കോമളപുരം സ്പിന്നിങ് മില്‍: രണ്ടാംഘട്ടം പ്രവര്‍ത്തനമാരംഭിക്കുന്നതിന് 10.35 കോടി രൂപ അനുവദിക്കും
തിരുവനന്തപുരം: ആലപ്പുഴയിലെ കോമളപുരം സ്പിന്നിങ മില്‍സ് രണ്ടാംഘട്ടം മൂന്നുമാസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍, ധനവകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് എന്നിവരുടെയും ട്രേഡ് യൂണിയന്‍ നേതാക്കളെയും നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന സംയുക്തയോഗത്തില്‍ തീരുമാനിച്ചു.
രണ്ടാം ഘട്ടം പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള ധനസഹായം 10.35 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുമെന്ന് യോഗത്തില്‍ ധനമന്ത്രി വ്യക്തമാക്കി.
18240 സ്പിന്‍ഡുലുകളും 30 എയര്‍ ജെറ്റ് ലൂമുകളും ഉള്‍പ്പെടെയുള്ള മില്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാക്കുന്നതിനു ആവശ്യമായ തൊഴിലാളികളെ നിയമവിധേയമായി റിക്രൂട്ട് ചെയ്യുന്നതിനും നിലവിലെ തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന ദിവസ വേതനവും മറ്റാനുകൂല്യങ്ങളും ഇതര സ്പിന്നിങ് മില്ലുകളിലെ തൊഴിലാളികള്‍ക്കൊപ്പം ഉയര്‍ത്തി നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. തൊളിലാളികളുടെ ശമ്പള പരിഷ്‌കരണകാര്യത്തില്‍ ദീര്‍ഘകാല കരാര്‍ മില്ലിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണതോതിലാകുന്നതോടുകൂടി ആവിഷ്‌കരിക്കുന്നതിനും തീരുമാനിച്ചു.
ആധുനിക യന്ത്ര സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന മില്ല് പരമാവധി ഉത്പാദനക്ഷമത കൈവരിക്കുന്നതിന് രാത്രി ഷിഫ്റ്റില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിപ്പിക്കുന്നതിന് തൊഴിലാളി സംഘടനകള്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്ന് ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു.
മറ്റ് കെ.എസ്.ടി.സി. മില്ലുകളില്‍ ബാധകമായ നൈറ്റ് ഷിഫ്റ്റ് അലവന്‍സ്, അറ്റന്റന്‍സ് ഇന്‍സെന്റീവ് എന്നിവ കോമളപുരം മില്ലില്‍ ബാധകമാക്കി നല്‍കുന്നതിനും ഇന്നത്തെ യോഗത്തില്‍ തീരുമാനിച്ചു.
തൊഴിലാളികളെ പ്രതിനിധീകരിച്ച് സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, യൂണിയനുകളും മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് കെ.എസ്.ടി.സി ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍, മറ്റ് ഉദ്യോഗസ്ഥരും, സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വ്യവസായ വകുപ്പ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."