പള്ളി ഇമാമിന്റെ മാതൃക
കൊല്‍ക്കത്തയിലെ അസന്‍സോള്‍ പള്ളിയിലെ ഇമാം മൗലാനാ ഇംദാദുല്‍ റാഷിദിയുടെ വാക്കുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ മതേതര രാജ്യമായ ഇന്ത്യ ഏറെ കേള്‍ക്കാന്‍ കൊതിച്ചതും ഈ അടുത്ത് കേട്ടതില്‍ വച്ച് ഏറ്റവും മധുരമേറിയതുമായ വാക്കുകള്‍ ഇതുതന്നെയാവണം. തന്റെ ചോരയില്‍ പിറന്ന മകനെ കാപാലികര്‍ പിച്ചിച്ചീന്തിയപ്പോഴും സ്വന്തം രാജ്യത്തിന്റെ കലാപരഹിത അന്തരീക്ഷത്തിനും നാട്ടുകാരുടെ സമാധാനത്തിനും പ്രാമുഖ്യം നല്‍കിയത് മഹത്തരം തന്നെയാണ്.
കൊല്‍ക്കത്തയില്‍ ആര്‍.എസ്.എസ് നേതൃത്വത്തില്‍ നടന്ന രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട തന്റെ 16 വയസുകാരന്‍ സിബ്ദുല്ല റാഷിദിയെന്ന പൊന്നുമോന്റെ ജനാസ ഖബറടക്കി അവിടെ പ്രതികാരത്തിന് തടിച്ച്കൂടിയ നാട്ടുകാരോട് നൂറാനി മസ്ജിദിലെ ഇമാം മൗലാന ഇംദാദുല്‍ റാഷിദി വിളിച്ചു പറഞ്ഞു: 'എനിക്ക് സമാധാനം വേണം. എന്റെ മകന്‍ നഷ്ടപ്പെട്ടു. മറ്റൊരു കുടുംബത്തിന്കൂടി അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടരുത്.
ഒരു വീടും കത്തിക്കരുത്. അങ്ങനെ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഞാന്‍ ഈ പള്ളിയും നഗരവും വിട്ട് പോവും. എന്നെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ഒരു വിരല്‍പോലും ഉയര്‍ത്താതിരിക്കുക'. എത്ര മഹത്തരമാണീ വാക്കുകള്‍..!!. ഒരുപക്ഷേ ആ ഇമാം അന്ന് അവിടെ മൗനിയായിരുന്നുവെങ്കില്‍ ഇന്ത്യ മറ്റൊരു വര്‍ഗീയ കലാപത്തിന് കൂടി വേദിയാകുമായിരുന്നു.
അന്നവിടെ അങ്ങനെയൊരു കലാപം പൊട്ടിപുറപ്പെടാതിരുന്നത് അവര്‍ അവരുടെ ഇമാമിനെ സ്‌നേഹിക്കുന്നുവെന്നതിനും അവരുടെ ഹൃദയത്തിലെ സമാധാനത്തിനുള്ള വിലയുടേയും ഉദാത്തമായ ഉദാഹരണമാണ്. ഇമാമിന്റെ വാക്കുകള്‍ നമ്മെ ഏറെ ചിന്തിപ്പിക്കുന്നുണ്ട്. സ്വാര്‍ഥതയിലേക്ക് ഉള്‍വലിയുന്ന ആധുനിക യുഗത്തിലെ മനുഷ്യനെ ഈ ആര്‍ജവമുള്ള വാക്കുകള്‍ വേട്ടയാടപ്പെടേണ്ടതുമുണ്ട്.
