'കഫീല്‍' എന്ന ആശയം
'കഫീല്‍' എന്ന ശീര്‍ഷകത്തില്‍ കെ.കെ അബ്ബാസ് എഴുതിയ കവിത (ലക്കം 185) വായിച്ചു. ഏറെ ഹൃദ്യമായിരുന്നു കവിത. പ്രമേയാഖ്യാന വൈവിധ്യം കൊണ്ട് കാലത്തെ പ്രതിനിധാനം ചെയ്യുന്നുവത്. നമുക്കു ചുറ്റും കാണുന്ന ചില നഗ്നസത്യങ്ങളുടെ ചുരുക്ക പട്ടികയാണ് ഈ കവിത. കലര്‍പ്പില്ലാതെ തുടരേണ്ടതാണു സംസ്‌കാരമെങ്കിലും സംഭവിക്കുന്നതു മറിച്ചാണെന്നു കവിത തെര്യപ്പെടുത്തുന്നു. മനുഷ്യന്‍ നേരിടുന്ന ഗൗരവ പ്രശ്‌നങ്ങളാണു കവിതയുടെ ഉള്ളടക്കം. ചില കാവ്യബിംബങ്ങള്‍ വായനക്കാരനെ വജ്ര സൂചികൊണ്ടു കുത്തിനോവിക്കുന്നുണ്ട്. കേവല കാവ്യശൈലി ഉപയോഗപ്പെടുത്തി കവിത കെട്ടുകയല്ല, കണ്‍മുന്‍പില്‍ തെളിഞ്ഞുകത്തുന്ന ബള്‍ബുകള്‍ പെറുക്കിക്കൂട്ടുകയായിരുന്നു കവി.
ജാതിമതദേശഭാഷാ ഭേദങ്ങളൊന്നും തീണ്ടാത്ത മഹദ് വ്യക്തിത്വമായിരുന്നു ഭരണകൂടം അറസ്റ്റ് ചെയ്തു ജയിലിലടച്ച ഉത്തര്‍പ്രദേശിലെ ഡോ. കഫീല്‍. അദ്ദേഹം ചെയ്ത കുറ്റമാണ് ഏറെ ആശ്ചര്യപ്പെടുത്തുന്നതും അതോടൊപ്പം ചിരിയുണര്‍ത്തുന്നതും. ശ്വാസം കിട്ടാതെ മരണത്തോടു മല്ലിട്ട ആയിരക്കണക്കിനു കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ചതിനാണ്, രാജ്യം കണ്ട കുട്ടികള്‍ക്കെതിരായ ഏറ്റവും വലിയ കൂട്ടക്കുരുതിക്കെതിരേ പ്രതികരിച്ചതിനാണ് അയാളെ പൊലിസ് അറസ്റ്റ് ചെയ്തത്. അയാളില്‍ ഒരു സമ്പൂര്‍ണ മനുഷ്യനെയാണു കാണുന്നത്. കഫീലെന്ന പദത്തിനു തന്നെ ലാളിത്ത്യത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും ധര്‍മബോധങ്ങളുണ്ട്. കഫീല്‍ എന്ന പദം ദൈവത്തോടൊട്ടി നില്‍ക്കുന്നു. നന്ദി കവിക്കും 'ഞായര്‍പ്രഭാതത്തി'നും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."