ജസീമിന്റെ ദുരൂഹ മരണം: അനിശ്ചിതകാല സത്യഗ്രഹ സമരം രണ്ടാഴ്ച പിന്നിട്ടു
മേല്‍പറമ്പ്: ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ജസീമിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടു പ്രതികള്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ടു നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം രണ്ടാഴ്ച പിന്നിട്ടു.
ജസീം ജനകീയ ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തിലാണ് സമരം നടത്തുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ജസീമിനെ കാണാതായത്. സ്‌കൂളിലെ സെന്റ് ഓഫ് ചടങ്ങിന് വസ്ത്രം വാങ്ങിക്കാനാണെന്നു പറഞ്ഞാണ് ജസീം വീട്ടില്‍ നിന്നിറങ്ങിയത്. ജസീമിനെ കാണാതായതോടെ ജസീമിന്റെ പിതാവ് ജാഫര്‍ ബേക്കല്‍ പൊലിസില്‍ പരാതി നല്‍കി. പൊലിസും നാട്ടുകാരും ജസീമിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെയും മറ്റും ഒട്ടനവധി തവണ ചോദ്യം ചെയ്‌തെങ്കിലും ജസീമിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പൊലിസും നാട്ടുകാരും അന്വേഷണം ഊര്‍ജിതമാക്കിയതോടെ ജസീമിന്റെ മൃതദേഹം സഹപാഠി ഉള്‍പ്പെയുള്ള ആളുകള്‍ കളനാട്ടെ റെയില്‍വേ ട്രാക്കിനു സമീപത്തെ ഓടയില്‍ കാണിച്ചു കൊടുക്കുകയായിരുന്നു. ട്രെയിന്‍ തട്ടിയാണ് ജസീം മരിച്ചതെന്ന വാദത്തില്‍ പൊലിസ് ഉറച്ചു നിന്നതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണവും ഇപ്പോള്‍ നിലച്ച മട്ടാണ്.
അതേ സമയം, ഒരാള്‍ ട്രെയിന്‍തട്ടി മരിച്ചാല്‍ ഉണ്ടാകുന്ന യാതൊരു പാടും മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജസീമിന്റെ ഷര്‍ട്ട് പിടിവലിയില്‍ കീറിയതു പോലെ കാണപ്പെട്ടതും സുഹൃത്തുക്കള്‍ മൂന്നു ദിവസം ഒന്നുമറിയാത്തതു പോലെ നാട്ടുകാരോടൊപ്പവും മറ്റും ജസീമിനെ തെരയാന്‍ ഇറങ്ങിയതും ഒടുവില്‍ സംഘത്തില്‍പ്പെട്ടവര്‍ തന്നെ മൃതദേഹം കാണിച്ചു കൊടുത്തതും ജസീമിന്റെ മരണം കൊലപാതകമാണെന്നതിനു തെളിവാണെന്ന് ജസീമിന്റെ പിതാവും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ഉറപ്പിച്ചു പറയുന്നു.
അതേ സമയം ജസീമിന്റെ കൂടെയുണ്ടായിരുന്ന സഹപാഠി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ടു പൊലിസ് കേസെടുക്കുകയും ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ജസീമിന്റെ മരണത്തിലെ ദുരൂഹത പൂര്‍ണമായും പുറത്തു കൊണ്ടുവരാന്‍ അന്വേഷണ സംഘത്തിനായിട്ടില്ലെന്നും ജസീമിന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നാവശ്യപ്പെട്ടുമാണ് ജസീം ആക്ഷന്‍ കമ്മിറ്റി സമരം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."