മെയ്ഡ് ഇന്‍ കാസര്‍കോട്
മങ്കമാര്‍ക്ക് പ്രിയമേറും കാസര്‍കോട് സാരി
പുറംനാട്ടുകാര്‍ കാസര്‍കോട്ടുനിന്ന് പ്രതീക്ഷിക്കുന്നൊരു ഫാഷന്‍ ഉല്‍പന്നമുണ്ട്. നൂലിഴകളാല്‍ തീര്‍ത്ത, രാജ്യത്താകെ ശ്രദ്ധേയമായ, കാസര്‍കോടിന്റെ പേര് മുദ്ര ചാര്‍ത്തി വച്ച ആ ഉല്‍പന്നമാണ് കാസര്‍കോട് സാരി. കേരളത്തിലെത്തുന്ന വിദേശികള്‍ ആറന്മുള കണ്ണാടിപോലെ സ്വന്തമാക്കാന്‍ കൊതിക്കുന്ന ഉല്‍പന്നമായി കാസര്‍കോട് സാരിയും മാറിയിട്ടുണ്ടെന്നതാണ് യാഥാര്‍ഥ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഉടുത്തൊരുങ്ങി ശീലിച്ച ഈ സാരി എട്ടു പതിറ്റാണ്ടുകളോളമായി ലോകമാകെ കാസര്‍കോടിന്റെ പരിമണം പരത്തുന്നുണ്ട്.
1938ല്‍ കാസര്‍കോട് തായലങ്ങാടി ആസ്ഥാനമായി രൂപം കൊണ്ട കാസര്‍കോട് വീവേഴ്‌സ് കോ ഓപറേറ്റിവ് പ്രൊഡക് ഷന്‍സ് ആന്റ് സെയില്‍സ് സൊസൈറ്റിയാണ് വാണിജ്യാടിസ്ഥാനത്തില്‍ കാസര്‍കോട് സാരി ഉല്‍പാദിപ്പിച്ച് തുടങ്ങിയത്. പൗര പ്രമുഖനായിരുന്ന എം. ഉമേഷ് റാവു പ്രസിഡന്റായുള്ള ഏഴംഗ ഡയറക്ടര്‍ ബോര്‍ഡായിരുന്നു ഈ സംരംഭത്തിനു പിന്നില്‍.
ഏറെ താമസിയാതെ കാസര്‍കോട് ഭാഗത്തെ അഞ്ഞൂറില്‍പ്പരം കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമായി ഈ കൈത്തൊഴില്‍ മാറി. നെയ്ത്ത് കുലത്തൊഴിലാക്കിയിരുന്ന ശാലിയ സമുദായക്കാരായിരുന്നു അക്കാലത്ത് നൂലിഴകളാല്‍ വര്‍ണവിസ്മയം തീര്‍ത്ത് കാസര്‍കോട് സാരികള്‍ നെയ്തിരുന്നത്. നൂറുശതമാനവും കോട്ടനില്‍ തീര്‍ത്തതാണ് കാസര്‍കോട് സാരി.
കാസര്‍കോട് സാരിയുടെ ഗുണമേന്മയും വൈവിധ്യവും പരസ്യപ്പെട്ടതോടെ അതിനു ഡിമാന്റും വര്‍ധിച്ചു. അങ്ങനെ സാരി നിര്‍മാണത്തിനു സ്വന്തമായൊരു കേന്ദ്രം ആരംഭിക്കണമെന്ന ആഗ്രഹം വീവേഴ്‌സ് സൊസൈറ്റി അംഗങ്ങളില്‍ മുളപൊട്ടി. ഇതേത്തുടര്‍ന്ന് 1977ല്‍ വിദ്യാനഗറിനു സമീപം ഉദയഗിരിയിലെ (ഇന്നത്തെ കാസര്‍കോട് സാരീസ് കെട്ടിടത്തിനു സമീപം) താല്‍ക്കാലിക കെട്ടിടത്തില്‍ സാരി നിര്‍മാണ യൂനിറ്റ് ആരംഭിച്ചു. തൊഴിലാളികളുടെ വീടുകളിലെ അസൗകര്യവും ഇതിനു കാരണമായി.
