വിരമിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലി: സംഭവത്തെ ന്യായീകരിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി
കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്‌റു കോളജില്‍ വിരമിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ച സംഭവത്തെ ന്യായീകരിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ മാത്രമല്ല, കേരളത്തിലെ പല സ്‌കൂളിലും കോളേജിലും അധ്യാപകരോ,മാനേജ്‌മെന്റോ വിദ്യാര്‍ത്ഥി സ്വാതന്ത്ര്യത്തെയും അവകാശത്തെയും ഇല്ലാതാക്കിയാല്‍ അവിടെ എസ്.എഫ്. ഐ ഇടപെടുമെന്ന് പോസ്റ്റില്‍ താക്കീത് ചെയ്യുന്നു. അത്തരം സമരങ്ങള്‍ ഒരിക്കലും വ്യക്തിപരമായ വിദ്വേഷ പ്രകടനങ്ങളല്ല. ആശയപരമായ രാഷ്ട്രീയ സമരമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഒരു ക്യാമ്പസിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും ഹൃദയം കീഴടക്കി പിരിഞ്ഞുപോകാനും എല്ലാവരുടെയും ശാപം ഏറ്റുവാങ്ങി പിരിഞ്ഞുപോകാനും അധ്യാപനം നടത്തുന്നവര്‍ക്ക് കഴിയും. അതില്‍ മനഃസ്ഥാപം തോന്നുന്നുണ്ടെങ്കില്‍ ഞങ്ങള്‍ കുറ്റക്കാരല്ല- വിജിന്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തില്‍ കോളേജ് മാനേജ്‌മെന്റ് കൃത്യമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ ആരോപിക്കും പോലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ഇതില്‍ പങ്കുണ്ടെങ്കില്‍ അവരെ ഒരിക്കലും സംഘടന സംരക്ഷിക്കില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
'എനിക്കെതിരെ സമരം നടത്തിയവരാണ് ഇതിന് പിന്നിലെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു' എന്നാണ് കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പാള്‍ പറഞ്ഞിരിക്കുന്നത്. അത് കേട്ടയുടനെ പ്രിന്‍സിപ്പാളിനെ അപമാനിച്ച് എസ്എഫ്‌ഐ എന്നായി വാര്‍ത്തകള്‍. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ മാത്രമല്ല, കേരളത്തിലെ പല സ്‌കൂളിലും കോളേജിലും അദ്ധ്യാപകരോ,മാനേജ്‌മെന്റോ വിദ്യാര്‍ത്ഥി സ്വാതന്ത്ര്യത്തെയും അവകാശത്തെയും ഇല്ലാതാക്കിയാല്‍ അവിടെ എസ്എഫ്‌ഐ ഇടപെടും. സമരം ചെയ്യും. അത് ഞങ്ങളുടെ രാഷ്ട്രീയമാണ്. അത്തരം സമരങ്ങള്‍ ഒരിക്കലും വ്യക്തിപരമായ വിദ്വേഷ പ്രകടനങ്ങളല്ല. ആശയപരമായ രാഷ്ട്രീയ സമരമാണ്.
വ്യക്തിപരമായിട്ടാണ് എസ്എഫ്‌ഐ ഇത്തരം സമരങ്ങളെ കാണുന്നതെങ്കില്‍ കേരളത്തിലെ എത്രയോ കലാലയങ്ങളിലെ അദ്ധ്യാപകര്‍ക്ക് മേല്‍ പടക്കംപൊട്ടിക്കലും പോസ്റ്റര്‍ പ്രചരണങ്ങളും ഉണ്ടായേനെ. പാമ്പാടി നെഹ്‌റു കോളേജില്‍ ഇടിമുറി ഉണ്ടെന്നറിഞ്ഞപ്പോള്‍ അത് ഇടിച്ച് തന്നെ പൊളിച്ചത് സമരമാണ്. ഇടിമുറിയില്‍ വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്തവരെയോ ഫറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥിനികളെ അപമാനിച്ച അദ്ധ്യാപകനെയോ ബ്രണ്ണന്‍ കോളേജില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ചിരുന്നതിനെ ചോദ്യം ചെയ്ത പ്രിന്‍സിപ്പാളിനെയോ വ്യക്തിപരമായി ആക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല. അദ്ധ്യാപകരുടെ രാഷ്ട്രീയമല്ല, വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ എന്ത് പകര്‍ന്നുനല്‍കുന്നു എന്നതിലാണ് കാര്യം. അതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരാതികളുണ്ടെങ്കില്‍ ഞങ്ങള്‍ ഇടപെടുക തന്നെ ചെയ്യും.
കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ നടന്നത് ചില വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനോട് കാണിച്ച വിദ്വേഷമാണ്. അതിന് ആ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ച വഴി ഒരിക്കലും യോജിക്കാന്‍ കഴിയാത്തതാണ്. അവര്‍ എസ്എഫ്‌ഐയുടെ കോളേജിലെ കമ്മിറ്റി അംഗങ്ങളോ സജീവ പ്രവര്‍ത്തകരോ അല്ല. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന എല്ലാ വാര്‍ത്തകളിലും കാഞ്ഞങ്ങാട് നെഹ്‌റുകോളേജിലെ പ്രിന്‍സിപ്പാളിന്റെ രാഷ്ട്രീയം എടുത്ത് പറയുന്നുണ്ട്. (കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കെ പിഎസ്ടിഎ യുടെ കണ്ണൂര്‍കാസര്‍ഗോഡ് ജില്ല പ്രസിഡന്റും സംസ്ഥാന നേതാവുമാണ്). കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ മാത്രമല്ല,കേരളത്തിലെ പല കോളേജുകളിലും കോണ്‍ഗ്രസുകാരായ അദ്ധ്യാപകരുണ്ട്. അവരോടൊന്നും ഇല്ലാത്ത ഒരു രാഷ്ട്രീയ വിദ്വേഷം കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പാളിനോട് മാത്രം തോന്നേണ്ട കാര്യം എന്താണ്.? ഈ നെഹ്‌റു കോളേജില്‍ തന്നെ ഇതിനു മുന്‍പ് ഒരുപാട് കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകര്‍ ആയിട്ടുള്ള അധ്യാപകര്‍ പ്രിന്‍സിപ്പാള്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. അവരുടെ ഭാഗത്ത് നിന്നും വിദ്യാര്‍ഥി വിരുദ്ധ സമീപനം ഉണ്ടായപ്പോള്‍ ഞങ്ങള്‍ പ്രതിഷേധിച്ചിട്ടുമുണ്ട്. അതൊന്നും വ്യക്തിപരം ആയിരുന്നില്ല.
ഒരു ക്യാമ്പസിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും ഹൃദയം കീഴടക്കി പിരിഞ്ഞുപോകാനും എല്ലാവരുടെയും ശാപം ഏറ്റുവാങ്ങി പിരിഞ്ഞുപോകാനും അധ്യാപനം നടത്തുന്നവര്‍ക്ക് കഴിയും. അതില്‍ മനഃസ്ഥാപം തോന്നുന്നുണ്ടെങ്കില്‍ ഞങ്ങള്‍ കുറ്റക്കാരല്ല. ഈ വിഷയത്തില്‍ കോളേജ് മാനേജ്‌മെന്റ് കൃത്യമായ അന്വേഷണം നടത്തണം. പ്രിന്‍സിപ്പാള്‍ ആരോപിക്കും പോലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഇതില്‍ പങ്കുണ്ടെങ്കില്‍ അവരെ ഒരിക്കലും സംഘടന സംരക്ഷിക്കില്ല. മാഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പാളിന്റെ നിലപാടുകള്‍ക്ക് നേരെ വിദ്യാര്‍ത്ഥി പ്രതിഷേധം ഉണ്ടായിട്ടുണ്ട്. ആ പ്രിന്‍സിപ്പാള്‍ തന്നെയാണ് ബ്രണ്ണന്‍ കോളേജില്‍ എത്തിയപ്പോള്‍ ആണും പെണ്ണും ഒരുമിച്ചിരുന്നതിനെ ചോദ്യം ചെയ്തത്. രണ്ട് സ്ഥലങ്ങളിലും എസ്എഫ്‌ഐ പ്രതിഷേധിച്ചിട്ടുണ്ട്. പക്ഷെ, മാഹാരാജാസില്‍ പ്രിന്‍സിപ്പാളിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രചരണം നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ സംഘടന നടപടിയും എടുത്തിട്ടുണ്ട്. അത്തരത്തില്‍ മാതൃകാപരമായ സമീപനം സ്വീകരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് നേരെ മുന്‍വിധിയോടെ ആരോപണങ്ങളുന്നയിച്ച് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ സംഭവിച്ചത് ഒരിക്കലും അംഗീകരിക്കുന്നില്ല. മാനേജ്‌മെന്റ് ശക്തമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നു തന്നെയാണ് എസ്എഫ്‌ഐയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."