വേനല്‍ മഴ: മലയോരത്ത് വ്യാപക നാശം
ആലക്കോട്: കാറ്റിലും മഴയിലും മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം. ഉദയഗിരിയില്‍ മൂന്നു വീടുകള്‍ തകര്‍ന്നു. ഇന്നലെ ഉച്ചയോടെയാണ് ശക്തമായ കാറ്റും മഴയും മലയോരത്ത് നാശം വിതച്ചത്. ഉദയഗിരി അരിവിളഞ്ഞ പൊയിലിലെ പന്തലാട്ടില്‍ സോമശേഖരന്റെ വീട് മരം വീണ് തകര്‍ന്നു. തുമരക്കാട് കോളനിയിലെ മാപ്പിള തുണ്ടത്തില്‍ ജോസ്, രജനി എന്നിവരുടെ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. തടിക്കടവ്, കോട്ടക്കടവ്, കുറ്റിപ്പുഴ പ്രദേശങ്ങളില്‍ ശക്തമായ കാറ്റില്‍ നിരവധി കൃഷിയിടങ്ങള്‍ തകര്‍ന്നു. ചപ്പാരപ്പടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി നടുപ്പറമ്പിലിന്റെ കോട്ടക്കടവിലെ വീട് മരം വീണ് തകര്‍ന്നു.
കുറ്റിപ്പുഴയിലെ മാത്യു ചെരിയന്‍ കാലായുടെ വീടിനു മുകളിലേക്ക് തെങ്ങ് വീണു. തടിക്കടവിലെ മഞ്ഞത്തുവളപ്പില്‍ ബിനുവിന്റെ വീടിനു മുകളില്‍ റബര്‍ മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി ലൈനുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണതിനാല്‍ മലയോര മേഖലയിലെ വൈദ്യുതി ബന്ധം തകരാറിലായി. എരമം കുറ്റൂര്‍ പഞ്ചായത്തിലെ കക്കറ, പുറവട്ടം, വെള്ളോറ ഭാഗങ്ങളിലും വ്യാപകമായ നാശനഷ്ടമുണ്ടായി. കക്കറ പുറവട്ടം മൂന്ന് സെന്റ് കോളനിയിലെ നിരവധി വീടുകള്‍ക്ക് നാശം നേരിട്ടു.
വട്ടവിള ചന്ദ്രിക, അടുക്കാടന്‍ ബാബു, കാരോത്ത് വളപ്പില്‍ ലക്ഷമി, ഷണ്‍മുഖന്‍ എന്നിവരുടെ വീടുകള്‍ ഭാഗികമായും കോളനിയിലെ ശാന്തയുടെ വീട് പൂര്‍ണമായും തകര്‍ന്നു.
പെരിങ്ങോം പഞ്ചായത്തിലെ കടുക്കാരം കരിമണല്‍ പ്രദേശങ്ങളിലും വീടുകള്‍ക്ക് നാശമുണ്ടായി. തേര്‍ത്തല്ലി കോടോപ്പള്ളിയില്‍ കാറിനു മുകളിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."