പുതിയ കെട്ടിടം കേന്ദ്രീകരിച്ചുള്ള സാരി നിര്‍മാണത്തിന് ആധുനിക സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. കാലാനുസൃതമായുള്ള മാറ്റങ്ങള്‍ പരീക്ഷിച്ചപ്പോഴും കാസര്‍കോട് സാരിയോടുള്ള ഉപഭോക്താക്കളുടെ ഇഷ്ടവും കൂടിവന്നു. ആരംഭം തൊട്ടേ പ്രതീക്ഷ നല്‍കുന്ന ലാഭത്തോടെയായിരുന്നു കാസര്‍കോട് സാരീസിന്റെ പ്രവര്‍ത്തനം.
2013 ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വകുപ്പിന്റെ കീഴില്‍ കാസര്‍കോട് സാരി സെന്ററിനോട് ചേര്‍ന്നു നെയ്ത്ത് പരിശീലന കേന്ദ്രം ആരംഭിച്ചു. അന്നത്തെ ടൂറിസം, പട്ടിക ജാതി വികസന വകുപ്പ് മന്ത്രി എ.പി അനില്‍ കുമാറാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എസ്.സി, എസ്.ടി വിഭാഗത്തില്‍പെട്ട ഇരുപതുപേര്‍ക്ക് വീതം ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സാണു നല്‍കിവരുന്നത്. ഇങ്ങനെ പരിശീലനം നേടിയ അറുപതോളം പേരാണ് നിലവില്‍ കാസര്‍കോട് സാരികള്‍ നെയ്‌തെടുക്കുന്നത്.
ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മികച്ച നിലവാരമുള്ള ഉല്‍പന്നങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ 1999ല്‍ കൊണ്ടു വന്ന ജിയോഗ്രാഫിക്കല്‍ ഇന്റിക്കേഷന്‍ ആക്ടില്‍ കാസര്‍കോട് സാരിയും ഇടം പിടിച്ചിരുന്നു. കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് കമ്മിറ്റി മുഖേന 2010ല്‍ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ ഭൗമ സൂചികാ അംഗീകാരം കാസര്‍കോട് സാരിയെ തേടിയെത്തി. നാടിന്റെ പേരില്‍ അറിയപ്പെടുന്ന ഉല്‍പന്നങ്ങളുടെ കീര്‍ത്തിയും ഗുണമേന്മയും അടിസ്ഥാനമാക്കിയായിരുന്നു ഈ അംഗീകാരം.
തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നാണ് സാരി നിര്‍മാണത്തിനാവശ്യമായ നൂല്‍, ചായം, ഉപകരണങ്ങള്‍ എന്നിവ എത്തിക്കുന്നത്. കളറില്‍ മുക്കിയെടുക്കുന്ന നൂല്‍ ഘട്ടംഘട്ടമായ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണു സാരി നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. ചെക്ക് ഡിസൈനുകളോടും കളര്‍ കോമ്പിനേഷനോടും കൂടി പൂര്‍ണമായും പരുത്തി നൂലിലാണ് കാസര്‍കോട് സാരി ഒരുക്കുന്നത്.
കാസര്‍കോട് സാരികള്‍ ആരംഭം തൊട്ടേ മൊത്തമായും ചില്ലറയായും വില്‍പന നടത്തിവരുന്നു. 1250 രൂപ മുതല്‍ 2250 രൂപ വരെയുള്ള സാരികളാണ് വില്‍പനക്കുള്ളത്.
