റോഡ് അലൈന്‍മെന്റ് പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നു
ആറ്റിങ്ങല്‍: ചരിത്രം പോലും വിസ്മൃതിയിലാക്കുന്ന റോഡ് അലൈന്‍മെന്റ് പുന:പരിശോധിക്കണമെന്ന് ആവശ്യം ശക്തിപ്പെടുന്നു. സംസ്ഥാനത്ത് കാസര്‍ഗോഡ് മുതല്‍ കളിയിക്കാവിള വരെ ഹൈവേ നവീകരണവുമായി ബന്ധപ്പെട്ട അലൈന്‍മെന്റ് നടന്നുവരുന്നു.
എന്നാല്‍ തിരുവനന്തപുരം ജില്ലയില്‍ പ്രധാന വീഥി പൂര്‍ണമായും ഒഴിവാക്കിയാണ് അലൈന്‍മെന്റ് നടത്തിയത്. ദേശീയപാതയില്‍ കടുവയില്‍ പള്ളി മുതല്‍ മൂന്നുമുക്ക് വരെ ഒഴിവാക്കാന്‍ വേണ്ട നീക്കമാണ് നടക്കുന്നത്. ഇത്തരത്തില്‍ പുതിയ റോഡ് രൂപപ്പെടുമ്പോള്‍ ഭാവി തലമുറക്ക് ചരിത്രം പോലും അറിയാന്‍ കഴിയില്ല.മാത്രവുമല്ല ഈ നാലു കിലോമീറ്റര്‍ ദൂരത്തില്‍ തന്നെ പ്രധാനപെട്ട രണ്ടു ടൗണില്‍ തൊടാതെയാണ് അലൈന്‍മെന്റ് നടന്നത്.
ആലംകോട്, ആറ്റിങ്ങല്‍ എന്നീ ടൗണുകള്‍, കടുവയില്‍, ആലംകോട്, ആറ്റിങ്ങല്‍ ജുമാ മസ്ജിദുകള്‍, പ്രധാന മത്സ്യചന്തയായ ആലംകോട് ചന്ത, ആറ്റിങ്ങല്‍ പട്ടണത്തിലെ തന്നെ നിരവധി സര്‍ക്കാരിന്റെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷന്‍, ക്രമസമാധാനത്തിന്റെ സിരാ കേന്ദ്രമായ എ.എസ്.പി ഓഫിസ്, വിവിധ കോടതികള്‍, അനവധി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കി പട്ടണത്തെ പൂര്‍ണമായി പുറന്തള്ളുന്ന നയമാണ് ഇപ്പോള്‍ ഉണ്ടായത്.
ഇത്തരത്തില്‍ റോഡ് നവീകരണം നടന്നാല്‍ ഇത് സംസ്ഥാന പാതയുടെ പട്ടികയില്‍ കയറിപ്പറ്റി കേന്ദ്ര വിഹിതം ലഭിക്കാതെ വരും. മാത്രവുമല്ല സംസ്ഥാന പാതയാകുന്നതോടെ ത്രിതല പഞ്ചായത്ത് റോഡുകള്‍ പോലുള്ള ദുരവസ്ഥ വന്നു ചേരുമെന്നുള്ള ആശങ്കയും ഉയര്‍ന്നുവരുന്നു.
ആറ്റിങ്ങല്‍ ടൗണില്‍ തന്നെ ദേശീയ പാതയോട് ചേര്‍ന്നുള്ള വ്യാപാര സ്ഥാപനത്തില്‍ ഏറെയും പണ്ടാരവക ഭൂമിയില്‍ നിലകൊള്ളുന്നവയാണ്. കാലപ്പഴക്കം ചെന്ന ഇത്തരം കടകള്‍ പൊളിച്ചു നീക്കിയാല്‍ തന്നെ നിലങ്ങളും കുളങ്ങളും നികത്താതെ ഹൈവേ നവീകരിക്കാന്‍ സാധ്യത തെളിയുന്ന സാഹചര്യത്തില്‍ പട്ടണത്തില്‍ തൊടാത്ത അലൈന്‍മെന്റ് ജനങ്ങളില്‍ പ്രതിഷേധമുണ്ടാക്കുകയാണ്.വസ്തുതകള്‍ കണക്കിലെടുത്തു അലൈന്‍മെന്റ് പുനഃപരിശോധിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."