കൊന്നിട്ടും സി.പി.എം ശുഹൈബിനെ അപമാനിക്കുന്നു: എ.കെ ആന്റണി
മട്ടന്നൂര്‍: ഒരു യുവാവിനെ ദാരുണമായി വധിച്ചതിനു ശേഷവും അപമാനിക്കാന്‍ മുന്നോട്ടു വരുന്ന സി.പി.എമ്മിന്റെ മുഖം സമൂഹം തിരിച്ചറിയണമെന്നും ഇത്തരത്തില്‍ അധ:പതിച്ച ഒരു വിഭാഗമായി കണ്ണൂരിലെ സി.പി.എം മാറിയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി. എടയന്നൂരില്‍ കൊല്ലപ്പെട്ട ശുഹൈബിന്റെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എടയന്നൂരില്‍ നന്മയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശുഹൈബെന്ന യുവാവിനെ വെട്ടിക്കൊന്നിട്ടും മനസുമാറാത്തവര്‍ ഒരുകാലത്ത് പശ്ചാത്തപിക്കും. ശുഹൈബ് ഇല്ലാത്ത ഈ വീടിനു സമീപത്തുകൂടി വീണ്ടും പ്രകോപനകരമായി മുദ്രാവാക്യവുമായി പോയിട്ടുണ്ട്. ഷുഹൈബിന്റെ വധത്തില്‍ ഉന്നത സി.പി.എം നേതാക്കള്‍ക്ക് ബന്ധമുണ്ട്.
സംസ്ഥാന പൊലിസിന്റെ അന്വേഷണം തൃപ്തികരമല്ല. പൊലിസ് അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ല. പ്രതികള്‍ക്ക് സി.പി.എം ജയിലില്‍ സുഖവാസമൊരുക്കുന്ന ഈ കാലത്ത് ശുഹൈബ് വധക്കേസിലും വിധി മറ്റൊന്നാകില്ലെന്നും ആന്റണി പറഞ്ഞു. ശുഹൈബിന്റെ ഘാതകര്‍ക്കും കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കണം. ശുഹൈബിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്നും നിയമത്തിന്റെ ഏതറ്റം വരെയും പോയി സി.ബി.ഐ അന്വേഷണം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാവിലെ 11 ഓടെയാണ് എ.കെ ആന്റണി ശുഹൈബിന്റെ വസതിയിലെത്തിയത്. കെ.സി ജോസഫ് എം.എല്‍.എ, ഷാനിമോള്‍ ഉസ്മാന്‍, എ.പി അബ്ദുല്ലക്കുട്ടി, ചന്ദ്രന്‍ തില്ലങ്കേരി, ജോഷി കണ്ടത്തില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."