പരമ്പരാഗത രീതിയില്‍ നെയ്‌തെടുക്കുന്ന കാസര്‍കോട് സാരിയുടെ പരിസ്ഥിതി സൗഹൃദ ഗുണമാണ് ഉപഭോക്താക്കള്‍ക്കിടയില്‍ ഇതിനെ പ്രിയങ്കരമാക്കുന്നത്. 15 വര്‍ഷം വരെ കളറിലും ഗുണമേന്മയിലും ഒരു കോട്ടവും തട്ടുന്നില്ലെന്ന പ്രത്യേകതയും ഈ സാരിക്കുണ്ട്. വൈവിധ്യങ്ങള്‍ കാട്ടി കണ്ണഞ്ചിപ്പിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ നിമിഷങ്ങള്‍ ഓര്‍ക്കാന്‍ വിദേശികള്‍ കാസര്‍കോട് സാരിയാണ് സൂക്ഷിക്കുന്നത് എന്നറിയുമ്പോള്‍ ഏതൊരു കാസര്‍കോട്ടുകാരനിലും രോമാഞ്ചമുണ്ടാവും.
തളങ്കര തൊപ്പി ലോകത്തിന്റെ കിരീടം
1930 കാലഘട്ടത്തിലാണ് ഇന്നു ലോകത്തിന്റെ പല കോണിലും പ്രചാരത്തിലുള്ള ' തളങ്കര തൊപ്പി ' യുടെ നിര്‍മാണം ആരംഭിക്കുന്നത്. മതപരമായ ആചാരം എന്നതിലുപരി ആളുകളെ അളക്കുന്ന അളവുകോല്‍ ആയി മാറാന്‍ തളങ്കര തൊപ്പിക്ക് അധിക കാലം വേണ്ടി വന്നില്ല. തളങ്കര തൊപ്പി ധരിക്കുന്നത് കുടുംബ മഹിമയുടെയും തലയെടുപ്പിന്റെയും പ്രതീകമാണെന്നും മുന്‍ഗാമികളില്‍ ( വിദേശികള്‍ ഉള്‍പ്പെടെ ) ചിലരെങ്കിലും കരുതിയിരുന്നു. തളങ്കര തൊപ്പിയുടെ പ്രചാരം ഗള്‍ഫില്‍ വ്യാപിച്ചപ്പോള്‍ അറബ് രാജ്യത്തെ പ്രമുഖര്‍ പോലും തളങ്കര തൊപ്പിയെ കുറിച്ചു തിരക്കിയതായി പറയപ്പെടുന്നു.
ആഫ്രിക്കയിലെ മുസ്‌ലിംകളും തളങ്കര തൊപ്പിയില്‍ ആദ്യ കാലം മുതല്‍ക്കേ ആകൃഷ്ടരായിരുന്നു. ഗള്‍ഫ് രാജ്യങ്ങളും ആഫ്രിക്കയിലെ ചില രാജ്യങ്ങളും ആയിരുന്നു ആദ്യകാലത്തെ പ്രധാന വിദേശ വിപണികള്‍. വിദേശ രാജ്യങ്ങളിലേക്കു വന്‍ തോതില്‍ ഇപ്പോള്‍ കയറ്റുമതി നടത്തുന്നില്ലെങ്കിലും ആളുകളുടെ ആവശ്യകത അനുസരിച്ചു പുറം രാജ്യങ്ങളിലേക്ക് എത്തിച്ചു കൊടുക്കാറുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചെലവാകുന്നത് മുംബൈയില്‍ ആണ്. കേരളത്തില്‍ കാസര്‍കോടിനു പുറമെ കണ്ണൂരിലും മലപ്പുറത്തും ആണ് ആവശ്യക്കാര്‍ ഏറെ.
മാളികയില്‍ മുഹമ്മദ്, എം.പി അബ്ദുല്‍ ഖാദര്‍, പി. മുഹമ്മദ് ഹാജി, കെ.എസ് അബ്ദുല്‍ ഖാദര്‍ ഹാജി തുടങ്ങിയവരാണ് തളങ്കര തൊപ്പിയുടെ ആദ്യകാല നിര്‍മാതാക്കള്‍.
