യു.എന്‍ ഭീകരരുടെ പട്ടികയില്‍ ദാവൂദ് ഉള്‍പ്പെടെ 139 പാകിസ്താനികള്‍
ന്യൂയോര്‍ക്ക്: യു.എന്‍ രക്ഷാസമിതി പുറത്തിറക്കിയ ഭീകരരുടെ പുതിയ പട്ടികയില്‍ 139 പാകിസ്താനികള്‍. മുംബൈ ഭീകരാക്രമണ ആസൂത്രകന്‍ ഹാഫിസ് സഈദ്, ഉസാമ ബിന്‍ലാദന്റെ പിന്‍ഗാമി അയ്മന്‍ അല്‍ സവാഹിരി എന്നിവരും പട്ടികയിലുണ്ട്.
പാകിസ്താന്‍ ഒളിത്താവളമാക്കിയ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമാണ് പട്ടികയിലുള്ള മറ്റൊരാള്‍. 1993ലെ മുംബൈ സ്‌ഫോടന കേസിലെ മുഖ്യ ആസൂത്രകനായിരുന്ന ദാവൂദിനെ ഇന്ത്യ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
യു.എ.ഇ, സ്‌പെയിന്‍, മൊറോക്കോ, സൈപ്രസ്, ഓസ്‌ട്രേലിയ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വത്തുകളുള്ള ദാവൂദ് സൈന്യത്തിന്റെ പിന്തുണയോടെയാണ് പാകിസ്താനില്‍ ഒളിച്ചുതാമസിക്കുന്നതെന്നാണ് വിവരം.
ഇദ്ദേഹത്തിന്റെ പക്കല്‍ റാവല്‍പിണ്ടി, കറാച്ചി എന്നിവിടങ്ങളിലുള്ള നിരവധി പാസ്‌പോര്‍ട്ടുകളുണ്ടെന്ന് രക്ഷാസമിതി റിപ്പോര്‍ട്ടിലുണ്ട്. അയ്മന്‍ അല്‍ സവാഹരിയാണ് ഭീകരപട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഇദ്ദേഹം പാകിസ്തനിലുണ്ടെന്നും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ നിന്നാണ് നേതൃത്വം നല്‍കുന്നതെന്നും പാകിസ്താന്‍ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ പങ്കാളിത്വമുള്ള ലഷ്‌കര്‍ തലവന്‍ ഹാഫിസ് സഈദിനെ ഇന്റര്‍പോള്‍ തെരയുന്നതിനിടെയാണ് അദ്ദേഹത്തെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ലഷ്‌കറിന്റെ മാധ്യമ വിഭാഗം കൈകാര്യം ചെയ്യുന്ന ഹാജി മുഹമ്മദ് യഹ്‌യ, ഹാഫിസ് സഈദിന്റെ സഹായി അബ്ദുല്‍ സാലാം, സഫര്‍ ഇക്ബാല്‍ എന്നിവരും പട്ടികയിലുണ്ട്.
യമന്‍ പൗരനായ റംസി മുഹമ്മദ് ബിന്‍ അല്‍ ശൈബാനാണ് ഭീകരപട്ടികയിലുള്ളത്. കറാച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ യു.എസ് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.
എന്നാല്‍ ഭീകരരുടെ പട്ടികയില്‍ ആകെ എത്ര പേരുണ്ടെന്ന കാര്യം വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."