മിച്ചഭൂമി അട്ടിമറി; സമരങ്ങളാല്‍ നിറഞ്ഞ് കലക്ടറേറ്റ്
കല്‍പ്പറ്റ: സി.പി.ഐ ജില്ലാ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവും എല്‍.എ ഡെപ്യൂട്ടി കലക്ടറും കുറ്റാരോപിതരായ മിച്ചഭൂമി അട്ടിമറി ഇന്നലെ വയനാട് കലക്ടറേറ്റിനെ സമരങ്ങള്‍ കൊണ്ട് നിറച്ചു. വിവാദം പുകഞ്ഞതോടെ ആദ്യ പ്രതിഷേധ സമരവുമായി രംഗത്തെത്തിയത് യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയായിരുന്നു.
രാവിലെ 11ഓടെ പ്രകടനമായി കലക്ടറേറ്റ് പടിക്കലെത്തിയ പ്രവര്‍ത്തകരെ ഒന്നാം ഗേറ്റിന് മുന്നില്‍ പൊലിസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.
തുടര്‍ന്ന് ഇവര്‍ റവന്യൂമന്ത്രിയുടെ കോലം കലക്ടറേറ്റിന് മുന്നില്‍ വെച്ച് കത്തിച്ചു. ഇവര്‍ പിരിഞ്ഞു പോകുമ്പോഴേക്കും ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാന വിഷയത്തിലെ പ്രതിഷേധ പ്രകടനം കലക്ടറേറ്റ് പടിക്കലെത്തി. ബാരിക്കേഡ് കടന്ന് കലക്ടറേറ്റിലേക്ക് കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും പൊലിസ് ഇടപെട്ട് ശ്രമം ഉപേക്ഷിപ്പിച്ചു.
തുടര്‍ന്ന് അല്‍പനേരം പ്രവര്‍ത്തകര്‍ കലക്ടറേറ്റിന് മുന്നില്‍ ഉപരോധം തീര്‍ത്തു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ പ്രകടനം കലക്ടറേറ്റ് പടിക്കലെത്തി. ഒന്നാം ഗേറ്റില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഉപരോധം തീര്‍ത്തതിനാല്‍ രണ്ടാം ഗേറ്റിലേക്ക് പോയ പ്രവര്‍ത്തകര്‍ പൊലീസ് തീര്‍ത്ത ബാരിക്കേഡ് മറികടക്കാനായി ശ്രമം നടത്തി.
ഇതോടെ നാമമാത്രമായ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയതോതില്‍ കയ്യാങ്കളിയായി. സംഘര്‍ഷം രൂക്ഷമാകുമെന്ന ഘട്ടമെത്തിയപ്പോള്‍ പൊലീസ് ലാത്തിവീശി. ഇതോടെ സംഘര്‍ഷത്തിന് അയവ് വന്നു. ഉപരോധ സമരത്തിനെ അഭിസംബോധനം ചെയ്ത് നേതാക്കള്‍ സംസാരിക്കുമ്പോഴും പ്രവര്‍ത്തകരുടെ രോഷത്തിന് അയവ് വന്നിരുന്നില്ല. അവര്‍ പൊലിസിനെതിരേ മുദ്രാവാക്യം മുഴക്കി കൊണ്ടേയിരുന്നു.
മാര്‍ച്ചില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പാര്‍ലമെന്റ് സെക്രട്ടറി എം.കെ ഇന്ദ്രജിത്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയ്, ഷമീര്‍ വൈത്തിരി എന്നിവര്‍ക്ക് പരുക്കേറ്റു. യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം ഏതാണ്ട് അവസാനിച്ചപ്പോഴേക്കും സി.പി.ഐ(എം.എല്‍) പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനമായി കലക്ടറേറ്റിന്റെ ഒന്നാം ഗേറ്റിന് മുന്നിലെത്തി. ഇവിടെ അല്‍പനേരം ചിലവഴിച്ച സമരക്കാര്‍ വിവാദ ഭൂമിയില്‍ കൊടിനാട്ടാനായി കല്‍പ്പറ്റയില്‍ നിന്ന് കാല്‍നടയായി കുറുമ്പാലക്കോട്ടയിലെ മിച്ച ഭൂമിയിലേക്ക് മാര്‍ച്ച് നടത്തി. അതിന് മുന്‍പ് വിജയ പമ്പ് പരിസരത്ത് റവന്യൂമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു.
ഇതോടെയാണ് കലക്ടറേറ്റിന് സമീപത്തെ സമരങ്ങള്‍ക്ക് താല്‍ക്കാലികമായി ഇന്നലെ അറുതിയുണ്ടായത്. സി.പി.ഐ നേതാക്കളുടെ പിന്തുണയോടെ റവന്യൂ ഉദ്യോഗസ്ഥരും ഭൂമാഫിയയും സര്‍ക്കാര്‍ ഭൂമി തരംമാറ്റി വില്‍ക്കാന്‍ നീക്കം നടത്തുന്നതായി വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് കലക്ടറേറ്റ് സമരങ്ങള്‍ കൊണ്ട് നിറഞ്ഞത്. ഭൂമി തരം മാറ്റാന്‍ കൈക്കൂലി വാങ്ങിയതായി ചാനല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് വയനാട് ഡെപ്യൂട്ടി കലക്ടര്‍(എല്‍.എ) ടി. സോമനാഥനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."