സാധാരണ തുണികളില്‍ നിര്‍മിക്കുന്നതിനു പകരം തുണികളില്‍ ചിത്രപ്പണി ചെയ്തു നൂല്‍ നിറച്ചു കട്ടിയില്‍ നിര്‍മിക്കുന്നതാണ് തളങ്കര തൊപ്പി. ഗാംഭീര്യത്തോടൊപ്പം ദൂരെ നിന്ന് ആളുകളുടെ ആകര്‍ഷണം നേടാന്‍ കൂടി തളങ്കര തൊപ്പിക്കു സാധിക്കുന്നു. തടിത്തൊപ്പി, കണ്ണന്‍ തൊപ്പി, ദോ ടിപ്പ് തൊപ്പി, കൊയിലാണ്ടിത്തൊപ്പി, കറുത്ത തൊപ്പി, പച്ചത്തൊപ്പി തുടങ്ങിയവ തളങ്കര തൊപ്പികളില്‍ ചിലതാണ് .
കേരളത്തിന്റെ തെക്കു ഭാഗങ്ങളില്‍ നിന്നു തളങ്കര തൊപ്പിയുടെ നിര്‍മാണ ശൈലിയെ കുറിച്ചു പഠനം നടത്താന്‍ നിരന്തരം ആളുകള്‍ എത്തുന്നുണ്ടെന്നതാണ് വസ്തുത.
ഇന്നും തളങ്കര തൊപ്പിയുടെ ഗാംഭീര്യം കിരീടമായി തന്നെ പലരും കൊണ്ടു നടക്കുന്നു.
കയ്യൂര്‍ സ്‌പെഷല്‍ 'കൊട്ടമ്പാള'
കയ്യൂരിലേക്ക് അതിഥികള്‍ എത്തിയാല്‍ അവര്‍ക്കു നല്‍കേണ്ട സമ്മാനത്തെ കുറിച്ച് കയ്യൂരുകാര്‍ രണ്ടാമതൊന്നു ആലോചിക്കാറില്ല. അവരുടെ തലയില്‍ വച്ചു കൊടുക്കും തങ്ങളുടെ നാടിന്റെ അടയാളമായ 'കൊട്ടമ്പാള' (പാളകൊണ്ട് ഉണ്ടാക്കുന്ന തൊപ്പി). നാട്ടിലെ കാര്‍ഷിക സംസ്‌കാരത്തിന് ഏറെ മാറ്റമുണ്ടായെങ്കിലും തോര്‍ത്തു മുണ്ടുടുത്ത് പാളത്തൊപ്പിയണിഞ്ഞ കയ്യൂരിലെ കര്‍ഷകര്‍ ഇപ്പോഴും ഗൃഹാതുരതയുണര്‍ത്തുന്ന കാഴ്ചയാണ്.
കയ്യൂരില്‍ ഇന്നും ഏക്കര്‍കണക്കിനു തെങ്ങ്, കവുങ്ങ് തോട്ടങ്ങളും കൃഷിയിടങ്ങളുമുണ്ട്. ഇവിടെയെല്ലാം ജോലിചെയ്യുന്ന കര്‍ഷകരുടെ തലയില്‍ ഇന്നും കൊട്ടമ്പാളയുണ്ട്. കവുങ്ങിന്റെ പാളകൊണ്ടാണ് കൊട്ടമ്പാള നിര്‍മിക്കുന്നത്. ചൂട് അസഹനീയമാകുമ്പോള്‍ വിശറിയായും ഉപയോഗിക്കാം. കൊട്ടമ്പാളയുടെ അകത്തു പണം സൂക്ഷിക്കാനും മുറുക്കാന്‍ സൂക്ഷിക്കാനും അറകളുണ്ട്.
കയ്യൂരില്‍ വിരുന്നെത്തുന്ന അതിഥികളെ പാളത്തൊപ്പിയണിയിച്ച് സ്വീകരിക്കുന്നതും പതിവാണ്. കയ്യൂരില്‍ ഓരോ വീട്ടിലും കവുങ്ങുണ്ട്; അടക്കക്ക് മാത്രമല്ല, മാച്ചിപ്പട്ടയ്ക്കും പാളയ്ക്കും വേണ്ടിയാണ് ഇവര്‍ കവുങ്ങ് വളര്‍ത്തുന്നത്. വിരുന്നുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് കയ്യൂര്‍ സ്‌പെഷല്‍ 'കൊട്ടമ്പാള'.
