സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത സംഭവം: സ്റ്റുഡിയോ ഉടമകളായ സഹോദരങ്ങള്‍ അറസ്റ്റില്‍
വടകര: വിവാഹ വിഡിയോകളില്‍ നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ സ്റ്റുഡിയോ ഉടമകളായ സഹോദരങ്ങള്‍ അറസ്റ്റില്‍.
വടകര സദയം സ്റ്റുഡിയോ ഉടമകളായ വൈക്കിലശ്ശേരി ചെറുവോട്ട് മീത്തല്‍ ദിനേശന് (44), സഹോദരന് സതീശന് (41) എന്നിവരെയാണ് വടകര ഡിവൈ.എസ്.പി ടി.പി.പ്രേമരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികള്‍ തൊട്ടില്‍പാലം കുണ്ടുതോടിലെ ചെറിയച്ഛന്റെ വീട്ടില്‍ നിന്ന് മറ്റു സ്ഥലത്തേക്ക് താമസം മാറ്റാനുള്ള നീക്കത്തിനിടയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ പൊലിസിന്റെ വലയിലാകുന്നത്.
ഇരുവരും കേസിലെ രണ്ടും മൂന്നും പ്രതികളാണെന്ന് റൂറല്‍ എസ്.പി എം.കെ.പുഷ്കരന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേസിലെ മുഖ്യ പ്രതിയായ സ്റ്റുഡിയോ ജീവനക്കാരന് കൈവേലി സ്വദേശി ബിബീഷിനെ പിടികൂടാനായിട്ടില്ല.
ഇയാളെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലിസ്. ഇയാള്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള വയനാട്, ഇടുക്കി,തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തി. രണ്ടു ദിവസത്തിനകം ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും എസ്.പി.പറഞ്ഞു.
രണ്ടായിരത്തോളം ഫോട്ടോകളുള്ള ഹാര്‍ഡ് ഡിസ്കില്‍ ആറു പേരുടെ ഫോട്ടോ മാത്രമാണ് മോര്‍ഫ് ചെയ്തതെന്ന് കണ്ടെത്തിയതായി പൊലിസ് പറഞ്ഞു. ആറു മാസം മുന്‍പ് ഉടമകളായ ദിനേശനും സതീശനും ഇതേപ്പറ്റി അറിയാമായിരുന്നിട്ടും ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.
ഒന്നാം പ്രതിയായ ബബീഷ് മോര്‍ഫ് ചെയ്ത ഫോട്ടോ ഇരകള്‍ക്ക് തന്നെ വ്യാജ ഐ.ഡി.ഉണ്ടാക്കി അയച്ചു കൊടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യുകയാണുണ്ടായതെന്ന് പൊലിസ് പറഞ്ഞു. മാനഹാനി ഭയന്ന് പലരും പുറത്ത് പറയാന്‍ മടിക്കുകയായിരുന്നു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഒരു നാടിനെ മുഴുവന്‍ ആശങ്കയിലാഴ്ത്തിയ സ്റ്റുഡിയോ ഉടമകള്‍ക്കും ജീവനക്കാരനുമെതിരേ വൈക്കിലശ്ശേരിയില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. നാട്ടുകാര്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരരംഗത്താണ്.
ഈ പ്രദേശത്തെ ആയിരക്കണക്കിനു വനിതകളുടെ ചിത്രങ്ങളാണ് വിവാഹ വിഡിയോവില്‍ നിന്നു പകര്‍ത്തി ഹാര്‍ഡ് ഡിസ്കില്‍ സൂക്ഷിച്ചതെന്നാണ് ആരോപണം. ഇതില്‍ നിന്നെടുത്ത ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവം വെളിച്ചത്തായതോടെ പരാതിയും പ്രതിഷേധവും ഉയരുകയായിരുന്നു. ഒരാഴ്ച മുന്‍പ് പൊലിസിന് രേഖാമൂലം പരാതി ലഭിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ആറു മാസം മുന്‍പ് ഇക്കാര്യം ചര്‍ച്ചാ വിഷയമായെങ്കിലും നാട്ടുകാര്‍ ആരംഭിച്ച മധ്യസ്ഥശ്രമം കാരണം പരാതി വൈകുകയായിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വടകര സി.ഐ.ഓഫിസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചതിന്റെ തലേ ദിവസമാണ് അറസ്റ്റ്. അന്വേഷണ സംഘത്തില്‍ സി.ഐ മാരായ ടി.മധുസൂദനന് നായര്‍, സി.ഭാനുമതി, എസ്.ഐ.അനിതകുമാരി, എ.എസ്.ഐ. ഗംഗാധരന്, സീനിയര്‍ സി.പി.ഒ കെ.പി രാജീവന്, സി.പി.ഒ മാരായ ഷീബ, മോഹനന്, സിനോജ്, സിനു, ഷിരാജ്, ഷാജി എന്നിവരുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."