റേഷന്‍ വിതരണം വൈകും; പത്തു മുതലെന്ന് അധികൃതര്‍
തൊടുപുഴ: ജില്ലയിലെ ഈ മാസത്തെ റേഷന്‍ വിതരണം വൈകും. റേഷന്‍ വിതരണം ബയോമെട്രിക് ഇ-പോസ് മെഷീന്‍ വഴിയാക്കിയെങ്കിലും കടയുടമകളുടെ സ്‌റ്റോക്ക് സംബന്ധിച്ച വിവരങ്ങള്‍ യന്ത്രത്തില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച കാലതാമസമാണ് കാരണമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ വിശദീകരിച്ചു. ഈ മാസം 10 മുതല്‍ മാത്രമേ റേഷന്‍ വിതരണം ആരംഭിക്കുകയുള്ളൂ.
ജില്ലയിലെ 702 റേഷന്‍ കടകളിലും ബയോമെട്രിക് ഇ-പോസ് യന്ത്രം സ്ഥാപിച്ചുകഴിഞ്ഞു. വിരലടയാളം പലപ്പോഴും കൃത്യമായി യന്ത്രത്തില്‍ ലഭിക്കുന്നില്ലെന്ന പരാതിയുമായി റേഷന്‍കട ഉടമകള്‍ രംഗത്തുവന്നിട്ടുണ്ട്. ഇതു പ്രശ്‌നങ്ങള്‍ക്കിടയാക്കുകയാണ്. ചിലയിടങ്ങളില്‍ ഇ-പോസ് യന്ത്രത്തിനു റേഞ്ച് ലഭിക്കുന്നില്ല. ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ഇ-പോസ് യന്ത്രവുമായി ബന്ധിപ്പിച്ചാണ് റേഷന്‍ വിതരണം ചെയ്യുക. റേഷന്‍ കടയിലെത്തുന്ന ഉപഭോക്താവ് യന്ത്രത്തില്‍ വിരലടയാളം നല്‍കുമ്പോള്‍ ആധാര്‍ ഡേറ്റാ ബേസില്‍ നിന്ന് അര്‍ഹമായ വിഹിതം സംബന്ധിച്ച വിവരം ലഭ്യമാവും. ഇതിന്റെ പ്രിന്റ്ഔട്ട് നല്‍കുന്നതിനൊപ്പം ഉപഭോക്താവിന്റെ മൊബൈല്‍ ഫോണില്‍ സന്ദേശവുമെത്തും. ഇതിനുശേഷം മാത്രമേ റേഷന്‍ തൂക്കി നല്‍കാന്‍ സാധിക്കുകയുള്ളു. പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു.
ഇ-പോസ് മെഷീന്‍ വന്നതോടെ കുടുംബത്തിനു പുറത്തുള്ളവരെ കാര്‍ഡുമായി വിട്ടു റേഷന്‍ വാങ്ങാന്‍ ഇനി കഴിയില്ല. കാര്‍ഡില്‍ പേരില്ലാത്തവരുടെ വിരലടയാളം യന്ത്രം നിരസിക്കും. റേഷന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ റേഷന്‍ വിഹിതം ചൂഷണരഹിതമായും കൃത്യമായും ലഭ്യമാക്കാനുള്ള പഴുത് അടച്ച സമ്പ്രദായമാണിത്. ഇ-പോസ് മെഷീന്‍ സംവിധാനം വന്നതോടെ റേഷന്‍ കടയുടമകളുടെ കമ്മിഷന്‍ തുക ഗുണഭോക്താവ് നല്‍കേണ്ടി വരും.
ഒരു കിലോഗ്രാം ധാന്യത്തിന് ഒരു രൂപ എന്ന നിരക്കിലാണ് കടയുടമകളുടെ കൈകാര്യ ചെലവായി കണക്കാക്കിയിരിക്കുന്നത്. ഇതോടെ സൗജന്യമായി ധാന്യം ലഭിച്ചിരുന്നവര്‍ ഒരു കിലോഗ്രാമിന് ഒരു രൂപയും, രണ്ടു രൂപ വിലയില്‍ ധാന്യം ലഭിക്കുന്നവര്‍ മൂന്നു രൂപയും നല്‍കണം. പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അരിക്ക് 8.90 രൂപയും ഗോതമ്പിന് 7.70 രൂപയും നല്‍കണം. കൈകാര്യ ചെലവ് അടക്കമുള്ള തുകയായിരിക്കും ഇനി ഇ-പോസ് മെഷീനില്‍ പ്രിന്റ് ചെയ്തു വരുന്നത്. അന്ത്യോദയ-അന്നയോജന ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായും സൗജന്യമായി തന്നെ ധാന്യങ്ങള്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."