ദേശീയ ക്രിക്കറ്റ് ലീഗുമായി സ്കൂള്‍ ഗെയിംസ് ഫെഡറേഷന്
കൊച്ചി: രാജ്യത്തെ മികച്ച യുവ ക്രിക്കറ്റര്‍മാരെ തിരഞ്ഞെടുക്കാന്‍ ക്രിക്കറ്റ് ടാലന്റ് ഹണ്ട് പദ്ധതിയുമായി സ്കൂള്‍ ഗെയിംസ് ഫെഡറേഷന് ഓഫ് ഇന്ത്യ (എസ്.ജി.എഫ്.ഐ). നാഷണല്‍ സ്കൂള്‍ ക്രിക്കറ്റ് ലീഗ് (എന്‍.എസ്.സി.എല്‍) എന്ന പേരില്‍ ഈ വര്‍ഷം തുടങ്ങുന്ന പരിപാടി സ്കൂള്‍ ക്രിക്കറ്റിനുള്ള രാജ്യത്തെ ഏറ്റവും വലിയ പ്ലാറ്റ്ഫോമായിരിക്കും.
രാജ്യമെമ്പാടും 12നും 18നും ഇടയില്‍ പ്രായമുള്ള മികച്ച താരങ്ങളെ കണ്ടെത്തി പ്രീമിയര്‍ വേദിയില്‍ സ്കൂള്‍ ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കലാണ് ടാലന്റ് ഹണ്ടിന്റെ പ്രാഥമിക ഘട്ടം. ടി20 മാതൃകയിലുള്ള ലീഗിനൊടുവില് രാജ്യത്തെ ചാംപ്യന്‍ സ്കൂളിനെ കണ്ടെത്തും. മികച്ച വേദികളും പരിശീലന സൗകര്യങ്ങളും ലഭ്യമാക്കി അന്തര്‍ദേശീയ നിലവാരത്തിലായിരിക്കും ലീഗ് സംഘടിപ്പിക്കുക. ടൂര്‍ണമെന്റിന്റെ ലീഗ് ഘട്ടങ്ങള്‍ ഇന്ത്യയിലും നോക്കൗട്ട് മത്സരങ്ങള്‍ ദുബൈയിലെ ഐ.സി.സി അക്കാദമിയിലും നടക്കും.
പരിശീലകരുടേയും പരിചയസമ്പന്നരുടേയും കീഴില്‍ രൂപീകരിക്കുന്ന സെലക്ഷന് പാനല്‍ വഴിയായിരിക്കും ടീമംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ട്രയല്‍സ് നടത്തുക. തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങളെ അതാത് നഗരങ്ങളെ പ്രതിനിധീകരിച്ചുള്ള ടീമില്‍ ഉള്‍പ്പെടുത്തും. ലീഗിലെ 16 മികച്ച താരങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് സ്കോളര്‍ഷിപ്പും മികച്ച പരിശീലന സൗകര്യവും എസ്.ജി.എഫ്.ഐ ഒരുക്കുമെന്ന് ജോയിന്റ് സെക്രട്ടറി ഡോ. പ്രദീപ് മിശ്ര പറഞ്ഞു. വിദഗ്ധ പാനലിന്റെയും ലീഗില്‍ പങ്കെടുക്കുന്ന നഗരങ്ങളുടെയും പ്രഖ്യാപനം ഉടന്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."