ഹിസ്ബുല്ലയെയും ഹമാസിനേയും തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു
തെല്‍ അവിവ്: ഗസ്സയിലും ലബനാനിലും വെടിനിര്‍ത്തല്‍ സാധ്യത തള്ളി ഇസ്‌റാഈല്‍. ഹിസ്ബുല്ലയെയും ഹമാസിനേയും തുരത്തും വരെ ആക്രമണം തുടരുമെന്നാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ഉള്‍പെടെ നേതാക്കളുടെ പ്രതികരണം.
ലബനാനില്‍ ലിതാനി നദിക്കപ്പുറത്തേക്ക് ഹിസ്ബുല്ലയെ തുരത്തും വരെ ആക്രമണം തുടരും- നെതന്യാഹു പറഞ്ഞു. അതിര്‍ത്തി മേഖല സന്ദര്‍ശിച്ച ശേഷമാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് മാറ്റി പാര്‍പ്പിച്ച ജനങ്ങളെ സുരക്ഷിതമായി തിരികെ എത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഗസ്സയില്‍ ഭരണം നടത്താന്‍ ഇനിഹമാസിനെ അനുവദിക്കില്ലെന്നും ബദല്‍ സംവിധാനം കണ്ടെത്താനുള്ള ശ്രമം തുടരുമെന്നും ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ' വടക്കന്‍ ഗസ്സയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു എഗ്രിമെന്റിന്റേയും ബലത്തിലല്ലാതെ ഒരുകാര്യം ഞാന്‍ വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നു. ഹിസ്ബുല്ലയെ ലിതാനി നദിക്കപ്പുറത്തേക്ക് തള്ളുക എന്നതാണ് അതില്‍ ഒന്നാമത്തേത്. രണ്ടാമത്തെ കാര്യം വീണ്ടും ആയുധങ്ങള്‍ പുനസ്ഥാപിക്കാനുള്ള ഏതൊരു നീക്കത്തേയും ചെറുക്കും എന്നതും. മൂന്നാമതായി ഇസ്‌റാഈലിനെതിരായി നടക്കുന്ന ഏതൊരു ശ്രമത്തേയും ശക്തമായി ചെറുക്കും' നെതന്യാഹു പറഞ്ഞു.
അതിനിടെ, ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട രഹസ്യ രേഖ ചോര്‍ത്തിയതിന് നെതന്യാഹുവിന്റെ സഹായികള്‍ ഉള്‍പ്പെടെ ചിലര്‍ അറസ്റ്റിലായ സംഭവം ഇസ്രായേലില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്. സംഭവത്തില്‍ നെതന്യാഹുവിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡും മുന്‍ മന്ത്രി ബെന്നി ഗാന്റ്‌സും നെതന്യാഹുവിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ ആഞ്ഞടിച്ചു. നെതന്യാഹുവിന്റെ ഓഫീസില്‍ നിന്ന് രേഖ ചോര്‍ന്നോ എന്നതല്ല, മറിച്ച് രാജ്യരഹസ്യങ്ങള്‍ രാഷ്ട്രീയ താല്‍പര്യത്തിനു വേണ്ടി വില്‍പന നടത്തയോ എന്നതാണ് പ്രശ്‌നമെന്ന് ഇരുവരും കുറ്റപ്പെടുത്തി. സംഭവത്തില്‍ ഹമാസ് പിടിയിലുള്ള ബന്ദികളുടെ ബന്ധുക്കളും നെതന്യാഹുവിനെ വിമര്‍ശിച്ച് രംഗത്തുവന്നു.
ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 16,700ല്‍ ഏറെ കുട്ടികളാണ് കൊല്ലപ്പെട്ടത്.
അതേസമയം, ഗസ്സയിലും ലബനാനിലും ഇസ്‌റാഈല്‍ ആക്രമണം കൂടുതല്‍ ശക്തമായി തുടരുകയാണ്. വടക്കന്‍ ഗസ്സയിലും മറ്റുമായി 55 പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. വടക്കന്‍ ഗസ്സയില്‍ പ്രവര്‍ത്തിക്കുന്ന ഏക ആശുപത്രിയായ കമാല്‍ അദ്‌വാനു നേരെ വീണ്ടും ആക്രമണം നടന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിന് ശേഷം ഇസ്‌റാഈല്‍ ആക്രമണത്തില്‍ 16,700ലേറെ കുട്ടികള്‍ക്ക് ഗസ്സയില്‍ ജീവന്‍ നഷ്ടപ്പെട്ടതായാണ് ഫലസ്തീന്‍ അധികൃതരുടെ കണക്ക്. മൊത്തം മരണസംഖ്യയുടെ മൂന്നിലൊന്നില്‍ കൂടുതല്‍ വരുമിത്. കാണാതാകുകയോ രക്ഷിതാക്കളെ നഷ്ടപ്പെടുകയോ ചെയ്ത കുട്ടികളുടെ എണ്ണം 20,000ത്തിലേറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."