വടകരയിലെ മോര്‍ഫിങ് കേസ്; മുഖ്യപ്രതി അറസ്റ്റില്‍
തൊടുപുഴ/വടകര: വിവാഹ വിഡിയോകളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ച സംഭവത്തിലെ മുഖ്യപ്രതിയെ ഇടുക്കി രാജമുടിയില്‍ വച്ച് പൊലിസ് പിടികൂടി. കക്കട്ടില്‍ ചീക്കോന്ന് വെസ്റ്റ് കൈവേലിക്കല്‍ ബിബീഷിനെ(35) യാണ് വടകര സി.ഐ മധുസൂദനന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഒളിവില്‍ കഴിയവേ പിടികൂടിയത്. ബിബീഷിനെ ഇന്നലെ വൈകിട്ടോടെ വടകരയിലേക്ക് കൊണ്ടു വന്നു.
ഇടുക്കി രാജമുടിയില്‍ ഭാര്യയുടെ ബന്ധുവീടിന് സമീപം ഒളിവില്‍ കഴിയവേയാണ് ബിബീഷിനെ പിടികൂടിയതെന്ന് റൂറല്‍ എസ്.പി പുഷ്‌കരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റബര്‍ എസ്റ്റേറ്റിനുള്ളിലെ ആളൊഴിഞ്ഞ വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്നു ഇയാള്‍.
ഫോണ്‍ കോളുകള്‍ പരിശോധിച്ച സൈബര്‍ സെല്‍ ഒളിവില്‍ കഴിയുന്ന പ്രദേശം ഏതെന്ന് മനസിലാക്കി. പുലര്‍ച്ചെ 5 മണിയോടെ റബര്‍ എസ്‌റ്റേറ്റിലെത്തിയ പൊലിസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ഉറക്കത്തിലായിരുന്ന ബിബീഷ് പൊലിസ് നടപടിയെ പ്രതിരോധിക്കാതെ കീഴടങ്ങുകയായിരുന്നു.
വയനാട്ടിലെ ഭാര്യ വീട്ടില്‍ പോയപ്പോഴാണ് പൊലിസ് തന്നെ അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ ബിബീഷ് അവിടെ നിന്ന് മുങ്ങിയത്. തുടര്‍ന്ന് തിരുവനന്തപുരത്തേക്കും പിന്നീട് ഇടുക്കിയിലേക്കും പോവുകയായിരുന്നു. ഭാര്യയുടെ ഇടുക്കിയിലെ ബന്ധുവീട്ടിന് സമീപം മൂന്ന് ദിവസമാണ് ഇയാള്‍ താമസിച്ചത്. ഇയാള്‍ക്ക് അവിടെ ആരൊക്കെ സഹായം ചെയ്തുവെന്ന കാര്യം പരിശോധിക്കുമെന്ന് പൊലിസ് പറഞ്ഞു.
അതേസമയം ബിബീഷ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍, കേസില്‍ നേരത്തെ അറസ്റ്റിലായ സ്റ്റുഡിയോ ഉടമ സതീശന്‍ സിഡിയിലേക്ക് കോപ്പി ചെയ്തിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.
ബിബീഷ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നുണ്ടെന്ന് സതീശന് നേരത്തെ അറിയാമായിരുന്നു. എന്നാല്‍ ബിബീഷ് സ്റ്റുഡിയോവില്‍ നിന്ന് ജോലി ഒഴിവാക്കി പോയപ്പോള്‍ സതീശന്‍ ചിത്രങ്ങള്‍ പുറത്തെത്തിക്കുകയായിരുന്നു.
ബിബീഷ് സ്വന്തമായി സ്റ്റുഡിയോ ആരംഭിക്കാനുള്ള തയാറെടുപ്പിലായിരുന്നു. ഈ സാഹചര്യത്തില്‍ സതീശന്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് ബിബീഷ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."