ജലസേചന കനാല്‍ സ്വകാര്യവ്യക്തി തടസപ്പെടുത്തി; നാട്ടുകാര്‍ ദുരിതത്തില്‍
മാള: ജലസേചന കനാല്‍ സ്വകാര്യ വ്യക്തി തടസപ്പെടുത്തിയത് കാരണം നാട്ടുകാര്‍ ദുരിതത്തില്‍ . പ്രദേശത്തെ കുടിവെള്ളം മുട്ടിയതായി പരാതി ഉയരുന്നു. കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കൊട്ടാരപ്പടിക്ക് സമീപം തോട്ടുങ്ങല്‍ പാടശേഖരത്തിനോട് ചേര്‍ന്നുള്ള ഏതാനും കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടോളം മുന്‍പ് നിര്‍മിച്ച ജലസേചന കനാലാണ് കുന്നത്തോട്ടത്തില് ജിജികുമാര്‍ എന്നയാള്‍ നികത്തിയത്.
ജിജികുമാറിന്റെ പറമ്പിനരികിലൂടെ പോകുന്ന കനാലിന്റെ 300 മീറ്ററോളമാണ് നികത്തിയത്. മറ്റൊരു കനാലിലൂടെ വന്ന് തോടിന് കുറുകെയുള്ള പൈപ്പിലൂടെ ചാടിച്ചാണ് ഈ കനാലിലേക്ക് വെള്ളമെത്തിച്ചിരുന്നത്. വെള്ളം ചാടിയെത്തി കനാലിലേക്ക് പോകുന്ന ഭാഗം കല്ലും മറ്റുമിട്ട് തടസപ്പെടുത്തിയിരിക്കയാണ്.
കനാലിന്റെ ബാക്കി വരുന്ന ഭാഗങ്ങളും ചപ്പും ചവറും മറ്റുമിട്ട് നികത്തിയ നിലയിലാണ്. ഇതുമൂലം വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ട അവസ്ഥയിലുമാണ്. അര കിലോമീറ്ററിലധികം വരുന്ന കനാല്‍ ഇതുമൂലം ഉപയോഗശൂന്യമായിരിക്കയാണ്. പാടശേഖരത്തിനോട് ചേര്‍ന്നുള്ള ഇവിടത്തെ കിണറുകളില്‍ നിന്നും കുടിവെള്ളം ലഭിക്കാത്തതിന് പുറമേ ഏക്കറുകണക്കിന് സ്ഥലങ്ങള്‍ തരിശ്ശായി കിടക്കുകയുമാണ്.
സ്ഥിരം കൃഷി ചെയ്തിരുന്നയിടങ്ങളാണ് തരിശായി കിടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കുന്നത്തോട്ടത്തില് ബൈജു എന്നയാള്‍ മാള ലിഫ്റ്റ് ഇറിഗേഷന്‍ എന്‍ജിനീയര്‍ക്കും കുഴൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പരാതികള്‍ നല്‍കിയിട്ടും യാതൊരു ഫലവുമുണ്ടായില്ലെന്ന് പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."