കൂട്ടിയിട്ട് കത്തിച്ച് റെയില്‍വേയുടെ 'മാലിന്യ സംസ്‌കരണം'
സ്വന്തം ലേഖകന്‍
കാസര്‍കോട്: ശേഖരിക്കുന്ന മാലിന്യം കൂട്ടിയിട്ടു കത്തിച്ചു ജില്ലയില്‍ റെയില്‍വേയുടെ മാലിന്യ സംസ്‌കരണം. ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളില്‍നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങളും ഭക്ഷണ പദാര്‍ഥങ്ങളടങ്ങിയ ജൈവമാലിന്യങ്ങളും റെയില്‍വേ സ്റ്റേഷനുകളില്‍ കൂട്ടിയിട്ടു കത്തിക്കുകയാണ് ചെയ്യുന്നത്. കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന രീതിയില്‍ മാലിന്യം കൂട്ടിയിട്ടു കത്തിക്കുന്നത് നിര്‍ത്തലാക്കി മാലിന്യ സംസ്‌കരണത്തിനു മറ്റുവഴികള്‍ തേടാത്ത റെയില്‍വേയുടെ നടപടി വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളായ കാസര്‍കോട്, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകളില്‍നിന്നു തന്നെ ക്വിന്റല്‍ കണക്കിനു മാലിന്യമാണ് ശുചീകരണ തൊഴിലാളികള്‍ ദിനംപ്രതി ശേഖരിക്കുന്നത്. ഇതില്‍ വില്‍പന നടത്താന്‍ പറ്റുന്ന പ്ലാസ്റ്റിക് കുപ്പികളടക്കമുള്ളവ വില്‍പന നടത്തിയ ശേഷം മറ്റു പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും മറ്റു മാലിന്യങ്ങളും കൂട്ടിയിട്ടു കത്തിച്ചു കളയുകയാണ് പതിവ്. ട്രെയിന്‍ യാത്രക്കാര്‍ ഉപേക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസമാണ് കത്തിച്ചു കളയുന്നത്. ദിവസങ്ങളോളം കൂട്ടിയിടുന്ന ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുന്ന അജൈവ മാലിന്യങ്ങള്‍ തെരുവുനായകള്‍ക്ക് ഭക്ഷണമാവുകയാണ്.
അജൈവമാലിന്യങ്ങള്‍ തിന്നാനെത്തുന്ന തെരുവുനായകളുടെ കൂട്ടം മിക്ക റെയില്‍വേ സ്റ്റേഷനുകളിലും യാത്രക്കാര്‍ക്കും യാത്രക്കാരെ യാത്രയയക്കാനെത്തുന്നവര്‍ക്കും കടുത്ത ഭീഷണി ഉയര്‍ത്തുകയാണ്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേയുടെ കാടുകയറിയ സ്ഥലത്ത് വലിയ കുഴിയുണ്ടാക്കിയാണ് റെയില്‍വേ സ്റ്റേഷനില്‍നിന്നു ശേഖരിക്കുന്ന മാലിന്യങ്ങള്‍ കത്തിച്ചു കളയുന്നത്. പ്ലാസ്റ്റിക് സഞ്ചികളില്‍ ശേഖരിക്കുന്ന മാലിന്യം ദിവസങ്ങളോളം കത്തിക്കാതെ കൂട്ടിയിടുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. പക്ഷികളും മറ്റും കൊത്തി വലിച്ചും ഈച്ചയാര്‍ത്തും മാലിന്യം കുന്നുകൂടി കിടക്കുന്നത് ആരോഗ്യ വകുപ്പ് കാണുന്നില്ലെന്നതും ഗൗരവതരമാണ്.
ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളില്‍നിന്നു ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ജില്ലയിലെ ഏതെങ്കിലും സ്റ്റേഷനുകളില്‍ മാലിന്യ സംസ്‌കരണ കേന്ദ്രം തുടങ്ങണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."