ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിര്‍ണയ പദ്ധതിക്കു തുടക്കം
തിരുവനന്തപുരം: മുപ്പതുവയസിനുമേല്‍ പ്രായമുള്ളവരുടെ ജീവിതശൈലീ രോഗനിര്‍ണയം നടത്തി മാപ്പിങ് തയാറാക്കുന്ന ജനസംഖ്യാധിഷ്ഠിത ജീവിശൈലീ രോഗനിര്‍ണയ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി.
വേളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യവകുപ്പു മന്ത്രി കെ.കെ ശൈലജ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ 850 പുതിയ തസ്തികകള്‍ സൃഷ്ടിച്ചതായി മന്ത്രി പറഞ്ഞു.
ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, ലാബ് ടെക്‌നീഷ്യന്‍മാര്‍ എന്നിവരുടെ 170 തസ്തിക വീതവും നഴ്‌സുമാരുടെ 340 തസ്തികയും പുതുതായി സൃഷ്ടിച്ചു.
ഈ വര്‍ഷം 500 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും ഇതില്‍ തീരദേശ ആദിവാസി മേഖലക്ക് വലിയ പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഒരുപ്രദേശത്തെ എല്ലാ ജനങ്ങളെയും പരിശോധനക്ക് വിധേയമാക്കി ജീവിതശൈലീരോഗ സാന്ദ്രത പട്ടിക രൂപപ്പെടുത്തുകയാണ് ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിര്‍ണയ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും ലോകാരോഗ്യ സംഘടനയുടെയും സഹകരണത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ഇന്ത്യ ഹൈപ്പര്‍ ടെന്‍ഷന്‍ മാനേജ്‌മെന്റ് ഇനിഷ്യേറ്റീവില്‍ (ഐ.എച്ച്.എം.ഐ) ഉള്‍പ്പെടുത്തിയ തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍, വയനാട് എന്നീ ജില്ലകള്‍ക്കൊപ്പം ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളെക്കൂടി ചേര്‍ത്താണ് പദ്ധതി ആരംഭിച്ചത്.
ജീവിതശൈലി രോഗചികിത്സ സംബന്ധിച്ച വിവിധ മാര്‍ഗരേഖകള്‍ മന്ത്രി പ്രകാശനം ചെയ്തു. കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ അധ്യക്ഷയായി.
ആരോഗ്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, നഗരസഭാംഗങ്ങളായ മേടയില്‍ വിക്രമന്‍, ശിവദത്ത്, സുനി ചന്ദ്രന്‍, ഇ ഹെല്‍ത്ത് പദ്ധതി ഡയരക്ടര്‍ സാംബശിവ റാവു, ആരോഗ്യവകുപ്പ് ഡയരക്ടര്‍ ഡോ. ആര്‍.എല്‍ സരിത, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.പി പ്രീത, ഡോ. ടോംഫ്രീഡന്‍, ഡോ. ചെറിയാന്‍ വര്‍ഗീസ്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്നകുമാരി, ഡോ. ടി.കെ സുമ, ഡോ. എസ്. ചാന്ദിനി, ഡോ. കെ.ജെ റീന, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."