മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്: എല്‍.ഡി.എഫ് പിന്തുണയില്‍ കേരള കോണ്‍ഗ്രസ് അംഗം വികസന ഉപസമിതിയില്‍
മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി അംഗത്തെ തെരഞ്ഞെടുക്കാന്‍ കൂടിയ യോഗത്തില്‍ എല്‍.ഡി.എഫ് പിന്തുണയോടെ കേരളകോണ്‍ഗ്രസ് മാണി വിഭാഗം അംഗം ചിന്നമ്മ ഷൈന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ ആര്‍.ഡി.ഒ എസ് ഷാജഹാന്‍ വരണധികാരിയായി ചേര്‍ന്ന തെരഞ്ഞെടുപ്പിലാണ് നാടകീയരംഗങ്ങള്‍ ഉണ്ടായത്.
ബ്ലോക്ക് പഞ്ചായത്തിലെ ഒഴിവുള്ള വികസന സ്റ്റാന്റിങ് കമ്മിറ്റി അംഗത്തെ തെരഞ്ഞെടുക്കാനാണ് യോഗം ചേര്‍ന്നത്. നടപടിക്രമം അനുസരിച്ച് ഒരാഴ്ച മുമ്പ്തന്നെ തെരഞ്ഞെടുപ്പിന് എത്തിച്ചേരാനുള്ള നോട്ടീസ് അംഗങ്ങള്‍ക്ക് നല്‍കിയിരുന്നു. അതനുസരിച്ച് ഇന്നലെ ആര്‍.ഡി.ഒ യോഗത്തിനെത്തിയെങ്കിലും 13അംഗ ബ്ലോക്ക് ഭരണസമിതിയില്‍ ആറ് പേര്‍ മാത്രമാണ് ഹാജരായിരുന്നത്. എല്‍.ഡി.എഫിലെ അഞ്ച് അംഗങ്ങളെ കൂടാതെ യു.ഡി.എഫിലെ കേരളകോണ്‍ഗ്രസ് അംഗം ചിന്നമ്മ ഷൈന്‍ മാത്രമാണെത്തിയിരുന്നത്. കോറം തികയാത്തതിനാല്‍ യോഗം മാറ്റിവയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ആര്‍.ഡി.ഒ നിയമവൃത്തങ്ങളുമായാലോചിച്ച് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചതോടെ യു.ഡി.എഫ് അംഗമായ ചിന്നമ്മഷൈന്‍ യോഗത്തില്‍ ഹാജര്‍ ഒപ്പിടാതെ പുറത്ത് പോകുകയായിരുന്നു.
വികസനകാര്യസമിതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടേണ്ട ചിന്നമ്മഷൈന്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍നിന്ന് വിട്ടുനിന്നതോടെ പഞ്ചായത്തീരാജ് ആക്ടിലെ തെരഞ്ഞെടുപ്പ് ചട്ടപ്രകാരം ഒഴിവുള്ള അംഗത്തെ തെരഞ്ഞെടുക്കാന്‍ സന്നിഹിതരായ ഭരണസമിതിയംഗങ്ങള്‍ക്കുള്ള അധികാരം ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ വരണാധികാരിയോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങളുമായി വിഷയം ചര്‍ച്ചചെയ്തശേഷം ആര്‍.ഡി.ഒ ആവശ്യം അംഗീകരിച്ചു. ഇതോടെ എല്‍.ഡി.എഫിലെ ബാബു ഐസക്ക് ചിന്നമ്മഷൈന്റെ പേര് നിര്‍ദേശിച്ചു. ടി.എം ഹാരിസ് പിന്താങ്ങി. എല്‍.ഡി.എഫ് അംഗമായ സ്മിത സിജു, ഒ.സി ഏലിയാസ്, ബബിത. ടി.എച്ച് എന്നിവരും നിര്‍ദ്ദേശത്തെ പിന്തുണച്ചതോടെ ചിന്നമ്മഷൈന്‍ തെരഞ്ഞെടുക്കപ്പെട്ടതായി ആര്‍ഡിഒ വിവരം അംഗത്തെ രജിസ്‌ട്രേഡ് തപാലില്‍ അറിയിക്കാന്‍ നിര്‍ദ്ദേശിച്ച് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി. യു.ഡി.എഫില്‍ ചിന്നമ്മഷൈന്‍, മേരി ബേബി എന്നിവരെ ആരെ തെരഞ്ഞെടുക്കുമെന്ന് കാര്യത്തില്‍ ധാരണയാകാത്തതാണ് യു.ഡി.എഫ് അംഗങ്ങള്‍ വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."