കേരളം - പശ്ചിമ ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന് ഉച്ച കഴിഞ്ഞ് 2.30ന്
ഉപ്പ് തടാക കരയില്‍ ദേശീയ ഫുട്‌ബോള്‍ കിരീട ജേതാക്കളെ നിശ്ചയിക്കാനുള്ള അങ്കം ഇന്ന്. 24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം - ബംഗാള്‍ പോരാട്ടം. നിലവിലെ കിരീട ജേതാക്കളാണ് പശ്ചിമ ബംഗാള്‍. ഉച്ച കഴിഞ്ഞ് 2.30ന് സാള്‍ട്ട്‌ലേക്കിലെ വിവേകാനന്ദ യുബ ഭാരതി ക്രിരങ്കനിലാണ് 72-ാം സന്തോഷ് ട്രോഫി ഫൈനല്‍. കിരീടം തേടി ബംഗളൂരുവില്‍ നിന്ന് തുടക്കമിട്ട കേരളത്തിന്റെ വിജയപര്‍വം സിറ്റി ഓഫ് ജോയിയില്‍ മിസോറമും കീഴടക്കി നില്‍ക്കുന്നു. ഇനി കടക്കാനുള്ള കടമ്പ ഇന്ത്യന്‍ ഫുട്‌ബോളിലെ പരമ്പരാഗത ശക്തികളായ ബംഗാള്‍ മാത്രം.
പന്തുകളിയെ നെഞ്ചേറ്റുന്ന ഒരു ജനതയുടെ സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്തേകാനാണ് ഇന്ന് സതീവന്‍ ബാലന്‍ തേച്ചുമിനുക്കി പരുവപ്പെടുത്തിയ കേരള യുവത്വം ബൂട്ട് കെട്ടുന്നത്. ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്ന രണ്ട് ടീമുകളും ഇന്ത്യന്‍ ഫുട്‌ബോളിലെ പരമ്പരാഗത ശക്തികള്‍. 32 തവണ കിരീടം നേടിയ ബംഗാളിനിത് 45-ാം ഫൈനല്‍. അഞ്ച് തവണ ചാംപ്യന്‍ പട്ടം ചൂടിയ കേരളം 14-ാം ഫൈനലിനാണ് ഇറങ്ങുന്നത്.
സെമി ഫൈനലില്‍ മിസോറമിനെ നേരിട്ട ടീമില്‍ കാര്യമായ മാറ്റത്തിന് പരിശീലകന്‍ സതീവന്‍ ബാലന്‍ തയാറാകില്ല. ആദ്യ പകുതിയില്‍ ഗോള്‍ വീഴാതെ പ്രതിരോധിച്ചു നില്‍ക്കുക. രണ്ടാം പകുതിയില്‍ ആക്രമിച്ചു വിജയിക്കുക. കേരളത്തിന്റെ പതിവ് തന്ത്രത്തിന് ഇന്നും മാറ്റമുണ്ടാകില്ല.
അഫ്ദല്‍ നയിക്കും
കിക്കോഫിന് വിസില്‍ ഉയര്‍ന്നാല്‍ ഒരേ മനസുമായി കുതിക്കുന്നവര്‍. പരിചയ സമ്പത്തും യുവത്വവുമാണ് കേരള ടീമിന്റെ ശക്തി. ഫൈനലിലേക്കുള്ള പ്രയാണം ഈ ഒത്തൊരുമയുടെ വിജയമാണ്. മുന്നേറ്റ നിരയില്‍ വി.കെ അഫ്ദല്‍ തന്നെയാണ് താരം. നിരന്തരം എതിര്‍ ഗോള്‍മുഖത്ത് ശല്യക്കാരനാകുന്ന ഗോള്‍ വേട്ടക്കാരന്‍. ആദ്യ ഇലവനിലും പകരക്കാരനായും ഇറങ്ങുന്ന അഫ്ദല്‍ എതിരാളികളെ വിറപ്പിക്കും.
മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് പരിശീലനം നേടിയ മലപ്പുറം ഒലിപ്പുഴ സ്വദേശിയായ അഫ്ദല്‍ സതീവന്‍ ബാലന്റെ വിശ്വസ്തനാണ്. കാലിക്കറ്റിനെ ഇന്റര്‍വാഴ്‌സിറ്റി ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരം. പി.സി അനുരാഗും സജിത് പൗലോസുമാണ് മുന്നേറ്റത്തിലെ മറ്റ് തുരുപ്പ് ചീട്ടുകള്‍. ബംഗാളിനെ നേരിടുന്ന ആദ്യ ഇലവനില്‍ അഫ്ദല്‍ തന്നെ ആക്രമണം നയിക്കും. മിസോറമിന്റെ മാരകമായ ഫൗളിന് വിധേയമായി പരുക്കേറ്റ സജിത് പൗലോസ് ഇന്ന് കളിക്കില്ല.
വിജയങ്ങളുടെ സൂത്രധാരര്‍
എതിരാളികളുടെ താളം തെറ്റിച്ച് വിങുകളിലൂടെ കുതിച്ച് പായുന്ന രണ്ട് യുവാക്കളുണ്ട്. അണ്ടര്‍ 21 താരം എം.എസ് ജിതിനും കെ.പി രാഹുലും. മധ്യനിരയില്‍ നിന്ന് മിഡ്ഫീല്‍ഡ് ജനറല്‍ എസ് സീസണ്‍ കൈമാറുന്ന പന്തുമായി പാര്‍ശ്വങ്ങളിലൂടെ ആക്രമണം നയിക്കുന്നവര്‍. ഗോളടിപ്പിക്കാന്‍ മാത്രമല്ല ഗോളടിക്കാനും മിടുമിടുക്കര്‍. ഇവര്‍ക്ക് കൂട്ടായി ജിതിന്‍ ഗോപാലനും മധ്യനിരയിലെ കരുത്താണ്. പകരക്കാരുടെ ബഞ്ചും സുശക്തം. മുഹമ്മദ് പാറേക്കാട്ടിലും അണ്ടര്‍ 21 താരം വി.എസ് ശ്രീക്കുട്ടനും പിന്നെ ബി.എസ് ഷംനാസും. ഏത് കരുത്തരോടും ഏറ്റുമുട്ടാന്‍ കരുത്തേറിയവര്‍. ഇവരിലാണ് കേരളത്തിന്റെ പ്രതീക്ഷകള്‍.
കരുത്തായി ഉരുക്ക് കോട്ട
നാല് സന്തോഷ് ട്രോഫിയില്‍ ബൂട്ടുകെട്ടിയ പാരമ്പര്യവുമായി കേരളത്തെ നയിക്കുന്ന രാഹുല്‍ വി രാജിന്റെ നേതൃത്വത്തിലുള്ള പ്രതിരോധത്തോട് ഏറ്റുമുട്ടാന്‍ ഏതു വമ്പനും നന്നായി വിയര്‍ക്കണം. രാഹുലിന് കൂട്ടായി എസ്. ലിജോ, വിബിന്‍ തോമസ്, ജി. ശ്രീരാഗ്. പകരക്കാരുടെ ബെഞ്ചില്‍ ജിയാദ് ഹസനും വൈ.പി മുഹമ്മദ് ഷരീഫും. തലയെടുപ്പിലും കായിക ശക്തിയിലും വമ്പന്‍മാരായവര്‍. സന്തോഷ് ട്രോഫിയില്‍ ഇത്തവണ ഫൈനല്‍ റൗണ്ടില്‍ കേരളത്തിന്റെ വലയില്‍ കയറിയത് ഒരു ഗോള്‍ മാത്രമാണെന്നത് ഈ പോരാളികളുടെ കരുത്ത് തെളിയിക്കുന്നു.