ഈ കൊട്ടമ്പാളയെന്ന പാളത്തൊപ്പി ഇപ്പോള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിപണനം നടക്കുന്നുണ്ട്. പക്ഷെ ഒരു പരമ്പരാഗത വസ്തു എന്നുള്ള നിലയില്‍ ഇതിന്റെ വിപണി കണ്ടെത്താത്തത് വലിയ വീഴ്ചയാണ്.
എരിക്കുളം മണ്‍ചട്ടി നല്‍കും വേറിട്ടൊരു രുചി
മണ്‍പാത്ര നിര്‍മാണത്തിനു പേരുകേട്ട സ്ഥലമാണ് മടിക്കൈ പഞ്ചായത്തിലെ എരിക്കുളം. ഒരു കുലത്തൊഴിലായാണ് എരിക്കുളക്കാര്‍ ഇതിനെ കാണുന്നത്. ഒരു വീട്ടിലെ ചെറിയ കുട്ടി മുതല്‍ പ്രായമായവര്‍ക്കു വരെ ചെയ്യാന്‍ കഴിയുന്ന ജോലികള്‍ പാത്ര നിര്‍മാണത്തിലുണ്ട്. വിഷുദിനത്തിലാണ് എരിക്കുളം മണ്‍പാത്ര നിര്‍മാണത്തിനു തുടക്കമാകുക. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന തൊഴിലിന്റെ തുടക്കം. വിഷുക്കണി കണ്ടതിനു ശേഷം ഇവിടുത്തെ 175 ലധികം വീട്ടുകാര്‍ കളിമണ്ണ് ശേഖരിക്കാനായി ഒരേ മനസോടെ വയലിലിറങ്ങും.
സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഇക്കൂട്ടത്തിലുണ്ടാകും. തൂമ്പ, കൈക്കോട്ട്, കൊട്ട എന്നീ പണിയായുധങ്ങളുമായാണ് വയലിലിറങ്ങുക. തുടര്‍ന്നു വയലില്‍ കുഴികളെടുക്കുകയും മണ്‍പാത്രനിര്‍മാണത്തിനാവശ്യമായ കളിമണ്ണ് കണ്ടെത്തുകയും ചെയ്യും. ഒരാഴ്ചക്കാലം മണ്ണെടുത്തതിനു ശേഷം പറമ്പില്‍ ഉണ്ടാക്കിയ കുഴികളില്‍ വയലില്‍ നിന്നു കിട്ടിയ നാലുതരം മണ്ണുകള്‍ അട്ടികളായി നിക്ഷേപിക്കും.
മഴക്കാലമാകുന്നതോടെ ഈ മണ്ണുകള്‍ അലിഞ്ഞു പാകമാകും. തുടര്‍ന്നാണു പാത്രനിര്‍മാണം. ഇതില്‍ നിന്നെടുക്കുന്ന മണ്ണ് പാകപ്പെടുത്തിയെടുത്തതിനുശേഷം കലം ചവ്തി ( വീല്‍) യുടെ മുകളില്‍ വച്ചു വാര്‍ത്തെടുക്കും. ഇവ വെയിലില്‍ വച്ചു നന്നായി ഉണങ്ങുമ്പോള്‍ ചൂളയില്‍ വച്ചു പാത്രം ചുട്ടെടുക്കുന്നതോടെ മണ്‍പാത്രനിര്‍മാണം പൂര്‍ത്തിയാകും.