സ്വാഭാവികമായും ഇത്തരം ഒരു സാഹചര്യത്തില്‍ 'എനിക്ക് നഷ്ടപെടേണ്ടത് നഷ്ടപ്പെട്ടു... എന്നാല്‍ എന്റെ കുഞ്ഞിനെ കൊന്നവര്‍ അങ്ങനെ സുഖത്തോടെ ജീവിക്കരുതല്ലോ...!' പോലോത്ത പ്രതികാരത്തിന്റെ ചിന്തകള്‍ ഉടലെടുക്കുന്ന മനുഷ്യ മനസ്സില്‍ നിന്നു തന്നെയാണ് സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പറന്നുയര്‍ന്നത്.
എന്നാല്‍ അതേ സംഘര്‍ഷ ഭൂമിയായ കല്യാണ്‍പൂരിലെ ഒരു കാംപ് സന്ദര്‍ശിക്കവെ മന്ത്രി ബാബുല്‍ സുപ്രിയക്കെതിരേ പ്രതിഷേധിച്ചവരോട് 'ജീവനോടെ തൊലി ഉരിച്ചുകളയുമെന്ന്' പറഞ്ഞ് ഭീഷണിപ്പെടുത്തിയത് നമ്മെ ഏറെ അത്ഭുതപ്പെടുത്തുന്നു. ഇവിടെയാണ് പള്ളി ഇമാം റാഷിദിയുടെ വാക്കുകള്‍ക്കു മഹത്വമേറുന്നത്. അദ്ദേഹത്തിന്റെ വികാരത്തെ വിവേകം മറികടന്നത് എടുത്തു പറയേണ്ടതു തന്നെയാണ്.
ആരാണ് ഭാരതീയര്‍ക്ക് സംസ്‌കാരം പഠിപ്പിക്കേണ്ടതും രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതും..? സംഘര്‍ഷഭൂമിയില്‍ വന്ന് സമാധാനം പറയേണ്ട സമയത്ത് മനുഷ്യജീവിയുടെ മുഖത്ത് നോക്കി ജീവനോടെ തൊലിയുരിച്ച് കളയുമെന്ന രീതിയില്‍ ഭീഷണിപ്പെടുത്തി എരിതീയില്‍ എണ്ണയൊഴിക്കുന്നവരാണോ ഭാരതീയര്‍ക്ക് രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടത്.
അവര്‍ നല്‍കുന്ന രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റിന്റെ വില ഇവിടെ വരച്ചിടുന്നുണ്ട്.
ഭാരതത്തിലെ ന്യൂനപക്ഷമാണ് എന്നും സമാധാന പ്രിയരായി നിലനിന്നിട്ടുള്ളത്. നരേന്ദ്ര മോദി അധികാരത്തില്‍ കയറിയതു തൊട്ട് തുടങ്ങിയതാണ് ന്യൂനപക്ഷത്തെ വേട്ടയാടല്‍. അനുയായികളെ അതിനായി കയറൂരി വിട്ടിരിക്കുകയാണ്. മൃഗത്തെ അറുത്തുവെന്ന വ്യാജവാര്‍ത്തയുടെ പേരില്‍ പോലും മനുഷ്യനെ പച്ചക്ക് തല്ലിക്കൊന്ന കാപാലികര്‍ വസിക്കുന്ന നാട്ടില്‍ സ്വന്തം മകനെ ന്യായമില്ലാതെ പിച്ചിച്ചീന്തിയിട്ടും സമാധാന അന്തരീക്ഷത്തിന് ആഹ്വാനം ചെയ്ത ഇമാമിനെ വാനോളം വാഴ്‌ത്തേണ്ടതുണ്ട്.
ഇവിടെയാണ് മഹാനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെയും സ്മരിക്കപ്പെടേണ്ടത്. ഏതൊരു സ്ഥലത്തും, ഏത് മതത്തിന്റേതുമാവട്ടെ ആരാധനാലയം തകര്‍ക്കപ്പെട്ടാല്‍ അവിടെ വര്‍ഗീയ സംഘര്‍ഷമെന്നത് ഒഴിച്ച് കൂടാനാവാത്ത ഒന്നായിട്ടാണ് 1992 ഡിസംബര്‍ 6 വരെ ചരിത്ര താളുകള്‍ പറഞ്ഞു കൊണ്ടിരുന്നത്.
