അറവുമാലിന്യവുമായി രണ്ടുപേര്‍ പിടിയില്‍
തൊടുപുഴ: ഇരുട്ടിന്റെ മറവില്‍ അറവുമാലിന്യങ്ങള്‍ തൊടുപുഴയാറ്റില്‍ തള്ളാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍. നഗരസഭ ഹെല്‍ത്ത് സ്ക്വാഡാണ് മാലിന്യങ്ങളുമായുള്ള ഗുഡ്സ് ഓട്ടോറിക്ഷയടക്കം പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ വെങ്ങല്ലൂര്‍ പാലത്തിന് സമീപമാണ് സംഭവം. അറവുമാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളാനുള്ള ശ്രമം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. മൂന്ന് മറുനാടന്‍ തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ വെങ്ങല്ലൂര്‍ സ്വദേശി കപ്രാട്ടില്‍ ജാഫറിന്റെ ഉടമസ്ഥതയിലുള്ള അറവുശാലയില്‍ നിന്നുള്ള മാലിന്യങ്ങളാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് വാഹനം തൊടുപുഴ പൊലിസിന് കൈമാറി. വാഹനത്തിന്റെ ഉടമ മറ്റൊരാളാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അറവുശാല ഉടമസ്ഥനില്‍ നിന്ന് 25000 രൂപാ പിഴയീടാക്കുമെന്ന് നഗരസഭ വൈസ് ചെയര്മാന് ടി.കെ സുധാകരന് നായര്‍ അറിയിച്ചു. പിഴയടച്ചാല്‍ മാത്രമേ വാഹനം വിട്ടുനല്‍കുകയുള്ളൂ. വെള്ളിയാഴ്ച രാത്രി മുതല്‍ ആരോഗ്യ വിഭാഗം നഗര പ്രദേശത്ത് പരിശോധന നടത്തുന്നുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."