തിരുവിതാംകൂറിന്റെ കഥകളി പെരുമയില്‍ പണിമൂല
പോത്തന്‍കോട്: പോത്തന്‍കോട് പണിമൂല ദേവീ ക്ഷേത്രത്തിലെ ദിവത്സര സപ്തദിന മഹോത്സവത്തിന് കൊടിയേറി. അഞ്ചിന് ഘോഷയാത്രയോടെ സമാപിക്കും മഹോത്സവത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം സി.ദിവാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ആര്‍.ശിവന്‍കുട്ടിനായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കലാപരിപാടികളുടെ ഉദ്ഘാടനവും ഓഡിയോ സി.ഡി. ഉദ്ഘാടനവും നടന്‍ സുരാജ് വെഞ്ഞാറമൂടും നടി ജലജയും ചേര്‍ന്ന് നിര്‍വഹിച്ചു.
തിരുവിതാംകൂറില്‍ ഒരു നൂറ്റാണ്ടിന്റെ കഥകളി അവതരണ ചരിത്രമാണ് പണിമൂല ക്ഷേത്രത്തിലെ കഥകളിക്കുള്ളത്. എല്ലാ ഉത്സവത്തിനും രണ്ട് ദിവസങ്ങളില്‍ കഥകളി അവതരിപ്പിക്കുന്നതാണ് അതിന്റെ പെരുമ.
കൊട്ടും പാട്ടും ആട്ടവും അടങ്ങുന്ന ഒരു സമ്പൂര്‍ണ ശാസ്ത്രീയ കലാരൂപം എന്ന നിലയിലുള്ള കഥകളി ആസ്വദിക്കാന്‍ ദൂര ദേശത്ത് നിന്നുപോലും ആളുകള്‍ പണിമൂലയില്‍ എത്തിയിരുന്നു.
ജില്ലയില്‍ തന്നെ തുടര്‍ച്ചയായി രണ്ടു ദിവസം കഥകളി അവതരിപ്പിക്കുന്ന ക്ഷേത്രമെന്ന ഖ്യാതിയും പണിമൂലയ്ക്കാണ്. പണിമൂലയുടെ പരിസരത്ത് കഴക്കൂട്ടം മഹാദേവ ക്ഷേത്രം, കാട്ടായിക്കോണം തെങ്ങുവിള മഹാദേവീ ക്ഷേത്രം, ശാസ്തവട്ടം കുണ്ടയത്ത് മുടിപ്പുര ദേവീ ക്ഷേത്രം, കരിക്കകം ദേവീ ക്ഷേത്രം, പിരപ്പന്‍കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം,കൊഞ്ചിറ ദേവീ മുടിപ്പുര തുടങ്ങിയവ പാരമ്പര്യമായി കഥകളി അവതരിപ്പിച്ചുപോരുന്ന ക്ഷേത്രങ്ങളാണ്.പണിമൂലയില്‍ കഴിഞ്ഞ പതിമൂന്ന് തവണയായി കഥകളി സ്ഥിരമായി അവതരിപ്പിക്കുന്നത് മലപ്പുറം കോട്ടക്കല്‍ പി.എസ്.വി.നാട്യസംഘമാണ്.
ഇക്കുറിയും രണ്ട് ദിവസത്തെ കഥകളിയാണ് പണിമൂലയില്‍,തിങ്കളായഴ്ച ബാലകവി രാമ ശാസ്ത്രികള്‍ രചിച്ച ബാണയുദ്ധവും കിളിമാനൂര്‍ രവിവര്‍മ്മ കോയിത്തമ്പുരാന്‍ രചിച്ച കംസ വധവുമാണ് അരങ്ങില്‍ ആടിയത്. ചൊവാഴ്ച ഉണ്ണായിവാര്യരുടെ നളചരിതം നാലാം ദിവസവും വയസ്‌കര മൂസ് രചിച്ച ദുരോധന വധവുമാണ് അവതരിപ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."