എന്നാല്‍ ഇന്ന് ഈ പരമ്പരാഗത തൊഴില്‍ മേഖല പ്രതിസന്ധിയിലാണ്. പാത്രം നിര്‍മിക്കാനാവശ്യമായ മണ്ണ് കിട്ടാനില്ല എന്നതാണ് പ്രധാനം. സര്‍ക്കാര്‍ തലത്തിലും വേണ്ട ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ഈ തൊഴിലിന്റെ അവസാനം ഇവര്‍ക്ക് ബാക്കിയാകുന്നത് വാതം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവ മാത്രം. എന്നാലും എരിക്കുളം ചട്ടിയുടെ പ്രാധാന്യം കുറഞ്ഞിട്ടില്ല. വിഷുവെത്തുമ്പോള്‍ എരിക്കുളം ചട്ടിയാണെങ്കില്‍ കണ്ണുംപൂട്ടി വാങ്ങും കേരളത്തിലെവിടെയുള്ളവരും.
പടന്നയില്‍നിന്നു കടല്‍ കടക്കുന്ന മുരുമാംസം
പടന്ന ഓരി പുഴയോരത്ത് മുരുവിന്റെ കയറ്റുമതി തൊഴില്‍ മേഖലയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നു. സി.എം.എഫ്.ആര്‍.ഐയുടെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ കൃഷി ചെയ്ത് ജില്ല കടന്നു മുംബയിലേക്കും അവിടെ നിന്നു വിദേശ രാഷ്ട്രങ്ങളിലേക്കും മുരു കയറ്റുമതി ചെയ്യുന്നത്.
പുഴകളില്‍ സംരക്ഷണമുണ്ടാക്കിയ കല്ലുകളിലും പാറകളിലുമാണ് ഒട്ടിപ്പിടിച്ചു തനിയെ വളരുന്ന മുരു പറിച്ചെടുക്കുന്നതും അതില്‍ നിന്നു മാംസം വേര്‍തിരിക്കുന്നതും ശ്രമകരമായ ജോലിയാണ്. സ്ത്രീകളാണ് മുരു മാംസം സംഭരിക്കുന്നതും ഒഴിഞ്ഞ പുറംതോട് പ്ലാസ്റ്റിക് കയറില്‍ കോര്‍ത്ത് കായലില്‍ നിക്ഷേപിച്ചു കൃഷി ചെയ്യുന്നതും.
കണ്ണും മൂക്കും ചെവിയുമൊന്നുമില്ലാത്ത, വായ മാത്രമുള്ളൊരു വികലാംഗന്‍, പച്ചവെള്ളം മാത്രം കുടിച്ചു ജീവിക്കുന്ന സാത്വികന്‍, തോടുള്ള, ഭക്ഷ്യയോഗ്യമായ ജലജീവികളില്‍പ്പെട്ട 'മുരു'വിനെപ്പറ്റി നാട്ടിന്‍പുറത്തുകാരുടെ വിശേഷണം ഇങ്ങനെയാണ്. പടന്ന ഗ്രാമപഞ്ചായത്തിലെ ഓരി പുഴയോരത്തെ നിരവധി സാധാരണക്കാര്‍ ജീവിതം കരുപിടിപ്പിച്ചത് മുരുവിന്റെ ഇറച്ചി ശേഖരിച്ചു വിറ്റാണ്.
ഇറച്ചിശേഖരണം തൊഴിലാക്കിയവരുടെ എണ്ണം കുറഞ്ഞുവെങ്കിലും സ്വന്തം ആവശ്യത്തിനായി ഇപ്പോഴും പുഴയിലിറങ്ങുന്നവര്‍ നിരവധി.
ജില്ലയില്‍ത്തന്നെ മുരു സുലഭമായി ലഭിക്കുന്ന സ്ഥലമാണ് ഓരി പുഴ. നാട്ടിന്‍ പുറങ്ങളില്‍നിന്നു വന്‍കിട ഹോട്ടലുകളിലെ തീന്മേശവരെയെത്തി ക്കഴിഞ്ഞു മുരുവിറച്ചി.
