കൂറ്റനാട് ഇനി ജനകീയ കൂട്ടായ്മയുടെ തണലില്‍
കൂറ്റനാട്: ശക്തമായ ചൂട് ചൊരിയുന്ന നട്ടുച്ചക്കും കൂറ്റനാടിന് കുളിര്. ആറ് വര്‍ഷം മുമ്പ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഹരിതവല്‍കരണം കൂറ്റനാടിന് നല്‍കുന്നത് ശുദ്ധവായുവും പച്ചപ്പും.
2008ല്‍ പശ്ചാത്തലമൊരുക്കിയ ശേഷം 2009ലാണ് 100 തൈകള്‍ നട്ടത്. ഉങ്ങ്, ഞാവല്‍, മഹാഗണി, മാവ്, പ്ലാവ്, പൂവരശ്, ആല്‍ എന്നീ ഇനങ്ങളാണ് നട്ടു പരിപാലിച്ചത്. ടൗണ്‍ കേന്ദ്രമാക്കിയാണ് ഹരിതവല്‍കരണം തുടങ്ങിയതെങ്കിലും അടുത്ത വര്‍ഷങ്ങളില്‍ പ്രധാന പാതയോരങ്ങളിലേക്ക് തൈ നടീല്‍ നീണ്ടു.
പൊന്നാനി റോഡ്, തൃത്താല റോഡ്, കുന്നംകുളം റോഡ്, പട്ടാമ്പി റോഡ് എന്നിങ്ങനെ വഴിയോരങ്ങള്‍ പച്ച വിരിച്ചു. തൈകള്‍ നടുന്നതിനോടൊപ്പം അവയുടെ പരിചരണവും ആവേശത്തോടെ നാട്ടുകാര്‍ ഏറ്റെടുത്തു.
ചുമട്ടു തൊഴിലാളികള്‍, വ്യാപാരികള്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ തൈകളുടെ പരിചരണത്തില്‍ പങ്കാളികളായി. ഇപ്പോള്‍ കൂറ്റനാടിന് പച്ച മേലാപ്പുണ്ട്. ഉച്ചചൂടകറ്റാന്‍ നിരവധി പേര്‍ ടൗണിലെ മരത്തണലില്‍ ഒത്തുകൂടുക പതിവായിട്ടുണ്ട്.
തൃത്താല വൈദ്യമഠത്തിനു സമീപം താന്നി, നെല്ലി, മണിമരുത് തുടങ്ങിയ ഔഷധ ചെടികളാണ് നട്ടത്. ഈ വര്‍ഷം രണ്ടായിരം പപ്പായ തൈകള്‍ നട്ടുവളര്‍ത്താനാണ് പരിപാടി.
മനുഷ്യര്‍ക്കും പക്ഷികള്‍ക്കും ഒരുപോലെ ഉപയോഗപ്പെടണമെന്ന് കരുതിയാണ് പപ്പായ നടുന്നത്. ഒരു വര്‍ഷം കൊണ്ട് ഫലം തരും എന്ന പ്രത്യേകത പപ്പായക്കുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകരായ ഷിനോ ജേക്കബ്, ഷണ്‍മുഖന്‍, ഇ.എം. ഉണ്ണികൃഷ്ണന്‍, കെ.വി. സുബൈര്‍, രാജന്‍ തുടങ്ങിയ പത്തോളം പേരാണ് പച്ചപ്പണിയിക്കാന്‍ യത്‌നിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."