പ്രിന്‍സിപ്പലിന് 'ആദരാഞ്ജലി ': കാഞ്ഞങ്ങാട് പ്രതിഷേധ പ്രളയം
സ്വന്തം ലേഖകന്‍
പടന്നക്കാട്: കാഞ്ഞങ്ങാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പലിന് ആദരാഞ്ജലി ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട്ട് പ്രതിഷേധ പ്രളയം. വിവിധ സംഘടനകള്‍ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് കോളജിലേക്ക് മാര്‍ച്ച് നടത്തി. കോളജ് കാംപസിലേക്ക് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, യുവമോര്‍ച്ച, എ.ബി.വി.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കോളജ് ഗേറ്റിനു മുന്നില്‍ പൊലിസ് ബാരിക്കേഡ് തീര്‍ത്ത് പ്രതിഷേധ പ്രകടനങ്ങള്‍ തടഞ്ഞു. എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പൊലിസ് തടഞ്ഞതോടെ പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
കോളജ് ഗേറ്റില്‍ കുത്തിയിരുന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയപ്പോള്‍ ഗേറ്റിനകത്തുനിന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എതിര്‍ മുദ്രാവാക്യം വിളിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. എ.ബി.വി.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി സുജിത് ശശി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീഹരി അധ്യക്ഷനായി. കെ വൈശാഖ്, സനൂപ് പറക്ലായി, അഞ്ജു രാജപുരം, ലക്ഷ്മി നെല്ലിത്തറ, ഗുരുപ്രസാദ്, പ്രണവ് പറക്ലായി സംസാരിച്ചു.
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്
കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും
പടന്നക്കാട്: കാഞ്ഞങ്ങാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.വി പുഷ്പജയെ അധിക്ഷേപിച്ച എസ്.എഫ്.ഐ നിലപാടില്‍ പ്രതിഷേധിച്ചും പുഷ്പജക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ നെഹ്‌റു കോളജിലേക്ക് മാര്‍ച്ചും പ്രതിഷേധ സദസും നടത്തി.
33 വര്‍ഷം അറിവ് പകര്‍ന്ന അധ്യാപികക്ക് ആദരാഞ്ജലി അര്‍പ്പിക്കുക വഴി എസ്.എഫ്.ഐയുടെ അപചയമാണ് സൂചിപ്പിക്കുന്നതെന്ന് പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ അഭിപ്രായപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍ അധ്യക്ഷനായി.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് നോയല്‍ ടോമിന്‍ ജോസഫ്, ശ്രീജിത്ത് മാടക്കല്‍, ഉണ്ണികൃഷ്ണന്‍ പൊയ്‌നാച്ചി, മനാഫ് നുള്ളിപ്പാടി, രാജേഷ് പളളിക്കര, സന്തു ടോം ജോസഫ്, പത്മരാജന്‍ ഐങ്ങോത്ത്, ഉസ്മാന്‍ അണങ്കൂര്‍, അനില്‍ വാഴുന്നോറടി, സി.വി രമേശന്‍, ഹര്‍ഷിക് എസ്. ഭട്ട്, ഒ.വി രാജേഷ്, സഫ്‌വാന്‍ കുന്നില്‍, കെ.വി ശ്രീപ്രസാദ് സംസാരിച്ചു. മാര്‍ച്ച് കോളജ് കവാടത്തില്‍ പൊലിസ് തടഞ്ഞു
.
പരിഷ്‌കൃത കേരളത്തിന് അപമാനമെന്ന് എ.ഐ.വൈ.എഫ്
കാസര്‍കോട്: പടന്നക്കാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.വി പുഷ്പജയുടെ യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ടു നടന്ന അനിഷ്ട സംഭവങ്ങള്‍ വിദ്യാര്‍ഥി സമൂഹത്തിനും പരിഷ്‌കൃത സാംസ്‌കാരിക കേരളത്തിനും അപമാനകരമാണെന്ന് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കോളജിന്റെ പഠനാന്തരീക്ഷം മെച്ചപ്പെടുത്താന്‍ പ്രിന്‍സിപ്പല്‍ എടുത്ത നടപടികളില്‍ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കില്‍ പ്രതിഷേധിക്കാന്‍ ജനാധിപത്യരീതികള്‍ അവലംബിക്കണമായിരുന്നു. ഏതെങ്കിലും സംഘടനാ പ്രവര്‍ത്തകര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ കര്‍ശന നടപടി എടുക്കണം.
