കരുണ മെഡി. കോളജ് മാനേജ്‌മെന്റ് വഞ്ചിച്ചു: വിദ്യാര്‍ഥികള്‍
പാലക്കാട്: പ്രവേശനം നല്‍കുന്നത് ക്രമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും കരുണ മെഡി. കോളജ് മാനേജ്‌മെന്റ് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ സുപ്രഭാതത്തോട് പറഞ്ഞു. ക്രമക്കേട് പിന്നീട് സാധൂകരിക്കാമെന്നുള്ള ധാരണയിലായിരുന്നു അവര്‍. ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും കേന്ദ്രത്തിലും സംസ്ഥാന സര്‍ക്കാരിലും മികച്ച ബന്ധമാണുള്ളതെന്നും പ്രതിസന്ധി മറികടക്കുമെന്നും മാനേജ്‌മെന്റ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, പ്രശ്‌നം കൈവിട്ടുപോയപ്പോള്‍ വിദ്യാര്‍ഥികളെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുകയാണ്. കോളജുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലോ വാര്‍ത്താമാധ്യമങ്ങളിലോ അഭിപ്രായപ്രകടനങ്ങള്‍ നടത്തരുതെന്നും അത്തരക്കാരോടൊപ്പം സ്ഥാപനം ഉണ്ടാകില്ലെന്നുമാണ് ഭീഷണി. കൊടുത്ത തലവരിപ്പണത്തിന് രസീതോ മറ്റ് രേഖകളോ ഇല്ലാത്തതിനാല്‍ വെറും കൈയോടെ പോകേണ്ടിയുംവരും. ഇത് പേടിച്ചാണ് തങ്ങള്‍ മിണ്ടാത്തതെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയതിനെ തുടര്‍ന്ന് പഠനം അനിശ്ചിതത്വത്തിലായ കരുണ മെഡിക്കല്‍ കോളജിലെ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ജെയിംസ് കമ്മിറ്റിയുടെ എല്ലാ നിര്‍ദേശങ്ങളും പ്രവേശന നടപടിക്രമങ്ങളും പാലിച്ചാണ് അഡ്മിഷന്‍ തേടിയത്. ഒരുവര്‍ഷം പഠനം പൂര്‍ത്തിയാക്കി പരീക്ഷയ്ക്ക് തയാറെടുത്തിരിക്കെ പ്രവേശനം റദ്ദാക്കിയത് തങ്ങളെ മാനസിക സംഘര്‍ഷത്തിലാക്കിയിരിക്കുകയാണ്. ജെയിംസ് കമ്മിറ്റിയും മാനേജ്‌മെന്റും തമ്മിലുള്ള തര്‍ക്കത്തില്‍ തങ്ങള്‍ ബലിയാടുകളാവുകയാണ്. കേസില്‍ കരുണ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റും കക്ഷിചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യോഗ്യതയില്ലാതെയാണ് തങ്ങള്‍ പ്രവേശനം തേടിയതെന്ന് ചിലര്‍ പ്രചരിപ്പിക്കുകയാണ്. ഇത് തെറ്റാണ്. മെഡിക്കല്‍ കോളജുകള്‍ തമ്മിലുള്ള ശത്രുത പ്രശ്‌നം വഷളാവാന്‍ ഇടയാക്കിയിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പ്രവേശന നടപടിക്രമങ്ങള്‍ ലംഘിച്ചെന്ന ആരോപണത്തിന് മറുപടി പറയാന്‍ തങ്ങള്‍ക്ക് ജെയിംസ് കമ്മിറ്റി അവസരം നല്‍കിയില്ല. എന്നാല്‍, ഹിയറിങ് നടത്തിയെന്നാണ് ജെയിംസ് കമ്മിറ്റി പറയുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
അതിനിടെ, സുപ്രിംകോടതി ഉത്തരവ് മറികടക്കുന്നതിനുള്ള മാര്‍ഗം തെളിയുമെന്ന് കരുണ മെഡിക്കല്‍ കോളജ് അധികൃതര്‍ വിദ്യാര്‍ഥി പ്രതിനിധികളെ അറിയിച്ചു. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് കോളജിലെ പി.ടി.എയുടെ സമ്പൂര്‍ണ യോഗം അടുത്തദിവസങ്ങളില്‍ വിളിച്ചുചേര്‍ക്കും. യോഗത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ വിശദീകരിക്കുമെന്നാണ് കോളജ് അധികൃതര്‍ ഉറപ്പുനല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് കരുണ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥിയെ ബന്ധപ്പെട്ടപ്പോള്‍ ഇപ്പോള്‍ പ്രതികരിക്കാനാകില്ലെന്നും ഭാവിയാണ് വലുതെന്നുമായിരുന്നു മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."