എന്നാല്‍ അത് തിരുത്തിയത് ഇസ്‌ലാം മതവിശ്വാസികള്‍ ഏറെ ബഹുമാനിച്ചിരുന്ന അവരുടെ പ്രധാന പള്ളിയായ ബാബരി മസ്ജിദ് ഹിന്ദു വര്‍ഗീയ കലാപകാരികളാല്‍ തകര്‍ക്കപ്പെട്ടപ്പോഴുണ്ടായ മഹാനായ ശിഹാബ് തങ്ങളുടെ വാക്കുകളാലാണ്. അമര്‍ഷവുമായി നില്‍ക്കുന്ന തന്റെ സമുദായത്തോട് ഹൈന്ദവരുടെ അമ്പലങ്ങള്‍ക്ക് കാവല്‍ നില്‍ക്കാന്‍ പറഞ്ഞു മഹാനായ ശിഹാബ് തങ്ങള്‍.
ഒരുപക്ഷേ തങ്ങള്‍ സംയമനം പാലിക്കാന്‍ ആഹ്വാനം ചെയ്തില്ലായിരുന്നുവെങ്കില്‍ ഇന്ത്യയിലെ, വിശിഷ്യാ കേരളത്തിലെ സഹോദര സമുദായത്തിന്റെ ആരാധനാലയങ്ങള്‍ ഏറെ തകര്‍ക്കപ്പെടുമായിരുന്നു അന്ന്. മാത്രമല്ല അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ വാതില്‍ സാമൂഹ്യ ദ്രോഹികളാല്‍ കത്തിക്കപെട്ടുവെന്ന വാര്‍ത്തയറിഞ്ഞപ്പോഴേക്ക് ഓടിവന്നു തങ്ങളവിടെ.
കത്തിയമര്‍ന്ന വാതിലിന്റെ പുനര്‍നിര്‍മാണത്തിനു ധനസഹായം ഉദ്ഘാടനം ചെയ്തതും തങ്ങള്‍ തന്നെയെന്നത് മതേതര കേരളത്തിന് മറക്കാനാവില്ല. കാരണം തങ്ങള്‍ക്കറിയാം രാജ്യസമാധാനത്തിന്റെ വില. നാടിന്റെ ഐശ്വര്യം എന്നും മതേതരത്വത്തിലാണെന്ന് അവരൊക്കെ അറിഞ്ഞു മനസ്സിലാക്കിയവരാണ്.
ഇന്ത്യയുടെ പാരമ്പര്യം നിലനില്‍ക്കുന്നത് അഹിംസയിലാണ്. സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ പൂര്‍വ്വസൂരികള്‍ മുന്നോട്ട്‌വച്ച ആശയവും അതുതന്നെയാണ്.
അതുകൊണ്ടുതന്നെയാവണം ഇന്ത്യ വര്‍ഗീയ കലാപങ്ങള്‍ക്കുനേരെ എന്നും ഒറ്റക്കെട്ടായി ചെറുത്തു നില്‍പ്പിന് തയാറായതും.
ലോകത്ത് സമാധാനം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. അതിന് വിലങ്ങു നില്‍ക്കുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. തന്റെ മതവിശ്വാസങ്ങള്‍ തനിക്കുള്ളതാണ് അന്യന്റേത് അവനുള്ളതും എന്ന ചിന്തയാണ് മതേതരത്വം.
വിശ്വാസികള്‍ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കട്ടെ അവിടെയാണ് സമാധാനം പൂത്തുലയുന്നത്. ഏതൊരു വിശ്വാസിക്കും മതം എന്നും മതമായി നിലനില്‍ക്കണം. അത് മദത്തിലേക്ക് വഴിമാറരുത്. കാരണം ഒരു മതവും സമാധാനത്തിനെതിരെ ആഹ്വാനം ചെയ്യുന്നില്ലെന്നത് തീര്‍ച്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."