പുഴയറിവ് ജനകീയയാത്രയെ ഏറ്റെടുത്ത് ജനം
തിരുവനന്തപുരം: കിള്ളിയാറിന്റെ പ്രതാപം വീണ്ടെടുത്ത് സംരക്ഷിക്കാന്‍ നാടൊരുമിച്ച് ഒരു മനസോടെ പുഴയ്‌ക്കൊപ്പം നടന്നു. തെളിനീര്‍ നിറഞ്ഞൊഴുകാനുള്ള പ്രവൃത്തികള്‍ക്ക് സര്‍ക്കാരിന്റെ എല്ലാ സഹായവും പ്രഖ്യാപിച്ച് ഇരുകൈവഴികളായി മന്ത്രിമാര്‍ പുഴയറിവ് യാത്രയ്ക്ക് നേതൃത്വമേകി. കിള്ളിയാറിന്റെ വീണ്ടെടുപ്പിനും സംരക്ഷണത്തിനുമായി നടപ്പാക്കുന്ന കിള്ളിയാര്‍ മിഷന്റെ ഭാഗമായി നടന്ന പുഴയറിവ് യാത്ര ജനകീയ പങ്കാളിത്തത്താല്‍ സമ്പന്നമായി.
പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും നാട്ടുകാരും എം.എല്‍.എ.മാരും നഗര, ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങളും രാഷ്ട്രീയ പാര്‍ട്ടിപ്രവര്‍ത്തകരും വിവിധ സംഘടനകളും കിള്ളിയാറിനായി പുഴനടത്തത്തില്‍ മന്ത്രിമാര്‍ക്ക് പിന്നില്‍ അണിനിരന്നു.
വഴയിലയില്‍ നിന്ന് ധനകാര്യവകുപ്പു മന്ത്രി ഡോ. തോമസ് ഐസകും കിള്ളിയാറിന്റെ ഉത്ഭവസ്ഥാനമായ പനവൂര്‍ കരിഞ്ചാത്തിമൂലയില്‍ നിന്ന് ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി. തോമസും യാത്രകള്‍ക്ക് നേതൃത്വം നല്‍കി. കിലോമീറ്ററുകളോളം പുഴയോരത്തുകൂടി കാല്‍ നടയായി സഞ്ചരിച്ച് ഇരു യാത്രകളും പത്താംകല്ലില്‍ സംഗമിച്ചു. വഴിനീളെ പൂക്കളും നാടന്‍ഭക്ഷണവും ദാഹജലവും ഒരുക്കി സമീപവാസികള്‍ യാത്രാസംഘത്തെ സ്വീകരിച്ച് യാത്രയ്‌ക്കൊപ്പം ചേര്‍ന്നു. തോപ്പിലും, പഴയാറ്റിന്‍കരയിലും കുട്ടികള്‍ പൂക്കളുമായാണ് മന്ത്രി തോമസ് ഐസക്കിനെ സ്വീകരിച്ചത്.
സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷനായി. കെ.എസ് ശബരിനാഥന്‍ എം.എല്‍.എ, ഹരിതകേരളം മിഷന്‍ വൈസ് ചേയര്‍പേഴ്‌സന്‍ ഡോ. ടി.എന്‍ സീമ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സമിതി കണ്‍വീനറും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ബി. ബിജു, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് അനില, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ത്രിതല പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍, സാംസ്‌കാരികകലാ പ്രവര്‍ത്തകര്‍ സംബന്ധിച്ചു. കിള്ളിയാര്‍ മിഷന്‍ ചെയര്‍മാനായ ഡി.കെ മുരളി എം.എല്‍.എ അധ്യക്ഷനായി.
സമാപന സമ്മേളനം മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു. സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷനായി. മന്ത്രി തോമസ് ഐസക് പങ്കെടുത്തു. നെടുമങ്ങാട് മുനിസിപല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ സ്വാഗതം പറഞ്ഞു. എം.എല്‍.എമാരായ ഡി.കെ മുരളി, കെ.എസ് ശബരിനാഥന്‍, ഹരിതകേരളം മിഷന്‍ വൈസ് ചേയര്‍പേഴ്‌സന്‍ ഡോ. ടി.എന്‍ സീമ, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ഡി.സി.സി മുന്‍ പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, മുന്‍ എം.എല്‍.എ മാങ്കോട് രാധാകൃഷ്ണന്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ പങ്കെടുത്തു.
കിള്ളിയാറിന്റെ ശോച്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താനും ജനകീയ പങ്കാളിത്തത്തോടെ സംരക്ഷിക്കാനും ശുചീകരിക്കാനുമാണ് പുഴയറിവ് സംഘടിപ്പിച്ചത്.
കിള്ളിയാര്‍ മിഷന്റെ നേതൃത്വത്തില്‍ കിള്ളിയാറൊരുമ എന്ന പേരില്‍ ഏപ്രില്‍ 14ന് ഏകദിന ശുചീകരണയജ്ഞവും നടക്കും. കിള്ളിയാറിന്റെ ഉത്ഭവസ്ഥാനം മുതല്‍ പുഴയൊഴുകുന്ന 22 കിലോ മീറ്റര്‍ ദൂരം വൃത്തിയാക്കുകയാണ് ലക്ഷ്യം. കിള്ളിയാറിലേക്ക് വന്നുചേരുന്ന 31 തോടുകള്‍ സംരക്ഷിക്കുന്നതിന് വേണ്ടി 47 പ്രാദേശിക കിള്ളിയാര്‍ മിഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സമിതികളുടെ നേതൃത്വത്തില്‍ മുപ്പതിനായിരം പേര്‍ ദൗത്യത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."