സൂപ്രണ്ടില്ല; ചങ്ങനാശേരി ജനറല്‍ ആശുപത്രി പ്രവര്‍ത്തനം അവതാളത്തില്‍
ചങ്ങനാശേരി: ജനറല്‍ ആശുപത്രിയില്‍ പൂര്‍ണചുമതലയുള്ള സൂപ്രണ്ടുമാരില്ലാത്തതുമൂലം പ്രവര്‍ത്തനം താളം തെറ്റിയ നിലയില്‍.
ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും അവശ്യമുള്ളവരെ നിയമിക്കുന്ന കാര്യത്തില്‍ പോരായ്മ തുടരുകയാണ്. ജനറല്‍ ആശുപത്രിയില്‍ സൂപ്രണ്ടിന് അസി. ഡയറക്ടറുടെ പദവിയാണുള്ളത്.
ജനറല്‍ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിനൊപ്പം വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനും അസി. ഡയറക്ടര്‍ തസ്തികയിലുള്ള സൂപ്രണ്ടിന്റെ സേവനം അനിവാര്യമാണ്. ആശുപത്രികളിലും ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്.
സ്ഥിരമായുള്ള സൂപ്രണ്ടിനെ നിയമിക്കാത്തതുമൂലം ചങ്ങനാശേരിയില്‍ ദിവസങ്ങളായി സീനിയര്‍ ഡോക്ടര്‍ക്കാണ് സൂപ്രണ്ടിന്റെ ചുമതല. സ്ഥിരഡ്യൂട്ടിക്കു പുറമേ സൂപ്രണ്ടിന്റെ ചുമതല ചെയ്യേണ്ടിവരുന്നതിനാല്‍ ഇക്കൂട്ടരും ഇപ്പോള്‍ പ്രതിഷേധത്തിലാണ് ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് സര്‍ക്കാര്‍.
പ്രതിഷേധം ശക്തമാകുമ്പോള്‍ നിയമനം ഉടന്‍ നടത്തുമെന്ന പ്രഖ്യാപനമല്ലാതെ യാഥാര്‍ഥ്യമാക്കാറില്ല.
വിവിധ ആശുപത്രികളില്‍ തസ്തിക ഒഴിഞ്ഞുകിടക്കുമ്പോഴും ഡോക്ടര്‍മാരെ കുറ്റപ്പെടുത്തി തലയൂരുകയാണ് ആരോഗ്യവകുപ്പ്. ഇപ്പോള്‍ സീനിയര്‍ ഡോക്ടര്‍മാര്‍ പലരും ആശുപത്രികളുടെ ഭരണനിര്‍വഹണ ചുമതലകള്‍ ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നാണ് അവരുടെ വാദം.
ആശുപത്രികളുടെ ഭരണചുമതലകള്‍ നിര്‍വഹിക്കാന്‍ പ്രാപ്തരായ സീനിയര്‍ ഡോക്ടര്‍മാരെ പ്രമോഷന്‍ നല്‍കി ഇത്തരം തസ്തികകളില്‍ നിയമിക്കണമെന്ന നിര്‍ദേശങ്ങളും ആരോഗ്യവകുപ്പില്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉത്തരവാദിത്വപെട്ടവര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന അഭിപ്രായവും ശക്തമാണ്.
ജനറല്‍ ആശുപത്രിയില്‍ മറ്റു ജീവനക്കാരുടെ കുറവും ഇതുവരെ നികത്തിയിട്ടില്ല. ആവശ്യത്തിനുള്ളനഴ്‌സുമാരെ നിയമിക്കാത്തതു കിടത്തിചികിത്സയെയും പ്രതികൂലമായി ബാധിക്കും.വിരലിലെണ്ണാവുന്ന നഴ്‌സുമാര്‍ മാത്രമാണിവിടെ ഉള്ളത്. അവരിപ്പോള്‍ അധിക ജോലി ചെയ്യേണ്ട അവസ്ഥയിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."