പെരിയാറിലെ മണല്‍ വാരല്‍: അന്വേഷണം നടത്തുമെന്ന് പൊലിസ് മേധാവി
ആലുവ: പെരിയാറില്‍ നിന്നും അനധികൃതമായി വാരിയ അഞ്ച് ലോഡ് മണല്‍ പിടികൂടിയിട്ടും വീട്ടുടമക്കെതിരെ പൊലിസ് കേസെടുക്കാതിരുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് റൂറല്‍ എസ്.പി യതീഷ് ചന്ദ്ര പറഞ്ഞു. ഇതുസംബന്ധിച്ച മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്‌ക്വാഡ് പിടികൂടിയ മണല്‍ അന്നുതന്നെ ലോക്കല്‍ പൊലിസിന് കൈമാറിയിരുന്നു. കേസില്‍ ആരൊക്കെ പ്രതികളാണെന്ന് പരിശോധിച്ചിട്ടില്ലെന്നും ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായി അന്വേഷിക്കുമെന്നും എസ്.പി പറഞ്ഞു. തോട്ടക്കാട്ടുകര ജി.സി.ഡി.എ റോഡില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം നിര്‍മാണത്തിലിരിക്കുന്ന ബഹുനില വീട്ടില്‍ നിന്നാണ് കഴിഞ്ഞ മാസം അഞ്ചിന് മണല്‍ ശേഖരം പിടികൂടിയത്. പെരിയാര്‍ തീരത്ത് അടുപ്പിച്ച വഞ്ചിയില്‍ നിന്നും തലച്ചുമടായി മണല്‍ വീടിന്റെ ഭൂഗര്‍ഭ അറയിലേക്ക് നീക്കുമ്പോഴാണ് റൂറല്‍ എസ്.പിയുടെ സ്‌ക്വാഡ് പിടികൂടിയത്.
പൊലിസിനെ കണ്ടയുടന്‍ അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ പുഴയിലേക്ക് ചാടി നീന്തി രക്ഷപ്പെടുകയും ഇടനിലക്കാരന്‍ പിടിയിലാകുകയും ചെയ്തിരുന്നു. എന്നാല്‍ ഉന്നത സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി വീട്ടുടമയെ പൊലിസ് കേസില്‍ നിന്നൊഴിവാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റവന്യു വകുപ്പ് മണല്‍ ലേലത്തിനെത്തിയപ്പോഴാണ് വീട്ടുടമ പ്രതിയല്ലെന്ന വിവരം പുറത്തായത്. ഇതോടെ നാട്ടുകാരും സി.പി.ഐ പ്രവര്‍ത്തകരും പൊലിസിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും റൂറല്‍ എസ്.പിക്കും പരാതി നല്‍കുമെന്ന് എ.ഐ.ഐ.എഫ് ജില്ലാ ജോ: സെക്രട്ടറി പി.എം. ഫിറോസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."