അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ്; വേഗമില്ലാതെ മോട്ടോര്‍ വാഹനവകുപ്പ്
കൊച്ചി: വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഇല്ലാതാക്കുന്നതിന് വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് സംവിധാനം ഉപയോഗിക്കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന് കഴിഞ്ഞില്ല. വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളില്‍ അതിര്‍ത്തി കടന്നുള്ള കള്ളക്കടത്തുകളും മയക്കു മരുന്നു വില്‍പനയും തുടരുമ്പോഴാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ മെല്ലെപ്പോക്ക് നയം തിരിച്ചടിയാകുന്നത്.
2010ല്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കി സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവാണ് നടപ്പാക്കാതെ ഫയലില്‍ ഉറങ്ങുന്നത്. അത്യാധുനിക രീതിയില്‍ തയാറാക്കുന്ന അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളില്‍ കൃത്രിമം നടത്താന്‍ കഴിയില്ലെന്നതാണ് പ്രത്യേകത. അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയില്‍ അക്കങ്ങള്‍ എഴുതിയാണ് അതി സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ തയാറാക്കുന്നത്. ഓരോ വാഹനത്തിനും വ്യത്യസ്ത കോഡുകള്‍ ലേസര്‍ വിദ്യ ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റില്‍ ഘടിപ്പിക്കും.
രജിസ്‌ട്രേഷന്‍ നടത്തുന്ന വാഹനത്തിന്റെ വിവരങ്ങള്‍ കോഡുമായി ബന്ധിക്കുന്നതിലൂടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയും. ഇതില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചാല്‍ പ്ലേറ്റുകള്‍ പൂര്‍ണമായും നശിക്കുകയും ചെയ്യും. 2005ലാണ് മോട്ടോര്‍വാഹന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളുമായി ബന്ധപ്പെട്ട ഭേദഗതി കൊണ്ടുവന്നത്. നമ്പറുകള്‍ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ അക്ഷരങ്ങളാക്കി ചിത്രീകരിച്ചുള്ള നമ്പര്‍ പ്ലേറ്റുകളും വ്യാപകമായതോടെയാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കാന്‍ 2010 ല്‍ സുപ്രിംകോടതി ഉത്തരവിട്ടത്.
നിലവില്‍ അസം, ഗുജറാത്ത്, രാജസ്ഥാന്‍, ജമ്മുകശ്മിര്‍, ബംഗാള്‍, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാല്‍ ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരുവിധ നടപടികളും സ്വീകരിച്ചില്ല.
തുടര്‍ന്ന് പുതിയ വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ് 2012 ഏപ്രില്‍ 30 മുതല്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രിംകോടതി വീണ്ടും ഉത്തരവിട്ടിരുന്നു. ഇതോടൊപ്പം പദ്ധതി നടപ്പാക്കാത്തതിന് സംസ്ഥാനത്തിനെതിരേ രൂക്ഷ വിമര്‍ശനവും കോടതി ഉന്നയിച്ചിരുന്നു. എന്നാല്‍ വിധിവന്ന് ആറ് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിയുമായി ബന്ധപ്പെട്ട് ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിനോ മോട്ടോര്‍വാഹനവകുപ്പിനോ സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."