കുട്ടനാട്ടില്‍ നല്ല മുറ കൃഷി പരിപാലന രീതി അവലംബിക്കും: മന്ത്രി
ആലപ്പുഴ : കുട്ടനാട്ടിലെ മണ്ണ് അപകടകരമായ നിലയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും പരിഹാരമെന്ന നിലയില്‍ നല്ല മുറ കൃഷി പരിപാലന രീതി ഈ വര്‍ഷം മുതല്‍ ഇവിടെ അവലംബിക്കുമെന്നും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
അമ്പലപ്പുഴ ബ്ലോക്കില്‍ നാല് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കരിനില പാടശേഖരങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കൃഷിയോഗ്യമാക്കാനുള്ള 1819 വര്‍ഷത്തെ കര്‍മ്മപദ്ധതി സമര്‍പ്പണവും പുറക്കാട് കരിനില വികസന ഏജന്‍സിയുടെ കാര്‍ഷിക സെമിനാറുംവകുപ്പിന്റെ ധനസഹായ വിതരണവും അമ്പലപ്പുഴ ടൗണ്‍ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നല്ല മുറ കൃഷിരീതി എന്നാല്‍ ശാസ്ത്രീയവും ശരിയായതുമായ വളപ്രയോഗം, കൃത്യമായ കാര്‍ഷിക കലണ്ടര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ്.
നവംബറില്‍ ആരംഭിക്കേണ്ട കൃഷി ഇപ്പോള്‍ ആരംഭിക്കുന്നത് ജനുവരിയിലാണ് . ഷട്ടറുകള്‍ തുറക്കുന്നതിന്റെ സമയക്രമം പാലിക്കാത്തത് പ്രശ്‌നത്തിന് ഇടവരുത്തുന്നുണ്ട്.
ഷട്ടറുകള്‍ തുറക്കേണ്ട സമയം ഓരോ വര്‍ഷവും കൃത്യമായി പാലിക്കപ്പെടേണ്ടതുണ്ട്. കൂടാതെ മണ്ണിലെ മൈക്രോ ന്യൂട്രിയന്റ്‌സിന്റെ കുറവ് പരിഹരിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ മൂന്നുകോടി രൂപ നീക്കിവച്ചിട്ടുണ്ട്.
കുട്ടനാടിന്റെ മണ്ണ് അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്നത് നെല്‍ക്കര്‍ഷകരെ മാത്രമല്ല ബാധിക്കുക, ആലപ്പുഴയുടെ പരിസ്ഥിതിയെ ആകമാനം ബാധിക്കുന്നതാണ്.
കരിനില കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വരിനെല്ലിന്റെ പ്രശ്‌നം, കള, കരിഞ്ഞുപോകല്‍ തുടങ്ങിയവയെ പ്രതിരോധിക്കുന്നതിനായി വരുന്ന ജൂണ്‍ മാസത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരെയും ശാസ്ത്രജ്ഞന്മാരെയും കൃഷി ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി വിപുലമായ യോഗം വിളിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കുകയാണ് യോഗത്തിന്റെ പ്രധാനലക്ഷ്യം. കുട്ടനാടിനുവേണ്ടി വിപുലമായ പദ്ധതി ആവിഷ്‌കരിക്കും.
കര്‍ഷക ഏജന്‍സികളെ കൂടുതല്‍ ശക്തിപ്പെടുത്തും. തകഴിയിലെ മില്ല് പുനരുദ്ധരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. സ്വകാര്യ മില്ലുടമകളും ഏജന്റുമാരും കര്‍ഷകരെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കില്ല. ഹാന്‍ഡ്‌ലിങ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു.
നാല് പഞ്ചായത്തുകളിലായി 3588 ഹെക്ടര്‍ വ്യാപിച്ചുകിടക്കുന്ന 44 പാടശേഖരങ്ങളാണ് പുറക്കാട് കരിനില വികസന ഏജന്‍സിയുടെ പരിധിയില്‍ വരുന്നത് .
ജില്ലാ കളക്ടര്‍ ടി.വി. അനുപമ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏജന്‍സി വൈസ് ചെയര്‍മാന്‍ പി. സുരേന്ദ്രന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അലക്‌സ് സി മാത്യു, ഡോ.കെ.ജി.പത്മകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ റഹ്മത്ത് ഹാമിദ്, അംബികാഷിബു, ജില്ലാ പഞ്ചായത്ത് അംഗം എ ആര്‍ കണ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദുബൈജു, അമ്പലപ്പുഴ സൗത്ത് ഗ്രാമപഞ്ചായത്ത് മെമ്പര്‍ രമാദേവി, വി.സി.മധു, എം. ശ്രീകുമാരന്‍ തമ്പി, എം.എച്ച്.വിജയന്‍, ജി.വിശ്വമോഹനന്‍, പി.സുപ്രമോദം, എം.എസ്.അജിത എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."