ജനങ്ങളുടെ ആശങ്കയകറ്റണം: മുസ്ലിം ലീഗ്
മലപ്പുറം: ജില്ലയില്‍ ദേശീയപാത വികസനത്തിനായി സ്ഥലമെടുക്കുന്നതുമായി ബന്ധപ്പെട്ടു നടക്കുന്ന സര്‍വേയില്‍ ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ സന്നദ്ധമാകണമെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി.
ജനാധിപത്യ രീതികളിലൂടെയല്ലാതെ പൊലിസിനെ ഉപയോഗിച്ചു നടത്തുന്ന സര്‍വേ ഭീതി പരത്തുന്നതിനു കാരണമായിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ നടന്ന വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയതു സായുധ സന്നാഹത്തോടുകൂടിയായിരുന്നില്ല. പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും സമയം നല്‍കാതെ ധൃതിപിടിച്ചുള്ള നടപടികള്‍ സംശയകരമാണെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
നിലവിലുള്ള റോഡ് പരമാവധി ഉപയോഗപ്പെടുത്തി ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി വികസനം സാധ്യമാക്കുക, വീടുകളും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവര്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കുക, ഭൂമിക്കു മാര്‍ക്കറ്റ് വില നിശ്ചയിച്ച് ഏറ്റെടുക്കുക, എറണാകുളം മെട്രോ പദ്ധതിക്കു നല്കിയ നഷ്ടപരിഹാരത്തിന്റെ മാനദണ്ഡം സ്വീകരിക്കുക, നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുന്നതുവരെ സര്‍വേ നിര്‍ത്തിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു സര്‍ക്കാരിനെ സമീപിക്കാന്‍ തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്വീഫ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."