ലെസി ഷോപ്പിനെതിരേ സമരം: ഫ്രാഞ്ചൈസി നടത്തിപ്പുകാരെ പൊലിസ് കസ്റ്റഡിയിലെടുത്തു
ആലുവ: ലെസി ഷോപ്പിനെതിരേ സമരം ചെയ്ത ഫ്രാഞ്ചൈസി നടത്തിപ്പുകാരെ കസ്റ്റഡിയിലെടുത്ത നടപടി വിവാദമായതിനെ തുടര്‍ന്ന് പൊലിസ് വിട്ടയച്ചു. ആലുവ പൊലിസാണ് ഫ്രാഞ്ചൈസിയെടുത്ത് ലക്ഷക്കണക്കിന് രൂപ നഷ്ടമായ ഇരകള്‍ക്കെതിരേ കേസെടുക്കാന്‍ നീക്കം നടത്തി വിവാദത്തില്‍പ്പെട്ടത്.
പറവൂര്‍ പെരുമ്പടന്ന നെല്ലിശേരി വീട്ടില്‍ യൂചിന്‍ ബേബി, പറവൂര്‍ മന്നം സെയ്താറകത്ത് വീട്ടില്‍ ഷെഫീക്ക് എന്നിവരെയാണ് പൊലിസ് 'അതിസാഹസീക'മായി പിടികൂടിയ ശേഷം സംഭവം വിവാദമായതോടെ വിട്ടത്. വൃത്തിഹീനമായാണ് ലെസി മൊത്ത ഉത്പാദന കേന്ദ്രത്തില്‍ ശീതള പാനിയങ്ങള്‍ തയ്യാറാക്കുന്നതെന്ന വിവരം പുറത്തായതോടെ കച്ചവടം നിലച്ച ലെസി ഫ്രാഞ്ചൈസികള്‍ ചൊവ്വാഴ്ച്ച മുട്ടത്തെ റീജണല്‍ ഓഫീസില്‍ അഡ്വാന്‍സ് തുക മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയിരുന്നു. ജില്ലയിലെ 40 ഓളം ഫ്രാഞ്ചൈസി നടത്തിപ്പുകാരാണ് എത്തിയത്. ഈ സമയം ഇവിടെയെത്തിയ പൊലിസ് ഫ്രാഞ്ചൈസികളോട് അനുഭാവപൂര്‍വം പെരുമാറുകയും ബന്ധപ്പെട്ടവരെ ഫോണില്‍ വിളിച്ച് ഏപ്രില്‍ ഒന്‍പതിന് ചര്‍ച്ച നിശ്ചയിക്കുകയും ചെയ്തു.
എന്നാല്‍ ബുധനാഴ്ച്ച ലെസി ഷോപ്പിന്റെ റീജണല്‍ ഓഫീസ് അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഫ്രാഞ്ചൈസി നടത്തിപ്പുകാരോട് സ്റ്റേഷനില്‍ ഹാജരാകണമെന്നും പൊലളസ് ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ സ്റ്റേഷനില്‍ ഹാജരാകാന്‍ ഇരിക്കെയാണ് പുലര്‍ച്ചെ നാല് മണിയോടെ രണ്ട് പേരുടെയും വീടുവളഞ്ഞ് പിടികൂടിയത്. കൊലപാതകികളെ പിടികൂടുന്ന സാഹസത്തോടെ മതില്‍ ചാടി കടന്നായിരുന്നു കസ്റ്റഡിയിലെടുക്കല്‍. മേഖല ഓഫിസിലെ സി.സി ടിവി ദൃശ്യങ്ങള്‍ പോലും പരിശോധിക്കാതെ ലക്ഷങ്ങള്‍ നഷ്ടത്തിലായ ഫ്രാഞ്ചൈസികളെ പീഡിപ്പിക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് നടത്തിപ്പുകാര്‍ പറഞ്ഞു.
11 ലക്ഷം മുതല്‍ 15 ലക്ഷം വരെ നല്‍കിയാണ് പലരും ഫ്രാഞ്ചൈസിയെടുത്തത്. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ജനം ലെസി ഉപേക്ഷിച്ചു. അഞ്ചിലേറെ ജീവനക്കാരുള്ള ഫ്രാഞ്ചൈസികള്‍ക്ക് ദിവസവേതനം നല്‍കുന്നതിനുള്ള പണം പോലും ലഭിക്കാതെയായി. നേരത്തെ നല്ല കച്ചവടം ഉണ്ടായിരുന്ന സ്ഥാപനങ്ങളാണ്. തൃശൂര്‍ സ്വദേശി വൈശാഖ് എന്നയാള്‍ മുഖേനയാണ് ഫ്രാഞ്ചൈസികള്‍ പണം നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."