വിളികേട്ടു കുഞ്ഞുങ്ങള്‍ ഇറങ്ങി വന്നില്ലെങ്കില്‍ അമ്മപ്പക്ഷി കൂടിനടുത്തേക്കു ചെന്നു ശബ്ദമുണ്ടാക്കുന്നു. അപ്പോള്‍ കുഞ്ഞുങ്ങള്‍ ഇറങ്ങിവന്നാലും തീറ്റ കൊടുക്കാതെ, കുറച്ചു കൂടെ അകലെയുള്ള മരച്ചില്ലയിലേക്കു പറന്നു പോകും.
കുഞ്ഞുങ്ങള്‍ അവിടെയെത്താന്‍ ശ്രമിക്കുന്നു. രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ അടുത്ത ചില്ലയിലേക്കു മാറിയിരുന്നു കഴിഞ്ഞാല്‍ പിന്നീട് തെങ്ങുപോലെ കൂടുതല്‍ ഉയരമുള്ള മരങ്ങളില്‍ മാറിയിരിക്കാന്‍ തുടങ്ങും. ഇങ്ങനെ അഞ്ചോ ആറോ പ്രാവശ്യം മാറിയിരുന്നതിനു ശേഷം മാത്രമേ കുഞ്ഞുങ്ങള്‍ക്കു തീറ്റ കൊടുക്കു. ഇതു കുഞ്ഞുങ്ങള്‍ക്കുള്ള പറക്കല്‍ പരിശീലനം കൂടിയാണെന്ന് ഇവിടുത്തെ കുട്ടികള്‍ കണ്ടു മനസിലാക്കി. ബുള്‍ബുളിന്റെ കൂടും മുട്ടയും ശ്രദ്ധയില്‍ പെട്ടത് മുതല്‍ അധ്യാപകരും കുട്ടികളും ഏറെ കരുതലോടെയാണ് പക്ഷിക്കു സംരക്ഷണം ഒരുക്കിയത്. കഴിഞ്ഞ ദിവസമാണ് പക്ഷികള്‍ പറന്നു പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."