ചോരാത്ത കൈകള്‍
വിശ്വസ്തനായ ഒന്നാം നമ്പര്‍ ഗോളി വി. മിഥുനിന്റെ പ്രകടനം കേരളത്തിന്റെ ഫൈനല്‍ പ്രവേശം വരെയുള്ള പോരാട്ടത്തില്‍ നിര്‍ണായകമായി. ബംഗാളിനെ തോല്‍പ്പിച്ച കളിയില്‍ എസ്. ഹജ്മലും തിളങ്ങി. നെഞ്ചുറപ്പോടെ ഗോള്‍മുഖത്ത് നില്‍ക്കുന്ന മിഥുനെയും ഹജ്മലിനെയും മറിടക്കാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഏത് കൂട്ടപ്പൊരിച്ചിലിലും കൃത്യമായ പൊസിഷനില്‍ പന്ത് പിടിച്ചെടുക്കാന്‍ അസാമാന്യ കഴിവുള്ള താരമാണ് മിഥുന്‍. പൂര്‍ണ സമയവും തളരാതെ നില്‍ക്കുന്ന രക്ഷകന്‍. തിരുവനന്തപുരം എസ്.ബി.ഐയുടെ താരമായ മിഥുന്‍ തന്നെയാണ് ഇന്നും കാല്‍വല്‍ക്കാരനായി എത്തുക. മൂന്നാം നമ്പര്‍ ഗോളിയായി അഖില്‍ സോമനുമുണ്ട്.
കിരീടം കാക്കാന്‍ ബംഗാള്‍
നാട്ടുകാര്‍ക്ക് മുന്നില്‍ കേരളത്തെ ഒരിക്കല്‍ കൂടി നേരിടുന്ന ബംഗാളിന് ആവേശവും ആശങ്കയും ഉണ്ട്. ഗ്രൂപ്പിലെ അവസാന പോരില്‍ ഒറ്റ ഗോളിന് കേരളത്തിന് മുന്നില്‍ തോല്‍ക്കേണ്ടി വന്നത് തിരിച്ചടിയായി. ഇതിന് കണക്ക് തീര്‍ത്ത് കിരീടം കൈവിടാതെ സൂക്ഷിക്കുക എന്നതാണ് ബംഗാള്‍ ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് പോരില്‍ ബംഗാളിന്റെ പ്രതിരോധത്തെ കീറിമുറിക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. എങ്കിലും ഫൈനല്‍ പോരാട്ടം മറ്റൊന്നാകുമെന്ന ആത്മവിശ്വാസത്തിലാണ് ബംഗാള്‍.
അണ്ടര്‍ 21 താരമായ മധ്യനിരക്കാരന്‍ ബിദ്യാസാഗര്‍ സിങാണ് ബംഗാളിന്റെ കുന്തമുന. നാല് ഗോള്‍ അടിച്ചു ടോപ് സ്‌കോര്‍ പട്ടികയില്‍ മുന്‍നിരയിലുള്ള ബിദ്യാസാഗറിനെ പ്രതിരോധിക്കാന്‍ കേരളത്തിന് കഴിയുമെന്ന് ഗ്രൂപ്പ് പോരില്‍ തെളിഞ്ഞിരുന്നു. ആക്രമണം നയിക്കുന്ന ജിതന്‍ മുര്‍മുവും മധ്യനിരയിലെ സുജയ് ദത്തയുമാണ് തലവേദന സൃഷ്ടിക്കുന്നവര്‍. പ്രതിരോധത്തില്‍ ക്യാപ്റ്റന്‍ അങ്കിത് മുഖര്‍ജിയും സൗരവ് ഗുപ്തയും നെടുംതൂണുകളാണ്. ഗോള്‍ കീപ്പര്‍ രണജിത് മജുംദാറും മിടുക്കനാണ്. ലോങ് ബോളും കുറിയ പാസുകളുമായി ആക്രമിക്കുന്ന പതിവ് ശൈലിയില്‍ തന്നെയാകും ഇന്നും ബംഗാള്‍ കേരളത്തെ നേരിടുക.
കളി കളത്തിന് പുറത്തും
കേരളം കളിക്കുന്നത് ബംഗാളിന്റെ 11 പേരോട് മാത്രമല്ല. ബംഗാളിന് വേണ്ടി 12-ാമനായി റഫറിയും കാണികളും ഒഫിഷ്യല്‍സും കളിക്കാനുണ്ട്. കേരളം ഫൈനലില്‍ എതിരാളിയാകുന്നതിനെ ബംഗാള്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. കളത്തിന് പുറത്തെ കളികളെയും അതിജീവിച്ച് വേണം കേരളത്തിന് ഫൈനല്‍ പോരില്‍ പന്തുതട്ടി ജയിക്കാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."