മിനിമം ചാര്‍ജ് 30 രൂപ; വന്ദേ മെട്രോ ഓടിത്തുടങ്ങുന്നു, ഫ്‌ലാഗ്ഓഫ് 16ന്
കൊല്ലം: വന്ദേഭാരത് ശ്രേണിയിലെത്തുന്ന വന്ദേ മെട്രോ സര്‍വിസിനൊരുങ്ങി. രാജ്യത്തെ ആദ്യത്തെ വന്ദേ മെട്രോ ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് 16ന് അഹമ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തും. അഹമ്മദാബാദിനും ഭുജിനും ഇടയിലായിരിക്കും ആദ്യ മെട്രോ സര്‍വിസ് നടത്തുക. 12 കോച്ചുകളാണിതിലുള്ളത്. ഇതിന്റെ ടൈംടേബിള്‍ പുറത്തിറങ്ങി. ആഴ്ചയില്‍ ആറുദിവസമുള്ള സര്‍വിസില്‍ ഒമ്പത് സ്റ്റോപ്പുകള്‍ ഉണ്ട്. ശരാശരി രണ്ടു മിനിറ്റ് വീതമുള്ള സ്റ്റോപ്പുകള്‍ ഉള്‍പ്പെടെ യാത്ര ഏകദേശം അഞ്ചു മണിക്കൂര്‍ 45 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാകും.
യാത്രാനിരക്കുകള്‍ നിശ്ചയിച്ചുള്ള റെയില്‍വേ ഫിനാന്‍സ് ഡയരക്ടറേറ്റിന്റെ വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത അണ്‍ റിസര്‍വ്ഡ് മെട്രോ ട്രെയിന്‍ സര്‍വിസില്‍ 25 കിലോമീറ്റര്‍ ദൂരം വരെ മിനിമം ചാര്‍ജായി ജി.എസ്.ടി അടക്കം 30 രൂപയായാണ് നിശ്ചയിച്ചിട്ടുള്ളത്. നോണ്‍ സബര്‍ബന്‍ സെക്ഷനിലെ യാത്രക്കാരെ സംബന്ധിച്ച് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ ടിക്കറ്റ് നിരക്ക്. 25 കിലോമീറ്റര്‍ കഴിഞ്ഞുള്ള യാത്രയ്ക്ക് ദൂരത്തിന് ആനുപാതികമായി നിരക്കില്‍ വര്‍ധന ഉണ്ടാകും. വിശദമായ ചാര്‍ട്ടും റെയില്‍വേ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രതിമാസ, ദ്വൈവാര, പ്രതിവാര സീസണ്‍ ടിക്കറ്റുകളിലും യാത്ര ചെയ്യാം. ഇവയ്ക്ക് യഥാക്രമം ഒറ്റയാത്രയുടെ 20,15, ഏഴ് ഇരട്ടി നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്.
25 കിലോമീറ്റര്‍ ദൂരം വരെ പ്രതിമാസ സീസണ്‍ ടിക്കറ്റ് നിരക്ക് 600 രൂപയാണ്. ഇതേ ദൂരത്തിന് ദ്വൈവാര സീസണ്‍ ടിക്കറ്റിന് 450 രൂപയും പ്രതിവാര സീസണ്‍ ടിക്കറ്റിന് 210 രൂപയുമാണ് ഈ ടാക്കുക. കുട്ടികള്‍ക്കുള്ള നിരക്കിലെ ഇളവ് റെയില്‍വേ നിയമം അനുശാസിക്കുന്നത് പോലെ തുടരും. ടിക്കറ്റിന്റെ കാലാവധി സംബന്ധിച്ചും വ്യവസ്ഥകളില്‍ മാറ്റമൊന്നും ഇല്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ടിക്കറ്റ് റദ്ദ് ചെയ്യുന്നവരില്‍ നിന്ന് ക്ലറിക്കല്‍ ചാര്‍ജ് ഈടാക്കും. മിനിമം കാന്‍സലേഷന്‍ തുക 60 രൂപയാണ്. വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കിവരുന്ന കണ്‍സഷന്‍ ടിക്കറ്റുകള്‍, സൗജന്യ പാസുകള്‍ എന്നിവ വന്ദേ മെട്രോ യാത്രയില്‍ അനുവദനീയമല്ല. ഇത്രയും വിവരങ്ങള്‍ അടങ്ങിയ അറിയിപ്പ് റെയില്‍വേ ബോര്‍ഡ് പാസഞ്ചര്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോര്‍ഡിനേഷന്‍ ജോയിന്റ് ഡയരക്ടര്‍ അഭയ് ശര്‍മ എല്ലാ സോണുകളിലെയും പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സല്‍ മാനേജര്‍മാര്‍ക്കും അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."