സാങ്കേതിക കുരുക്കില്‍ ഭൂമിയുടെ അവകാശം നഷ്ടപ്പെട്ട് 32 കുടുംബങ്ങള്‍
അനൂപ് പെരിയല്‍
നീലേശ്വരം: പട്ടയം കൈവശമുണ്ടായിട്ടും സാങ്കേതികതയുടെ പേരില്‍ ഭൂമിയുടെ അവകാശം നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുകയാണ് കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ പെട്ട കൂടോലിലെ 32 കുടുംബങ്ങള്‍. ഇവരുടെ 58 ഏക്കര്‍ ഭൂമിയാണ് സാങ്കേതികക്കുരുക്കില്‍ പെട്ട് മിച്ചഭൂമിയായി മാറിയത്. കരമടയ്ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് ഇവരുള്ളത്. വെളളരിക്കുണ്ട് താലൂക്കിലെ പരപ്പ വില്ലേജില്‍ പെട്ട 152 1 സി സര്‍വേ നമ്പറില്‍ പെട്ട ഭൂമിയാണിത്.
2008ലാണ് സ്വന്തം സ്ഥലം മിച്ചഭൂമിയായ കാര്യം ഇവര്‍ അറിയുന്നത്. പത്തു വര്‍ഷമായി ഇവര്‍ക്ക് നികുതി അടയ്ക്കാനും കഴിയുന്നില്ല. പട്ടയം കൈവശമുള്ള 18 കുടുംബങ്ങള്‍ വീടുവച്ചും കൃഷി ചെയ്തും ഇവിടെ താമസിക്കുന്നുണ്ട്. ഇവരില്‍ പലരും കുടിയാന്മാരില്‍ നിന്ന് പണം കൊടുത്ത് സ്ഥലം കൈവശപ്പെടുത്തിയതാണ്. കൂടാതെ വര്‍ഷങ്ങളായി സ്ഥലം കൈവശം വയ്ക്കുന്നവരാണ് മറ്റു 14 കുടുംബങ്ങള്‍. ഇതിനിടെ പലരും സ്ഥലം ക്രയവിക്രയം നടത്തിയിട്ടുമുണ്ട്. അധികൃതരുടെ അനാസ്ഥയാണ് ഈ സ്ഥിതിക്കു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
1976 ലാണ് 68 ഏക്കര്‍ സ്ഥലത്തിന്റെ പട്ടയം അന്നത്തെ ജന്മിയായിരുന്ന കക്കാട്ട് കോവിലകത്തെ മഹാപ്രഭ തമ്പുരാട്ടി കര്‍ഷക കുടുംബങ്ങള്‍ക്ക് നല്‍കിയത്. പിന്നീട് ഇതേ ഭൂമിയുടെ കൈവശാവകാശം തമ്പുരാട്ടി ശംഭു നമ്പൂതിരി എന്നയാള്‍ക്ക് നല്‍കി.
അദ്ദേഹമാകട്ടെ പത്ത് ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്ക് പതിച്ചു നല്‍കുകയും, നോക്കി നടത്താന്‍ കഴിയാത്തതിനാല്‍ ബാക്കി 58 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്ക് നല്‍കുകയും ചെയ്തു. ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍, ഈ ഭൂമിയുടെ പട്ടയം മറ്റാര്‍ക്കെങ്കിലും നല്‍കിയിട്ടുണ്ടോ എന്നു പരിശോധിച്ചതുമില്ല. ഇതാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. വെള്ളരിക്കുണ്ട് താലൂക്ക് രൂപീകൃതമായതിനു ശേഷം തഹസില്‍ദാര്‍ ഇവിടെയുള്ള ഭൂമി അളന്നു തിട്ടപ്പെടുത്തായിരുന്നു. എന്നാല്‍ പിന്നീട് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നടപടികള്‍ നീട്ടിക്കൊണ്ടു പോകുകയാണ്. നിലവില്‍ ഇവിടെ താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരം വീടു നിര്‍മിക്കാനോ, വായ്പയെടുക്കാനോ, കാര്‍ഷിക ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാനോ കഴിയാത്ത സ്ഥിതിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."