ട്രക്ക് ഡ്രൈവര്‍മാര്‍ പണിമുടക്കിലേക്ക്; പാചകവാതക സിലിണ്ടര്‍ വിതരണം തടസപ്പെടും
കഠിനംകുളം: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ രേഖാമൂലം അംഗീകരിച്ച കൂലി വര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കഴക്കൂട്ടം ബി.പി.സി.എല്‍-എല്‍.പി.ജി പ്ലാന്റിലെ ട്രക്ക് ഡ്രൈവര്‍മാര്‍ വീണ്ടും പണിമുടക്കിലേക്ക്. ജോലിയില്‍ നിന്നു വിട്ടു നില്‍ക്കാനും സിലിണ്ടര്‍ കയറ്റാന്‍ എത്തുന്ന സ്വകാര്യ ഏജന്‍സികളുടെ വാഹനങ്ങള്‍ തടയാനും കേരള സ്റ്റേറ്റ് എല്‍.പി.ജി ആന്‍ഡ് ടാങ്ക് ട്രക്ക് വര്‍ക്കേഴ്‌സ് യൂനിയന്‍ തീരുമാനിച്ചു.
ഏഴുമാസം മുന്‍പ് 875 രൂപയില്‍ നിന്നു 975 രൂപയായി കൂലി വര്‍ധിപ്പിച്ചു നല്‍കാന്‍ കമ്പനി പ്രതിനിധികളും കരാറുകാരും പങ്കെടുത്ത ചര്‍ച്ചയില്‍ തീരുമാനിച്ചെങ്കില്ലും ഇതുവരെ നടപ്പായില്ല. കരാര്‍ അട്ടിമറിക്കാന്‍ കമ്പനിയും കരാറുകാരും ഒത്തുകളിക്കുന്നുവെന്നാണു തൊഴിലാളികളുടെ ആരോപണം.
വിഷയം ചര്‍ച്ച ചെയ്യാന്‍ ലേബര്‍ കമ്മിഷണര്‍ രണ്ടു തവണ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും കമ്പനി പ്രതിനിധികളും കരാറുകാരും പങ്കെടുത്തില്ല. ഇതിനേുത്തുടര്‍ന്നാണ് തൊഴിലാളികള്‍ സമരത്തിലേക്കു നീങ്ങുന്നത്. ഇന്നു ചേരുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ യോഗത്തിനു ശേഷം പണിമുടക്ക് നോട്ടിസ് നല്‍കും.
ജനത്തിന്റെ ബുദ്ധിമുട്ട് പരിഗണിച്ച് തൊഴിലാളികള്‍ പലതവണ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായിട്ടുണ്ടെന്നും ഇപ്പോള്‍ മറ്റു നിവര്‍ത്തിയില്ലാതു കൊണ്ടാണ് സമരത്തിലേക്കു പോകുന്നതെന്നും യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പെരുന്താന്നി രാജു പറഞ്ഞു. കഴക്കൂട്ടം പ്ലാന്റിലെ പണിമുടക്ക് തെക്കന്‍ ജില്ലകളെ സാരമായി ബാധിക്കും. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലേക്കെല്ലാം സിലിണ്ടര്‍ എത്തിക്കുന്നതറ ഇവിടെ നിന്നാണ്. പണിമുടക്ക് വേളകളില്‍ എറണാകുളത്തെ പ്ലാന്റില്‍ നിന്നും ലോഡ് എത്തിച്ച് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ സിലിണ്ടര്‍ ക്ഷാമം പരിഹരിക്കാറാണ് പതിവ്.
തിരുവനന്തപുരത്തും കൊല്ലത്തും മാത്രം 3,67,200 ഉപഭോക്താക്കളാണ് ഭാരത് ഗ്യാസിനുള്ളത്. അതുകൊണ്ടു തന്നെ പണിമുടക്ക് ഇരു ജില്ലകളേയും കാര്യമായി ബാധിക്കാനാണ് സാധ്യത. തൂത്തുകുടിയില്‍ നിന്ന് ലോഡ് എത്തിച്ചാലും ക്ഷാമം പരിഹരിക്കാന്‍ കഴിയില്ല. 200 കി.മീറ്റര്‍ ഓടുന്ന ഒരു ലോഡിന് 875 രൂപയായിരുന്നു ട്രക്ക് ഡ്രൈവറുടെ കൂലി. സംസ്ഥാനത്ത് ഏകീകരിച്ച കൂലി നിലവില്‍ വന്നപ്പോള്‍ ഇത് 975 രൂപയായി വര്‍ധിച്ചു. 200 കി.മീറ്റര്‍ കഴിഞ്ഞുള്ള ഓരോ കി.മീറ്ററിനും 4.50 രൂപയായിരുന്നു മറ്റൊരു വ്യവസ്ഥ. 5.50 രൂപയായി ഇതും വര്‍ധിപ്പിച്ച് പ്രതിദിനം 45 ലോഡുകളിലായി 13,770 സിലിണ്ടറുകളാണ് ഇവിടുത്തെ പ്ലാന്റില്‍ നിന്നും വിതരണം ചെയ്യുന്നത്.
ആറു കരാറുകാരുടെ 45 വാഹനങ്ങളാണ് പ്ലാന്റിലുണ്ടായിരുന്നത്. പണിമുടക്ക് വേളയില്‍ വാഹനങ്ങള്‍ ഓടിയില്ല എന്ന കാരണത്താല്‍ മൂന്ന് കരാറുകാരെ കമ്പനി ടെര്‍മിനേറ്റ് ചെയ്തു. ട്രാന്‍സ്‌പോര്‍ട്ട് കരാര്‍ പുതുക്കേണ്ട സഹാചര്യം ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ഈ നടപടി. പുറത്തായ ശ്രീനിലയം ടാന്‍സ്‌പോര്‍ട്ട് ഉടമ സത്യശീലന്‍ മാത്രമേ പുതുക്കിയ കൂലി വര്‍ധന നല്‍കാന്‍ തയാറാണെന്ന് ലേബര്‍ കമ്മിഷണറെ രേഖാമൂലം അറിയിച്ചിട്ടുള്ളൂ. ഇതിന്റെ അടിസ്ഥാനത്തില്‍ സത്യശീലനെ തിരിച്ചെടുക്കണമെന്ന് കമ്മിഷണര്‍ ആവശ്യപ്പെട്ടെങ്കില്ലും കമ്പനി വഴങ്ങിയില്ല.
ഈ കരാറുകാരന്‍ കൂലി വര്‍ധന അംഗീകരിച്ച സാഹചര്യത്തില്‍ ഇദ്ദേഹത്തെ തിരിച്ചെടുത്താന്‍ മറ്റ് കരാറുകാരും കൂലി കൂട്ടി നല്‍കേണ്ടി വരും. ഇതു ഒഴിവാക്കാന്‍ വേണ്ടിയാണ് സത്യശീലനെ തിരിച്ചെടുക്കാത്തതെന്നാണ് തൊഴിലാളികളുടെ ആരോപണം. ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പുറമേ കയറ്റിറക്ക തൊഴിലാളികളുടെ കൂലി വര്‍ധനവും ഇതുവരെ നടപ്പായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."