സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരത്തില്‍ കേന്ദ്രത്തിന്റെ കടന്നുകയറ്റം: മുഖ്യമന്ത്രി
തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ രാജ്യത്തെ ഫെഡറല്‍ തത്ത്വങ്ങള്‍ക്കും ജനാധിപത്യ വ്യവസ്ഥയ്ക്കും നേരെയുള്ള ആക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇക്കാര്യത്തില്‍ വീണ്ടുവിചാരം ആവശ്യമാണെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ നിന്ന് കമ്മിഷനെ തടയുന്നതാണ് പരിഗണനാവിഷയങ്ങള്‍. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളെ ഉപദ്രവിക്കുന്നത് ഒട്ടും അഭിലഷണീയമല്ല.
സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരത്തിന്‍മേല്‍ കേന്ദ്രം നടത്തുന്ന കടന്നുകയറ്റം എല്ലാ അതിരുകളും ലംഘിക്കുകയാണ്. ഭരണഘടനാപരമായ സ്ഥാപനമെന്ന നിലയില്‍ നിന്ന് ഭരണപരമായ സംവിധാനമായി ധനകാര്യ കമ്മിഷന്‍ അധഃപതിക്കുന്നു. ദേശീയ വിഭവങ്ങള്‍ വികസനത്തിനായി പങ്കുവയ്ക്കുന്ന കാര്യത്തിലെ നീതി സംബന്ധിച്ച് സംശയങ്ങള്‍ ജനിപ്പിക്കുന്നതാണ് കമ്മിഷന്റെ പരിഗണനാവിഷയങ്ങള്‍. സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് ഇന്ത്യയെന്ന് ഭരണഘടന അംഗീകരിക്കുന്നുണ്ട്. വിഭവങ്ങളും അധികാരങ്ങളും സംസ്ഥാനങ്ങള്‍ക്കു പങ്കുവയ്ക്കുന്ന കാര്യത്തില്‍ നീതിയും തുല്യതയും ഉണ്ടായാല്‍ മാത്രമാണ് രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കാനാവുക.
വിഭവങ്ങള്‍ ഉണ്ടായിരിക്കാനോ ഇല്ലെങ്കില്‍ അത് ഉണ്ടാക്കിയെടുക്കാനോ ഉള്ള അവകാശം സംസ്ഥാനങ്ങള്‍ക്കുണ്ട്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അതില്ലാതെ പോകുന്നത് സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനഫലമായല്ല.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളുടെ പ്രത്യാഘാതം മൂലമാണ്. വിഭവങ്ങള്‍ ആര്‍ജിക്കാന്‍ സംസ്ഥാനങ്ങളെക്കാള്‍ ശേഷി കേന്ദ്രത്തിനുണ്ട്. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് വികസനം സാധ്യമാക്കണമെങ്കില്‍ അവയ്ക്കു വരുമാനം കണ്ടെത്താനുള്ള ശേഷി വര്‍ധിക്കേണ്ടതുണ്ട്.
സമ്പത്തിന്റെ വിതരണത്തില്‍ സംഭവിക്കുന്ന അപാകതകള്‍ പരിശോധിക്കാനുള്ള ചുമതല ഭരണഘടന ധനകാര്യ കമ്മിഷനു നല്‍കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്കു വിഭവങ്ങള്‍ ന്യായമായ രീതിയില്‍ കേന്ദ്രത്തില്‍ നിന്ന് ലഭ്യമാകുന്നത് ഉറപ്പുവരുത്തേണ്ട ചുമതല കമ്മിഷനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."