അടൂര്‍ പ്രകാശിനും കുഞ്ഞാലിക്കുട്ടിയ്ക്കും എതിരെ കേസെടുക്കാന്‍ ഉത്തരവ്
മൂവാറ്റുപുഴ : സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട പുത്തന്‍വേലിക്കര ഭൂമി ഇടപാട് കേസില്‍ മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ്, കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് നിര്‍ദ്ദേശം.
ഇവരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിജിലന്‍സിന്റെ ത്വരിത പരിശോധന റിപ്പോര്‍ട്ട് കോടതി തള്ളി. ഉടന്‍ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഇവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേസില്‍ സന്തോഷ് മാധവനെതിരെയും കേസെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
മുന്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശിനും മുന്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കും പങ്കില്ലെന്നു വ്യക്തമാക്കുന്നതാണ് കോടതി തള്ളിയ വിജിലന്‍സിന്റെ ത്വരിത പരിശോധനാ റിപ്പോര്‍ട്ട്.
സന്തോഷ് മാധവനു ഓഹരി പങ്കാളിത്തമുള്ള കൃഷി പ്രോപ്പര്‍ട്ടി ഡവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു എറണാകുളത്തും തൃശൂരിലുമായി 127.85 ഏക്കര്‍ മിച്ചഭൂമി പതിച്ചുനല്‍കാന്‍ തീരുമാനിച്ച നടപടി വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ട് മുന്‍പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഐ.ടി പാര്‍ക്കിന് അനുമതി നല്‍കാനെന്ന പേരില്‍ പുത്തന്‍വേലിക്കരയിലെ നെല്‍പാടം നികത്താന്‍ തീരുമാനമായത്. വിവാദമായതോടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."