ദിണ്ടിഗലില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് ആയിരങ്ങളുടെ യാത്രാമൊഴി: പരുക്കേറ്റ ഫായിസ് വിടപറഞ്ഞുവെന്ന വാര്‍ത്ത പ്രദേശത്തിന് താങ്ങാനായില്ല
ഫറോക്ക്: ദിണ്ടിഗലില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്നലെ രാത്രി എട്ടരയോടെ നാലു ചേതനയറ്റ ശരീരങ്ങള്‍ ഒന്നിനുപിറകെ ഒന്നായി എത്തിയപ്പോള്‍ തേങ്ങലടക്കാനാകാതെ നാട് വിങ്ങിപ്പൊട്ടി. തങ്ങളുടെ ഉറ്റവരെ അവസാനമായി കാണാനായി നാനാദിക്കുകളില്‍ നിന്ന് നിരവധി പേരാണ് അഴിഞ്ഞലത്തേക്ക് ഒഴുകിയെത്തിയത്.
ബുധനാഴ്ച ഉച്ചയോടെ നാടിനെ നടുക്കിയ അപകട വാര്‍ത്തയറിഞ്ഞത് മുതല്‍ കുടുംബങ്ങളും നാട്ടുകാരും നിറകണ്ണുകളോടെ മൃതദേഹങ്ങള്‍ കാത്തുനില്‍ക്കുകയായിരുന്നു. നാലു പേരെയും മറവ് ചെയ്തു ആളുകള്‍ പിരിയുന്നതിന് മുന്‍പേ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന റഷീദിന്റെ ഇളയ മകന്‍ ഫായിസ് റഷീദിന്റെ മരണവാര്‍ത്ത കൂടി എത്തിയതോടെ പ്രദേശം അക്ഷരാര്‍ഥത്തില്‍ കണ്ണീര്‍ക്കടലായി.
ബുധനാഴ്ച പുലര്‍ച്ചെയാണ് തേനി-കുമളി ദേശീയപാതയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് കാറിലിടിച്ചുണ്ടായ അപകടത്തില്‍ അഴിഞ്ഞിലം സ്വദേശി അബ്ദുല്‍ റഷീദ്, ഭാര്യ റസീന, മക്കള്‍ ലാമിയ തസ്‌നിം, ബാസില്‍ റഷീദ് എന്നിവര്‍ മരിച്ചത്. നാലു പേരും സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. മൃതദേഹങ്ങള്‍ ആദ്യം തേനി അശുപത്രിയിലും പിന്നീട് ദിണ്ടിഗല്ലിലെ മെഡിക്കല്‍ കോളജിലേക്കും മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു ഏറ്റുവാങ്ങി. ദിണ്ടിഗല്ലിലെ ജുമാമസ്ജിദില്‍ മയ്യിത്ത് നിസ്‌കാരത്തിനു ശേഷം വൈകിട്ട് മൂന്നോടെയാണ് നാട്ടിലേക്കു തിരിച്ചത്. രാത്രി എട്ടരയോടെ വന്‍ ജനാവലിയുടെ ഇടയിലേക്ക് നാല് ആംബുലന്‍സുകളിലായി എത്തിയ മൃതദേഹങ്ങള്‍ വിറകൈകളോടെയാണ് നാട് ഏറ്റുവാങ്ങിയത്.
അഴിത്തിലം എ.എല്‍.പി സ്‌കൂളില്‍ പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് അഴിഞ്ഞിലം മഹല്ല് ഖാസി അബ്ദുല്‍ കരീം ദാരിമി നേതൃത്വം നല്‍കി. അഴിഞ്ഞിലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അടുത്തടുത്ത് തയാറാക്കിയ ഖബറുകളിലാണ് നാലുപേര്‍ക്കും അന്ത്യനിദ്രയൊരുക്കിയത്.
പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ടി.വി ഇബ്രാഹിം എം.എല്‍.എ, രാമനാട്ടുകര നഗരസഭാ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍, ഫറോക്ക് നഗരസഭാ ചെയര്‍പേഴ്‌സന്‍ പി. റുബീന എന്നിവര്‍ അനുശോചനവുമായെത്തി. ഇന്നലെ മരിച്ച ഫായിസിന്റെ മൃതദേഹം ഇന്നു രാത്രിയോടെ നാട്ടിലെത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."