പ്രൈമറി ഐ.ടി കോര്‍ഡിനേറ്റര്‍മാര്‍ക്ക് പ്രത്യേക പരിശീലനം
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൈമറി സ്‌കൂള്‍ ഐ.ടി കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള നാലുദിന പരിശീലനം നാളെ ആരംഭിക്കും.
ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളോട് ചേര്‍ന്നും സ്വതന്ത്രമായും പ്രവര്‍ത്തിക്കുന്ന പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗത്തിലെ 11,000ത്തിലധികം ഐ.ടി കോര്‍ഡിനേറ്റര്‍മാരായ (പി.എസ്.ഐ.ടി.സി) അധ്യാപകര്‍ക്കാണ് ഈമാസം 24നകം രണ്ടു ബാച്ചുകളിലായി എല്ലാ ജില്ലകളിലും നല്‍കുന്നത്.
പ്രൈമറി സ്‌കൂളുകളിലെ ഐ.സി.ടി.യുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താനും സാങ്കേതിക പ്രശ്‌നങ്ങളുണ്ടായാല്‍ അത് സ്‌കൂളുകളില്‍ത്തന്നെ പരിഹരിക്കാനും കോര്‍ഡിനേറ്റര്‍മാരെ സജ്ജമാക്കുന്ന തരത്തിലാണ് പരിശീലനം.
ഓപ്പറേറ്റിങ് സിസ്റ്റം, ഓഫിസ് പാക്കേജുകള്‍ എന്നിവയുടെ ഉപയോഗം, സമ്പൂര്‍ണ സ്‌കൂള്‍ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍, 'സമഗ്ര' ലേണിങ് മാനേജ്‌മെന്റ് പോര്‍ട്ടല്‍, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് പ്രയോജനപ്പെടുത്തല്‍, വിവിധ വിഷയങ്ങള്‍ക്കുള്ള ഐ.ടി. അധിഷ്ഠിത ഉള്ളടക്കം, ഭാഷാ കമ്പ്യൂട്ടിങ്, ഇന്‍സ്റ്റലേഷന്‍ട്രബിള്‍ ഷൂട്ടിങ് തുടങ്ങിയവ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത അധ്യാപകര്‍ക്കാണ് ഒരേസമയം 230 കേന്ദ്രങ്ങളിലായി പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എട്ടു മുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകള്‍ ഹൈടെക്കാക്കുന്നതിന്റെ തുടര്‍ച്ചയായി ഈവര്‍ഷം തന്നെ മുഴുവന്‍ പ്രൈമറി വിഭാഗങ്ങള്‍ക്കും ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതിന്റെ ആദ്യ ഘട്ടമാണ് ഈ പരിശീലനമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."