ദേശീയപാത വികസനം: പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ സര്‍വേ പുരോഗമിക്കുന്നു
തിരൂരങ്ങാടി: ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പിനു ജില്ലയിലെ സര്‍വേ നടപടികള്‍ പുരോഗമിക്കുന്നു. പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ ഇന്നലെ കക്കാടിനടുത്തു കരുമ്പില്വരെ മാര്‍ക്കിങ് പൂര്‍ത്തിയാക്കി. വെന്നിയൂര്‍, കാച്ചടി, കരുമ്പില്‍ ഭാഗങ്ങളിലാണ് ഇന്നലെ സര്‍വേ പൂര്‍ത്തിയാക്കിയത്.
രാവിലെ എട്ടോടെ ആരംഭിച്ച സര്‍വേ ഉച്ചയ്ക്ക് അവസാനിച്ചു. വെന്നിയൂര്‍ ജുമാമസ്ജിദിന്റെ ഖബര്സ്ഥാനടക്കമുള്ള സ്ഥലങ്ങള്‍ അലൈന്മെന്റില് ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്നലെ ഈ ഭാഗം അളന്നു സര്‍വേക്കല്ല് നാട്ടി.
ജനവാസ കേന്ദ്രമായതിനാല്‍ പ്രതിഷേധക്കാരെ നേരിടാന്‍ മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, തിരൂരങ്ങാടി സി.ഐ സുനില്‍കുമാര്‍, കൊണ്ടോട്ടി സി.ഐ ഹനീഫ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുന്നൂറോളം പൊലിസുകാര്‍ സ്ഥലത്തെത്തിയിരുന്നു. ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം അളന്ന് മാര്‍ക്ക് ചെയ്തു. ഇന്നു കക്കാട്, കൂരിയാട് ഭാഗങ്ങളില്‍ സര്‍വേ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."