വിഭവങ്ങളിലുമുണ്ട് കാസര്‍കോടന്‍ സ്‌പെഷല്‍
ജില്ലയുടെ വടക്കന്‍ മേഖലകളില്‍ വിധങ്ങളായ അപ്പത്തരങ്ങള്‍ ഉണ്ടെങ്കിലും കടല കാച്ചിയും പൊരി അപ്പവും ഈത്തപ്പഴം കാച്ചിയും പോലെ ജില്ലക്കു പുറത്തുള്ളവര്‍ക്ക് പ്രിയപ്പെട്ട ഇനങ്ങള്‍ വേറെയില്ല. കാസര്‍കോട്, കുമ്പള, ഉപ്പള, മഞ്ചേശ്വരം എന്നീ ഭാഗങ്ങളിലാണ് പ്രധാനമായും ഇത്തരം വിഭവങ്ങള്‍ ഉണ്ടാകുന്നത്.
നോമ്പ് ദിവസങ്ങളില്‍ നിര്‍മിക്കുന്ന വിഭവങ്ങള്‍ ഇപ്പോള്‍ ബേക്കറികളിലും സുലഭമായി ലഭിക്കും. അത്രയേറെ പ്രിയമുണ്ട് കടല കാച്ചിക്കും പൊരി അപ്പത്തിനും ഈത്തപ്പഴം കാച്ചിക്കും. ഈ രുചിക്കൂട്ടിനു പ്രിയം കൂടിയതോടെ കുടുംബശ്രീ യൂനിറ്റുകളും ഈ ഭാഗങ്ങളില്‍ ഇത്തരം വിഭവങ്ങള്‍ ഉണ്ടാക്കി വില്‍പന നടത്തുകയും ചെയ്യുന്നുണ്ട്.
പച്ചരി മാവില്‍ കടലപ്പരിപ്പു കുഴച്ച്, ഉണങ്ങിയ തേങ്ങ ചെറു കഷണങ്ങളും നിലക്കടലയും ചേര്‍ത്ത് പൊരിച്ചെടുക്കുന്നതാണ് കടല കാച്ചി. ഈത്ത പഴം മാവ് ചേര്‍ത്ത് പൊരിച്ചെടുത്തതാണ് ഈത്തപഴം കാച്ചിയത്. ഇതര ജില്ലകളിലെ ബന്ധുവീടുകളില്‍ വര്‍ഷങ്ങളായി ഈ അപ്പത്തരങ്ങള്‍ക്ക് പ്രിയമേറെയാണ്.
വിദേശത്തെ തീന്‍മേശയിലുമെത്തി കവ്വായികായലിലെ കല്ലുമ്മക്കായ
വിദേശ രാഷ്ട്രങ്ങളിലെ തീന്‍ മേശയില്‍ ആവി പറക്കുന്നത് കവ്വായിക്കായലിന്റെ സ്വന്തം കല്ലുമ്മക്കായ.
ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കല്ലുമ്മക്കായ കൃഷി ചെയ്യുന്നത് തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ, ചെറുവത്തൂര്‍ എന്നി പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കവ്വായിക്കായലിലാണ്.
ഓരോ വര്‍ഷവും കഷ്ട നഷ്ടങ്ങളുടെ കണക്കാണു പുറത്തുവരുന്നതെങ്കിലും വര്‍ഷം തോറും കല്ലുമ്മക്കായ കൃഷി കൂടുന്നതല്ലാതെ കുറയുന്ന അവസ്ഥയുണ്ടായിട്ടില്ല. കൃഷി ചെയ്തു വിളവെടുക്കുന്ന കല്ലുമ്മക്കായ ഇടനിലക്കാര്‍ മുഖേനയാണ് ജില്ല കടക്കുന്നത്. ഇടനിലക്കാരുടെ ഇടപെടല്‍ കാരണം കൃഷിക്കാര്‍ക്കു വലിയ വില കിട്ടുന്നില്ലെ ആരോപണമുണ്ടെങ്കിലും സംസ്ഥാനത്തെ ഏറ്റവും വൃത്തിയുള്ള കവ്വായി കായലിലെ രുചിയേറും കല്ലുമ്മക്കായക്ക് ലോകമെങ്ങും പ്രിയമേറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."