മുസ്‌ലിം സ്ത്രീകളോടുള്ള കേന്ദ്രത്തിന്റെ സ്‌നേഹം കാപട്യം: വ്യക്തിനിയമ ബോര്‍ഡ് വനിതാ നേതാക്കള്‍
ന്യൂഡല്‍ഹി: രാജ്യത്തെ മുസ്‌ലിം സ്ത്രീകളോടുള്ള കേന്ദ്രസര്‍ക്കാര്‍ സ്‌നേഹം കപടമാണെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വനിതാനേതാക്കള്‍. ലിംഗവിവേചനം, വനിതാബില്‍, പൊതുഇടങ്ങളിലെ സ്ത്രീസുരക്ഷ, സ്ത്രീ വിദ്യാഭ്യാസം, ഭ്രൂണഹത്യ ഉള്‍പ്പെടെയുള്ള ഗൗരവമുള്ള വിഷയങ്ങള്‍ നിലനില്‍ക്കെത്തന്നെ മുത്വലാഖ് സംബന്ധിച്ച സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ മറവില്‍ മുത്വലാഖ് ക്രിമിനല്‍വല്‍കരിച്ചുള്ള നിയമം കൊണ്ടുവരുന്നത് രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ക്കണ്ടാണെന്ന് വനിതാ വിഭാഗം കണ്‍വീനര്‍ ഡോ. അസ്മാ സുഹ്‌റ ആരോപിച്ചു. ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ ഈ ബില്‍ ലോക്‌സഭയിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് സര്‍ക്കാര്‍ പാസാക്കിയെടുത്തിരിക്കുകയാണ്. വിഷയത്തില്‍ തങ്ങള്‍ക്കു പറയാനുള്ളത് കേള്‍ക്കണമെന്നഭ്യര്‍ഥിച്ച് പലതവണ രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചെങ്കിലും ഇതുവരെ ലഭിച്ചില്ലെന്നും അസ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ അത് ദുരുപയോഗം ചെയ്യാന്‍ സാധ്യത കൂടുതലാണ്. മുസ്‌ലിം മതനേതാക്കളുമായോ മുസ്‌ലിം സ്ത്രീകളുമായോ കൂടിയാലോചിക്കാതെയാണ് ബില്‍ കൊണ്ടുവന്നത്. മുത്വലാഖ് മുഖേന സ്ത്രീയെ ഉപേക്ഷിക്കുന്ന പുരുഷനെ ജയിലിലടക്കുന്നതോടെ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും വീണ്ടും വഴിയാധാരമാവുകയാണ് .
ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവുമധികം അന്തസ്സും പദവിയും നല്‍കുന്ന മതമാണ് ഇസ്‌ലാം. ആ മതത്തിനെ അവഹേളിക്കുകയാണ് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നതിലൂടെ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
ബില്ലിനെതിരായ പ്രതിഷേധപരിപാടികളുടെ ഭാഗമായി ഇന്ന് രാവിലെ ഡല്‍ഹി രാംലീലാ മൈതാനിയില്‍ റാലി നടക്കുമെന്നും അസ്മ സുഹറ, നിലോഫര്‍ മുസഫര്‍, അതിയ സിദ്ദീഖ, യാസ്മീന്‍, സഹ്്മൂദാ മജീദ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."