സുവര്‍ണ തീരമുണര്‍ന്നു
ഗോള്‍ഡ് കോസ്റ്റില്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് പോരാട്ടങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം. ആസ്ത്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന നിറവാര്‍ന്ന ഉദ്ഘാടന ചടങ്ങോടെയാണ് കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ക്ക് ആരംഭം കുറിച്ചത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളും അംഗ രാജ്യങ്ങളും ഉള്‍പ്പെടെ 71 രാഷ്ട്രങ്ങളിലെ താരങ്ങള്‍ 19 കായിക ഇനങ്ങളിലായി 275 മത്സരങ്ങളില്‍ ഏറ്റുമുട്ടും. ഈ മാസം 15 വരെയാണ് മത്സരങ്ങള്‍.
ചരിത്രവും സംസ്കാരവും ഇഴ ചേര്‍ത്ത് വിസ്മയം തീര്‍ത്ത ചടങ്ങുകള്‍ കാഴ്ചയൊരുക്കിയാണ് 21ാം കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കം കുറിച്ചത്. മത്സരങ്ങള്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ആരംഭിച്ചു. നൃത്ത, സംഗീത വിരുന്നും ചടങ്ങിന് മാറ്റ് കൂട്ടി. മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയത് ഒളിംപിക് വെള്ളി മെഡല്‍ ജേത്രിയായ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവാണ്. കറുത്ത സ്യൂട്ടണിഞ്ഞാണ് ഇന്ത്യന്‍ താരങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവര്‍ക്ക് പിന്നിലായാണ് ഏഷ്യന്‍ രാഷ്ട്രങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നത്. ബംഗ്ലാദേശിന് പിന്നാലെയാണ് ഇന്ത്യ എത്തിയത്. എട്ട് ഭിന്നശേഷി താരങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്കായി 218 താരങ്ങളാണ് കളത്തിലിറങ്ങുന്നത്.
ഇന്ന് അഞ്ചിനങ്ങളിലാണ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, സൈക്ലിങ് ട്രാക്ക്, നീന്തലിലെ വിവിധ വിഭാഗങ്ങള്‍, ട്രയാത്ലണ്, ഭാരോദ്വഹനം ഇനങ്ങളിലെ മെഡല്‍ ജേതാക്കളെ ഇന്നറിയാം. ഇന്ന് 19 വിഭാഗങ്ങളിലായി മെഡല്‍ ജേതാക്കളെ നിര്‍ണയിക്കും. ബാഡ്മിന്റണ്‍, ബാസ്ക്കറ്റ്ബോള്‍, ബോക്സിങ്, ഹോക്കി, ലോണ്‍ ബോള്‍സ്, നെറ്റ്ബോള്‍, സ്ക്വാഷ്, ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ക്കും ഇന്ന് തുടക്കമാകും.
ഗെയിംസിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ ഞായറാഴ്ച മുതലാണ് തുടങ്ങുന്നത്. ഇന്ത്യ ഏറെ മെഡല്‍ പ്രതീക്ഷിക്കുന്ന ഷൂട്ടിങ് മത്സരങ്ങളും ഞായറാഴ്ച ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."