പിരിഞ്ഞു പോകുന്ന അധ്യാപികയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നവര്‍ പരിഹാസ്യര്‍ ആണ്. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരേ എല്ലാ വിഭാഗം ആളുകളും രംഗത്തിറങ്ങണമെന്നും എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ബിജു ഉണ്ണിത്താനും സെക്രട്ടറി മുകേഷ് ബാലകൃഷ്ണനും പ്രസ്താവനയിലുടെ അറിയിച്ചു.
പ്രിന്‍സിപ്പലിനു പൂര്‍ണ പിന്തുണയെന്ന് മാനേജ്മെന്റ്
കാഞ്ഞങ്ങാട് : നെഹ്റു കോളേജ് പ്രിന്‍സിപ്പലിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കോളജ് മാനേജ്മെന്റ് രംഗത്തു വന്നു. മാനേജ്‌മെന്റിന്റെ അടിയന്തിര യോഗം ചേര്‍ന്നു വിഷയം ചര്‍ച്ച ചെയ്യുകയും പ്രശ്‌നത്തില്‍ പ്രിന്‍സിപ്പല്‍ സ്വീകരിക്കുന്ന ഏതു നടപടിക്കും പരിപൂര്‍ണ പിന്തുണ നല്‍കാന്‍ തീരുമാനിച്ചതായും മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് സുബൈര്‍ കമ്മാടം അറിയിച്ചു. പ്രിന്‍സിപ്പാളിന്റെ പടം വെച്ചു ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും കോളജ് പൂട്ടുന്ന ദിവസം പടക്കം പൊട്ടിച്ചു ആഘോഷിക്കുകയും ചെയ്ത കാര്യത്തില്‍ നിയമ നടപടികളുമായി മുമ്പോട്ടു പോകാനാണ് പ്രിന്‍സിപ്പല്‍ ഉദ്ദേശിക്കുന്നത്. അതിനു മുമ്പായി കുറ്റം ചെയ്ത വിദ്യാര്‍ഥികളെ പുറത്താക്കുകയും ചെയ്യും. രണ്ടും വലിയ കുറ്റമായാണ് മാനേജ്മെന്റ് കാണുന്നതെന്നും സുബൈര്‍ പറഞ്ഞു .
പ്രിന്‍സിപ്പലിന് ഉപഹാരവുമായി എം.എസ്.എഫ്
കാഞ്ഞങ്ങാട്: വിരമിക്കല്‍ ദിനത്തില്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ പ്രിന്‍സിപ്പല്‍ പുഷ്പജയെ എസ്.എഫ്.ഐ റീത്തുവെക്കുകയും ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും ചെയ്ത് വിദ്യാര്‍ഥി സമൂഹത്തിന് അപമാനമായ സംഭവത്തെ തുടര്‍ന്ന് എം.എസ്.എഫ് പ്രവര്‍ത്തകര്‍ കോളജിലെത്തി പ്രിന്‍പ്പലിനു സ്‌നേഹോപഹാരം സമ്മാനിച്ചു. എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി നല്‍കി.
ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി സി.ഐ ഹമീദ്, റമീസ് ആറങ്ങാടി സംബന്ധിച്ചു.
മനുഷ്യാവകാശ കമ്മിഷന്‍ കേസെടുക്കണം: ബി.ജെ.പി
പടന്നക്കാട്: കാഞ്ഞങ്ങാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസ് എടുക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്റര്‍ പതിക്കുന്നത് കടുത്ത മനുഷ്യാവകാശ ധ്വംസനമാണ്. ഈ സംഭവത്തെ ന്യായീകരിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേയുംകുറ്റക്കാര്‍ക്കെതിരേയും നടപടി സ്വീകരിക്കണം. കാഞ്ഞങ്ങാട് ബി.ജെ.പി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രതികരിക്കാന്‍ തയാറാകണം. സംഭവത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ബി.ജെ.പി ആവശ്യപെട്ടു.
ശവമഞ്ചമേറ്റി യുവമോര്‍ച്ച പ്രതിഷേധിച്ചു
പടന്നക്കാട്: നെഹ്‌റു കോളജ് വിവാദത്തില്‍ എസ്.എഫ്.ഐയുടെ ശവമഞ്ചമേറ്റി യുവമോര്‍ച്ച നെഹ്‌റു കോളജിലക്കു മാര്‍ച്ച് നടത്തി. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍, വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, സെക്രട്ടറി എം. ബാല്‍രാജ്, മണ്ഡലം പ്രസിഡന്റ് എം. മധു സംസാരിച്ചു. എം. പ്രദീപ് കുമാര്‍, എ.കെ സുരേഷ്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി വിനീത്കുമാര്‍, മണ്ഡലം പ്രസിഡന്റ് വിനീത് കൊളവയല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി രാഹുല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."