തൊഴിലാളി ഗോഡൗണില്‍ തൂങ്ങിമരിച്ച സംഭവം: റബര്‍കമ്പനി നാട്ടുകാര്‍ പൂട്ടിച്ചു
സ്വന്തം ലേഖകന്‍
താമരശേരി: ചേളന്നൂരിലെ കുമാരസ്വാമി പുളിബസാറില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് കോപറേറ്റീവ് റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ ഗോഡൗണിനുള്ളില്‍ സ്ഥാപനത്തിലെ സൂപ്പര്‍വൈസര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇക്കഴിഞ്ഞ രണ്ടിന് ഉച്ചയോടെയാണ് പാലത്ത് കിഴക്കേതോട്ടങ്ങര വീട്ടില്‍ കെ.ടി സന്തോഷിനെ ഗോഡൗണില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സൂപ്പര്‍വൈസര്‍ പദവിക്കു പുറമെ ഗോഡൗണിന്റെ മൊത്തം കാര്യങ്ങളും നോക്കിനടത്തിയിരുന്നത് സന്തോഷായിരുന്നു. ഇടയ്ക്ക് ഗോഡൗണിന്റെ വാച്ചറായും ജോലി ചെയ്തിരുന്നു. ഒന്നാം തിയതി രാത്രിയില്‍ കൂരാച്ചുണ്ടില്‍ പോവുകയാണെന്ന് പറഞ്ഞാണ് ഇദ്ദേഹം വീട്ടില്‍നിന്ന് ഇറങ്ങിയത്.
ആത്മഹത്യ നടന്ന ഉടനെ പൊലിസ് നടത്തിയ ഇന്‍ക്വസ്റ്റ് നടപടിയില്‍ പ്രത്യേകിച്ച് തെളിവുകളൊന്നും കണ്ടെത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച വീട്ടുകാര്‍ സന്തോഷിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ തന്റെ ആത്മഹത്യക്ക് പിന്നില്‍ സ്ഥാപനത്തിന്റെ മാനേജറാണെന്ന് എഴുതിയ കത്ത് ലഭിച്ചിരുന്നു. ഇത് പൊലിസിന് കൈമാറുകയും ചെയ്തു. മാനേജര്‍ തന്നെ മാനസികമായി പീഡിപ്പിച്ചതായി കത്തിലുണ്ട്.
എന്നാല്‍ കത്ത് ലഭിച്ച് മൂന്നുദിവസം കഴിഞ്ഞിട്ടും ശരിയായ രീതിയില്‍ അന്വേഷണം നടത്തുന്നില്ലെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചും നാട്ടുകാരുടെ നേതൃത്വത്തില്‍ ഗോഡൗണിലേക്ക് മാര്‍ച്ച് നടത്തുകയും ഗോഡൗണിനു മുന്നില്‍ സമരപന്തല്‍ കെട്ടുകയും ചെയ്തു. തുടര്‍ന്ന് കാക്കൂര്‍ പൊലിസ് സ്ഥലത്തെത്തുകയും ഗോഡൗണ്‍ അടച്ചിടുകയുമായിരുന്നു.
നേരത്തെ പാലത്ത് ആശാ സിനിമ തിയറ്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. റബര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം ഇപ്പോള്‍ രാസവളം കയറ്റി അയക്കുന്ന മിക്‌സിങ് യൂനിറ്റ് പ്രവൃത്തിയാണ് കമ്പനിയില്‍ നടക്കുന്നത്.
13 വര്‍ഷം കമ്പനിയില്‍ സേവനം ചെയ്ത സന്തോഷിന്റെ ആത്മഹത്യക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് കോണ്‍ഗ്രസ്, സി.പി.എം, ബി.ജെ.പി പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."