പണിമുടക്കിന് പിന്തുണ ചെണ്ടകൊട്ടി പ്രതിഷേധവുമായി അശോകന്‍
ചെറുവത്തൂര്‍: കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ ചെണ്ടകൊട്ടി പ്രതിഷേധമറിയിച്ചു അശോകന്‍ പെരിങ്ങാര. പണിമുടക്ക് ദിനത്തില്‍ കാലിക്കടവ് മുതല്‍ പയ്യന്നൂര്‍ വരെയായിരുന്നു ഒറ്റയാള്‍ പ്രതിഷേധം. ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കരുതെന്ന ബോര്‍ഡ് കഴുത്തില്‍ തൂക്കി പന്ത്രണ്ടു മണിക്കൂര്‍ അശോകന്‍ ചെണ്ടകൊട്ടി. ചീമേനി പെരിങ്ങാര സ്വദേശിയായ അശോകന്‍ ഒറ്റയ്ക്ക് വേറിട്ട നിരവധി പ്രതിഷേധ സമരങ്ങള്‍ നടത്തിയിട്ടുണ്ട്.അഖണ്ഡപ്രയാണം എന്നായിരുന്നു ഇത്തവണത്തെ സമരത്തിന്റെ പേര്. ചീമേനി കാക്കടവില്‍ ചായക്കട നടത്തുകയാണ് ഇദ്ദേഹം.
റബ്ബര്‍ വിലത്തകര്‍ച്ചയ്ക്ക് എതിരേ ഇരുപത് കിലോമീറ്റര്‍ നടന്നും, പെട്രോള്‍ വിലവര്‍ദനയ്‌ക്കെതിരെ കാക്കടവ് മുതല്‍ കാസര്‍കോട് വരെ തനിച്ച് കാല്‍നട യാത്ര നടത്തിയും അശോകന്‍ നടത്തിയ സമരങ്ങള്‍ ജനശ്രദ്ധ നേടിയിരുന്നു. പെട്രോള്‍ വില തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചപ്പോള്‍ ദേശീയപാതയോരത്ത് ചെറുവത്തൂരില്‍ അഞ്ചു മണിക്കൂര്‍ പ്രതീകാത്മക ശവമായി കിടന്നും പ്രതിഷേധിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം അനുവദിക്കാത്തതിനെതിരേ 85 കിലോമീറ്ററോളം സൈക്കിള്‍ യാത്രനടത്തിയായിരുന്നു പ്രതിഷേധിച്ചത്. പടുവളം മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് റോഡരികിലൂടെ ശയന പ്രദക്ഷിണം നടത്തിയും, വിലക്കയറ്റത്തിനെതിരേ തലയില്‍ അടുപ്പ് കൂട്ടിയും അശോകന്‍ വേറിട്ട സമരം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."