തമിഴ്‌നാടിനു കൂടുതല്‍ വെള്ളം നല്‍കുമെന്ന് സുപ്രിംകോടതിയുടെ ഉറപ്പ്
ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന് അനുകൂലമായി ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ വാക്കാലുള്ള ഉറപ്പ്. തമിഴ്‌നാടിന് അനുവദിച്ച കാവേരി ജലം സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കി.
തമിഴ്‌നാട്, കര്‍ണാടക, കേരള, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ക്ക് കാവേരി നദീ ജലം അനുവദിക്കുന്നതിന് ഒരു പദ്ധതി തയ്യാറാക്കണമെന്നായിരുന്നു ഫെബ്രുവരി 16ലെ വിധി.
ഉത്തരവിലെ 'പദ്ധതി' എന്ന പദം കൊണ്ട് കോടതി അര്‍ത്ഥമാക്കിയത് കാവേരി മാനേജ്‌മെന്റ്‌ബോര്‍ഡ് മാത്രമല്ലെന്നും സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ജലം ലഭ്യമാക്കുന്നത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
കേരളവും തമിഴ്‌നാടും കേന്ദ്രസര്‍ക്കാരും നല്‍കിയ ഹരജികളാണ് വിഷയത്തില്‍ സുപ്രിംകോടതി മുമ്പാകെയുള്ള കേസ്.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണത്തിനുള്ള കാലാവധി മൂന്നുമാസം കൂടി നീട്ടിനല്‍കണമെന്ന ആവശ്യമാണ് കോടതിയില്‍ സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ തടസമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ബോര്‍ഡ് രൂപീകരിക്കാനുള്ള കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി. കാവേരി ബോര്‍ഡ് രൂപീകരിക്കാനുള്ള പദ്ധതി എന്താണെന്നു വ്യക്തമാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബോര്‍ഡ് രൂപീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനു വീഴ്ചസംഭവിച്ചുവെന്നും സര്‍ക്കാരിന്റേത് കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് ഹരജി നല്‍കിയത്. നദീജലം കൈകാര്യംചെയ്യുന്നതിനായി കാവേരി ബോര്‍ഡ് ആറാഴ്ചയ്ക്കുള്ളില്‍ രൂപീകരിക്കണമെന്നും അന്തിമവിധിയില്‍ സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, നിശ്ചയിച്ച കാലാവധിക്കുള്ളില്‍ സര്‍ക്കാര്‍ ബോര്‍ഡ് രൂപീകരിച്ചില്ലെന്നും ഇത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും തമിഴ്‌നാട് ചൂണ്ടിക്കാട്ടുന്നു.
അന്തിമ ഉത്തരവില്‍ കേരളത്തിന് അധികജലം നല്‍കേണ്ടെന്ന നിലപാട് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജിയാണ് കേരളത്തിന്റെതായിട്ടുള്ളത്. കേരളത്തില്‍ നിന്ന് കിഴക്കോട്ടൊഴുകുന്ന കബനി, ഭവാനി, പാമ്പാര്‍ എന്നിവ കാവേരിയുടെ പോഷക നദികളാണ്. ഇവയില്‍ നിന്ന് 147 ടി.എം.സി വെള്ളം കാവേരിയിലേക്ക് ഒഴുകുന്നുണ്ട്.
അതിനാല്‍ ഇതിന് ആനുപാതികമായ വെള്ളം ലഭിക്കാന്‍ അവകാശമുണ്ടെന്നാണ് കേരളത്തിന്റെ വാദം. ഈ ഹരജികളിലെല്ലാം ഈ മാസം ഒമ്പതിനു വാദംകേള്‍ക്കുമെന്ന് ഇന്നലെ ചീഫ്ജസ്റ്റിസ് അറിയിച്ചു.
ഇന്നലെ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ്ജസ്റ്റിസ് മുമ്പാകെ തമിഴ്‌നാട് ആവശ്യപ്പെട്ടതോടെയാണ് അടുത്തയാഴ്ച തന്നെ കേസ് പരിഗണിക്കാന്‍ തീരുമാനമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."