കേന്ദ്ര സര്‍വകലാശാലയില്‍ രണ്ടു ഹോസ്റ്റലുകള്‍ കൂടി നിര്‍മിക്കും
പെരിയ: കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ ഹോസ്റ്റലുകള്‍ക്ക് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എട്ടിനു പെരിയയിലെ തേജസ്വിനി ഹില്‍സ് കാംപസില്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. കേന്ദ്ര സര്‍വകലാശാല വൈസ്ചാന്‍സലര്‍ പ്രൊഫ. (ഡോ.) ജി. ഗോപകുമാര്‍ അധ്യക്ഷനാവും. പി. കരുണാകരന്‍ എം.പി, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, കേന്ദ്ര സര്‍വകലാശാല എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗം പ്രൊഫ.(ഡോ.) കെ. ജയപ്രസാദ് എന്നിവര്‍ പങ്കെടുക്കും. കേന്ദ്രസാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം അനുവദിച്ച ഒ.ബി.സി ഫണ്ട് വിനിയോഗിച്ചാണ് പുതിയ ഹോസ്റ്റലുകള്‍ നിര്‍മിക്കുന്നത്. 100 ആണ്‍കുട്ടികള്‍ക്കും 100 പെണ്‍കുട്ടികള്‍ക്കും താമസ സൗകര്യം ലഭ്യമാകുന്ന വിധത്തില്‍ രണ്ടു പുരുഷ-വനിത ഹോസ്റ്റലുകളാണ് നിര്‍മിക്കുന്നത്.
കേന്ദ്ര സര്‍വകലാശാലയില്‍ പുതുതായി നിര്‍മിച്ച എട്ട് അക്കാദമിക് കെട്ടിടങ്ങള്‍ 30ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രാഷ്ട്രത്തിനു സമര്‍പ്പിക്കും. ഈ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തോടു കൂടി ജില്ലയില്‍ വാടക കെട്ടിടങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്ന എല്ലാ പഠനവകുപ്പുകളും സ്ഥിരം കാംപസായ പെരിയ തേജസ്വിനി ഹില്‍സില്‍ പ്രവര്‍ത്തനമാരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."