കണ്ണൂരിലെ 137 വിദ്യാര്‍ഥികളുടെ ഭാവി കരിനിഴലില്‍
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് സുപ്രിംകോടതി സ്റ്റേ ചെയ്തതോടെ കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ 137 വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍.
2016-2017 എം.ബി.ബി.ണ്ടഎസ് പ്രവേശനം നേടിയ 137 വിദ്യാര്‍ഥികളുടെ മെഡിക്കല്‍ പഠനമാണ് ഉന്നത നീതിപീഠത്തിന്റെ സ്റ്റേ ഉത്തരവോടെ പ്രതിസന്ധിയിലായത്. പഠനം തുടങ്ങി രണ്ടാംവര്‍ഷം പിന്നിട്ടിട്ടും മെയിന്‍ പരീക്ഷയോ സപ്ലിമെന്ററി പരീക്ഷയോ എഴുതാന്‍ കഴിയാതിരുന്ന ഇവരുടെ ഏക പ്രതീക്ഷ 2017-18 പരീക്ഷയായിരുന്നു.
ഈ സ്വപ്നമാണ് സുപ്രിംകോടതിയുടെ സ്റ്റേയിലൂടെ ഇല്ലാതായത്. പ്രവേശനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം കണ്ണൂര്‍ മെഡിക്കല്‍കോളജ് മാനേജ്‌മെന്റിനു നല്‍കിയ 10 ലക്ഷം രൂപ വീതം തിരികെ നല്‍കണമെന്നാണു രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും ആവശ്യം.
2016-17 പ്രവേശന വേളയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച 50:50 മാനദണ്ഡം മാനേജ്‌മെന്റ് പാലിക്കാത്തതാണ് മെഡിക്കല്‍ കോളജിലെ പ്രശ്‌നങ്ങള്‍ക്കു തുടക്കം. ഇവിടത്തെ ആകെയുള്ള 150 സീറ്റുകളിലും മാനേജ്‌മെന്റ് സ്വന്തം നിലയ്ക്കു നിയമനം നടത്തി. പ്രവേശനത്തിന്റെ രേഖകള്‍ പ്രവേശന മേല്‍നോട്ട സമിതി ചെയര്‍മാനായിരുന്ന ജസ്റ്റിസ് ജയിംസ് പലവട്ടം ആവശ്യപ്പെട്ടെങ്കിലും മാനേജ്‌മെന്റ് നല്‍കാന്‍ തയാറായില്ല. ഇതേതുടര്‍ന്ന് ആ വര്‍ഷം കോളജില്‍ നടത്തിയ മുഴുവന്‍ പ്രവേശനവും റദ്ദാക്കി സ്‌പോട്ട് അഡ്മിഷന്‍ നടത്താന്‍ ജസ്റ്റിസ് ജയിംസ് ഉത്തരവിട്ടു. ഇതിനെതിരേ മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരം പ്രവേശന മേല്‍നോട്ട സമിതി രേഖകള്‍ ഹാജരാക്കാന്‍ വീണ്ടും അവസരം നല്‍കിയെങ്കിലും മാനേജ്‌മെന്റ് പിടിവാശി തുടരുകയായിരുന്നു.
സമിതിക്കെതിരേ സുപ്രിംകോടതിയെ സമീപിച്ച മാനേജ്‌മെന്റിനു തിരിച്ചടി നേരിട്ടു. തങ്ങള്‍ ന്യൂനപക്ഷ മാനേജ്‌മെന്റിനു കീഴിലാണെന്നും അതിനാലാണ് പ്രവേശന രേഖകള്‍ ഹാജരാക്കാതിരുന്നതെന്നുമുള്ള മാനേജ്‌മെന്റ് വാദം സുപ്രിംകോടതി നിരാകരിച്ചു.
ഇതേതുടര്‍ന്നാണു 118 വിദ്യാര്‍ഥികളുടെ പ്രവേശനം റഗുലറൈസ് ചെയ്ത് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. അതേസമയം, പ്രവേശനം നേടിയ 19 എന്‍.ആര്‍.ഐ വിദ്യാര്‍ഥികളുടെ രേഖകളും സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. ഇതിനിടയിലാണ് കരുണയ്‌ക്കൊപ്പം കണ്ണൂര്‍ മെഡിക്കല്‍ കോളജിലെയും വിദ്യാര്‍ഥികളുടെ പ്രവേശനം സുപ്രിംകോടതി സ്റ്റേ ചെയ്തത്.
2016-17 വര്‍ഷം പ്രവേശനം നേടിയ 13 വിദ്യാര്‍ഥികള്‍ വിവാദത്തെ തുടര്‍ന്നു കഴിഞ്ഞവര്‍ഷം വീണ്ടും നീറ്റ് പരീക്ഷയെഴുതി മറ്റു കോളജുകളില്‍ പ്രവേശനം നേടിയെങ്കിലും മാനേജ്‌മെന്റിനെ വിശ്വസിച്ച് പ്രവേശനം നേടിയ 137 വിദ്യാര്‍ഥികളാണു തുടര്‍പഠന കാര്യത്തില്‍ കുഴങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."